കോരപ്പുഴയിലെ പുതിയ പാലം; ടെൻഡർ 26-ന് തുറക്കും



കോഴിക്കോട്: കോരപ്പുഴയിൽ പുതിയപാലം നിർമിക്കുന്നതിനുളള ടെൻഡർ 26-ന് തുറക്കും. 26 കോടിയാണ് എസ്റ്റിമേറ്റ് തുക. 12 മീറ്ററിലാണ് പാലം പണിയുക. ഇതിൽ 7.5 മീറ്ററാണ് വാഹനങ്ങൾക്ക് കടന്നുപോവാനുള്ള മാർഗം. ഒന്നര മീറ്ററിൽ ഇരുഭാഗത്തും നടപ്പാതയുണ്ടാവും. പഴയ പാലത്തിന്റെ അതേ മാതൃകയിൽ ആർച്ച് രൂപത്തിൽ തന്നെയാണ് പണിയുന്നതെന്ന് ദേശീയപാതാ അസിസ്റ്റൻ് എക്സിക്യുട്ടീവ് എൻജിനീയർ പി.ബി. ബൈജു പറഞ്ഞു. ഇപ്പോഴത്തെ പാലത്തിന്റെ 5.5 മീറ്റർ വീതിയേയുള്ളൂ. അതിനാൽതന്നെ ഒരുഭാഗത്തേക്ക് മാത്രമേ വാഹനങ്ങൾക്ക് കടന്നുപോവാൻ കഴിയുകയുള്ളൂ. ഇത് ഗതാഗതക്കുരുക്കുണ്ടാക്കുന്നുണ്ട്. ഈ പ്രശ്നം കൂടെ പുതിയപാലം വരുന്നതോടെ പരിഹരിക്കപ്പെടും. 22-നാണ് ടെൻഡർ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. ഓണം കഴിയുന്നതോടെ നിർമാണം തുടങ്ങാനാണ് ആലോചന. രണ്ട് കൊല്ലമാണ് നിർമാണക്കാലാവധി. ആർച്ച് കൂടെ നിർമിക്കുന്നതുകൊണ്ടാണ് രണ്ട് വർഷമെടുക്കുന്നത്. പൊതുമരാമത്ത് വകുപ്പ് ഡിസൈൻ വിങ്ങാണ് രൂപകല്പന തയ്യാറാക്കിയത്. ദേശീയപാതാ വിഭാഗത്തിനാണ് നിർമാണച്ചുമതല.
പുതിയ പാലം നിർമിക്കുന്നതിന്റെ ടെൻഡർ നോട്ടീസ്

1940-ൽ ബ്രിട്ടീഷുകാർ പണിതതാണ് കോരപ്പുഴപ്പാലം. പാലത്തിന്റെ പലഭാഗത്തും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആർച്ചുകളെ ബന്ധിപ്പിക്കുന്ന ബീമുകൾക്ക് വിള്ളൽപറ്റിയിട്ടുണ്ട്. അതുകൊണ്ട് ഇപ്പോഴത്തെ വാഹനത്തിരക്ക് താങ്ങാനുള്ള ശേഷി നിലവിലുള്ള പാലത്തിനില്ല. പാലത്തിന്റെ ഗ്യാരന്റി കാലാവധി കഴിഞ്ഞതിനാൽ അറ്റകുറ്റപ്പണി നടത്തിയിട്ട് പ്രയോജനമില്ല. അതുകൊണ്ടാണ് പൊളിച്ചുപണിയാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത്. പൊളിക്കുമ്പോൾ സിമന്റും കമ്പിയുമുൾപ്പെടെയുള്ള അവശിഷ്ടങ്ങൾ വീണ് പുഴ മലിനമാവാതിരിക്കാൻ പാലം മുറിച്ചെടുത്ത് ക്രെയിനുപയോഗിച്ച് നീക്കുകയാണ്‌ ചെയ്യുന്നത്. നിലവിൽ വെങ്ങളത്തുനിന്ന് ദേശീയപാത ബൈപ്പാസുള്ളതിനാൽ പാലം പൊളിച്ചു മാറ്റുന്നതോടെയുള്ള ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയും.

Post a Comment

0 Comments