കെഎസ്ആർടിസി ഇലക്ട്രിക്ക് ബസിന്റെ ജില്ലയിലെ പരീക്ഷണ ഓട്ടം ആരംഭിച്ചു

കെഎസ്ആർടിസി ഇലക്ട്രിക്ക് ബസിന്റെ ജില്ലയിലെ പരീക്ഷണ ഓട്ടത്തിന്റെ ഫ്ലാഗ് ഓഫ് കർമം കെഎസ്ആർടിസി ഡിപ്പോയിൽ മന്ത്രി എ.കെ. ശശീന്ദ്രൻ നിർവ്വഹിക്കുന്നു

കോഴിക്കോട്:സംസ്ഥാനത്തെ ആദ്യത്തെ ഇലക്ട്രിക്ക് ബസിന്റെ കോഴിക്കോട്ടെ പരീക്ഷണ ഓട്ടം ആരംഭിച്ചു. ഇനി അഞ്ച് നാൾ ഈ ബസ് കോഴിക്കോട്ടെ റോഡുകളിലുണ്ടാകും. തിരുവനന്തപുരത്തെയും എറണാകുളത്തെയും അഞ്ച് ദിവസം വീതമുള്ള പരീക്ഷണ ഓട്ടം വിജയകരമായി നടത്തിയ ശേഷമാണ് കെഎസ്ആർടിസിയുടെ ആദ്യ വൈദ്യുതി ബസിന്റെ പരീക്ഷണ ഓട്ടം ഇന്ന് രാവിലെ 7.15നു മാവൂർറോഡിലെ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നാരംഭിക്കുന്നത്.  മന്ത്രി എ.കെ. ശശീന്ദ്രൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. എ. പ്രദീപ്കുമാർ MLA ആധ്യക്ഷ്യം വഹിച്ചു. ചടങ്ങിൽ MLA വി.കെ.സി മമ്മദ് കോയ പങ്കെടുത്തു. ബസിന്റെ ആദ്യത്തെ സർവീസ് ബേപ്പൂരേക്കാണ്. ഇന്ന് മുതൽ അഞ്ച് ദിവസവും രാവിലെ 7.15 മുതൽ രാത്രി 10:30 വരെ ഈ വൈദ്യുതി ബസ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കായി സർവീസ് നടത്തും. കെഎസ്ആർടിസിയുടെ എസി ലോ ഫ്ലോർ ബസിന്റെ നിരക്കാണ് വൈദ്യുതി ബസിനും ഈടാക്കുക. മിനിമം ചാർജ് 20 രൂപയായിരിക്കും.

ചൈനീസ് വാഹന നിർമാതാക്കളായ ബിവൈഡി നിർമിച്ച കെ– ഒൻപത് സീരീസ് ബസാണ് പരീക്ഷണ സർവീസ് നടത്തുന്നത്. ഹൈദരാബാദിലെ ഗോൾഡ്സ്റ്റോൺ ഇൻഫ്രാടെക് ആണ് സൗജന്യമായി ബസ് എത്തിച്ചത്. 35 സീറ്റുകളാണ് ബസിലുള്ളത്. അഞ്ച് മണിക്കൂർ ചാർജ് ചെയ്താൽ 250 കിലോമീറ്റർ ഓടും. വൈദ്യുതി ബസിനു ഒരു കിലോമീറ്റർ ഓടാൻ ഒരു യൂണിറ്റ് വൈദ്യുതി മതി. ഒരു യൂണിറ്റ് വൈദ്യുതിക്കുള്ള വ്യാവസായിക നിരക്ക് ആറ് രൂപയാണ്. ഡീസൽ എസി ബസിന്റെ ശരാശരി മൈലേജ് നാല് കിലോമീറ്ററാണ്. അതുപ്രകാരം ഒരു കിലോമീറ്ററിനു ഇന്ധനചെലവ് ശരാശരി 18 രൂപയാണ്. വൈദ്യുതി ബസ് ഓടുമ്പോൾ കിലോമീറ്ററിനു ശരാശരി 12 രൂപ ഇന്ധനചെലവിൽ ലാഭിക്കാനാകും. മണിക്കൂറിൽ പരമാവധി വേഗം 96 കിലോ മീറ്ററാണ്. മുന്നിലും പിന്നിലും എയർ സസ്പെൻഷൻ ഉള്ളതിനാൽ കുലുക്കമില്ലാത്ത യാത്രയാണ് ഈ ബസ് ഉറപ്പുനൽകുന്നത്. പുകയോ ശബ്ദമലിനീകരണമോ ഉണ്ടാകില്ല. നാവിഗേഷൻ, വൈഫൈ, സിസിടിവി ക്യാമറ സൗകര്യങ്ങളുമുണ്ട്. ചക്രങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോറുകളുപയോഗിച്ചാണ് ബസ് ഓടുന്നത്. രണ്ടര കോടി രൂപയാണ് ബസിന്റെ വില. ഇതിൽ കേന്ദ്രസർക്കാർ ഒരു കോടി രൂപ വരെ സബ്സിഡി നൽകും. എന്നിരുന്നാലും മതിപ്പ് വില ഒന്നര കോടി രൂപയാകും.



ജില്ലയിലെ സർവ്വീസിന്റെ റൂട്ടുകളും സമയക്രമവും 

Post a Comment

0 Comments