കരിപ്പൂർ വിമാനത്താവളത്തെ തരംതാഴ്ത്താൻ നീക്കം:പിന്നിൽ ഉന്നതതല ഉദ്യോഗസ്ഥരുടെ കള്ളക്കളികളോ...
കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തെ തരംതാഴ്ത്താനുള്ള നീക്കത്തിനു പിന്നിൽ നടന്നത് ഉന്നത ഉദ്യോഗസ്ഥതലത്തിലെ കള്ളക്കളികൾ. സമ്മർദങ്ങൾക്കു വഴങ്ങി തരംതാഴ്ത്താനുള്ള നീക്കം പിൻവലിച്ചെങ്കിലും വിമാനത്താവളത്തിന് ആശ്വസിക്കാനായില്ല എന്നാണ് സൂചനകൾ. ഇടത്തരം വിമാനങ്ങൾ കോഴിക്കോട്ടിറങ്ങുന്നത് വൈകിപ്പിക്കാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമായിരുന്നു വിമാനത്താവളത്തെ കാറ്റഗറി എട്ടിൽനിന്ന് ഏഴിലേക്ക് തരംതാഴ്ത്താനുള്ള നീക്കം. കാറ്റഗറി ഏഴിൽ വരുന്ന വിമാനത്താവളങ്ങളിൽ ഇടത്തരം വിമാനങ്ങൾക്ക് സർവീസിന് അപേക്ഷിക്കാനാവില്ല. ഇതോടെ കോഴിക്കോട്ടെ സർവീസിന് മുന്നിട്ടിറങ്ങിയിരിക്കുന്ന സൗദി എയർ, എത്തിഹാദ് എന്നിവയെ തടയാനാവും. ഈ തന്ത്രമാണ് എയർപോർട്ട് അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നടപ്പാക്കാൻ ശ്രമിച്ചത്. സ്വകാര്യപങ്കാളിത്തമുള്ള വിമാനത്താവളങ്ങളെ സഹായിക്കാനുള്ള ശ്രമമായിരുന്നു ഇതെന്നു കരുതുന്നു.എയർപോർട്ട് അതോറിറ്റി കേന്ദ്രകാര്യാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനാണ് സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചതെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. നേരത്തെ കോഴിക്കോട് വിമാനത്താവള ഡയറക്ടറായിരുന്ന ഈ ഉദ്യോഗസ്ഥന്റെ കാലത്താണ് വിമാനത്താവളത്തിൽ വലിയവിമാനങ്ങൾ പിൻവലിക്കണമെന്ന് ശുപാർശ എയർ ട്രാഫിക്ക് കൺട്രോൾ വിഭാഗം ഡി.ജി.സി.എക്ക് കൈമാറിയത്. റൺവേ ബലക്ഷയമാണ് ഇതിനു കാരണമായി അന്ന് ചൂണ്ടിക്കാട്ടിയത്. അന്നെടുത്ത തീരുമാനമാണ് വിമാനത്താവളത്തിന് മരണമണി മുഴക്കിയത്. പിന്നീട് ഇടത്തരം വിമാനങ്ങൾക്ക് കോഴിക്കോട് അനുയോജ്യമാണോയെന്ന് പരിശോധിക്കാൻ രാഷ്ട്രീയനീക്കത്തിനു വഴങ്ങി അതോറിറ്റി നിയോഗിച്ചതും ഇതേ ഉദ്യോഗസ്ഥനെത്തന്നെ. ഇടത്തരം വിമാനങ്ങൾക്ക് കോഴിക്കോട് അനുയോജ്യമാണെന്ന് ഒഴുക്കൻ റിപ്പോർട്ട് നൽകിയ ഇദ്ദേഹമടങ്ങുന്ന സംഘം തന്ത്രപൂർവം വിമാനക്കമ്പനികളിലേക്ക് ഭാരംതാങ്ങി രക്ഷപ്പെട്ടു. വിമാനക്കമ്പനികൾ തയ്യാറാക്കുന്ന ഓപ്പറേഷണൽ പ്രൊസീജിയറിനനുസരിച്ചേ അനുമതി നൽകൂ എന്നായിരുന്നു നിർദേശം. ഇതുപ്രകാരം സൗദി എയർലൈൻസും എയർ ഇന്ത്യയും ആവശ്യപ്പെട്ട രേഖകൾ നൽകിയെങ്കിലും മാസങ്ങളോളം ഇത് വെളിച്ചംകാണാതെ അതോറിറ്റിയിൽ വിശ്രമിച്ചു. വീണ്ടും സമ്മർദം മുറുകിയപ്പോഴാണ് ഇതു മാറ്റി പുതിയരേഖ സമർപ്പിക്കാൻ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിനിടയിലാണ് ഇതേ ഉദ്യോഗസ്ഥരുടെ നിർേദശപ്രകാരം വിമാനത്താവളത്തെ തരംതാഴ്ത്തണമെന്നാവശ്യപ്പെട്ട് കോഴിക്കോട് വിമാനത്താവള ഡയറക്ടർ കത്തുനൽകുന്നത്. ഈ കത്ത് പിടിവള്ളിയാക്കിയാണ് വിമാനത്താവളത്തെ തരംതാഴ്ത്തിക്കൊണ്ടുള്ള ഉത്തരവിറങ്ങിയത്. അഗ്നിശമന സേനയെയാണ് ഇതിലൂടെ ലക്ഷ്യവെച്ചതെന്ന് അതോറിറ്റി ആവർത്തിക്കുന്നുവെങ്കിലും പിന്നണിയിൽ നടക്കുന്ന കാര്യങ്ങൾ ആശങ്ക ഉണ്ടാക്കുന്നവയാണ്.

Post a Comment

0 Comments