തലക്കുളത്തൂരിനെ പിടിച്ചുലച്ച് മഞ്ഞപ്പിത്തംകോഴിക്കോട്:തലക്കുളത്തൂര്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം ദിനേന വര്‍ധിക്കുന്നു. ഇന്നലെ നാലുപേര്‍ക്ക് കൂടി മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തതോടെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 136 ആയി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഏഴ് സ്‌ക്വാഡുകളില്‍ പതിനഞ്ച് സംഘങ്ങളായി തിരിഞ്ഞ് വീടുകളിലെത്തി ബോധവല്‍കരണം തുടരുകയാണ്. പൊതുകിണറുകള്‍ ഉള്‍പ്പെടെ ക്ലോറിനേഷനും മലിനജലം കെട്ടിക്കിടക്കുന്നത് ഒഴുക്കിക്കളയുന്ന നടപടിയും പുരോഗമിക്കുന്നുണ്ട്. ഇന്നലെ 285 വീടുകളില്‍ സന്ദര്‍ശനം നടത്തുകയും 175 കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുകയും ചെയ്തു.
അന്നശ്ശേരിയിലും കച്ചേരിയിലുമായി രണ്ട് ക്ലാസുകള്‍ നടത്തി. കഴിഞ്ഞദിവസം സംഘടിപ്പിച്ച മൂന്നാംവട്ട രോഗനിര്‍ണയ ക്യാംപില്‍ എണ്ണൂറിലധികം പേര്‍ പങ്കെടുത്തു. 300 ലഘുലേഖകള്‍ വിതരണം ചെയ്യുകയും എട്ടോളം ഹോട്ടലുകള്‍, ചായക്കട, ബേക്കറി എന്നിവിടങ്ങളില്‍ ശുചിത്വ പരിശോധന നടത്തി. പ്രദേശത്തെ ഒരു ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്ത ശീതളപാനീയം കുടിച്ചവര്‍ക്കാണ് മഞ്ഞപ്പിത്ത ബാധയുണ്ടായതെന്നാണ് ആരോഗ്യവകുപ്പ് സ്ഥിരീകരണം. കഴിഞ്ഞമാസം 12നായിരുന്നു ഗൃഹപ്രവേശം. 45 ദിവസം വരെ രോഗം പ്രകടമാകാന്‍ സാധ്യതയുള്ളതിനാല്‍ എണ്ണം ഇനിയും കൂടാനാണ് സാധ്യത. ഈ മാസാവസാനം വരെ ഇതിനുള്ള സാധ്യതയുള്ളതിനാല്‍ ഈ സമയം വരെ ജാഗ്രത പാലിക്കണമെന്ന് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ.ബേബിപ്രീത പറഞ്ഞു. കൂടാതെ ശീതള പാനീയത്തിനുപയോഗിക്കാന്‍ വേണ്ടി കൊണ്ടുവന്ന ഐസ് വാങ്ങിയ പ്ലാന്റിന്റെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവച്ചു. ആരോഗ്യ വകുപ്പിന്റെ ടാസ്‌ക്‌ഫോഴ്‌സ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. കൂടാതെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഒ.പി സമയം വൈകിട്ട് ആറുവരെ നീട്ടിയിട്ടുണ്ട്.

Post a Comment

0 Comments