ടെൻഡർ തുറന്നാൽ കോരപ്പുഴക്ക് പുതിയ പാലം



കോഴിക്കോട്:ദേശീയപാത 66-ൽ രൂക്ഷമായ ഗതാഗതക്കുരുക്കിനു കാരണമായ കോരപ്പുഴ പാലം പൊളിച്ചുപണിയുന്ന പ്രവൃത്തി ടെൻഡർ ചെയ്തു. ഒന്നരമാസത്തിനുള്ളിൽ കരാറുകാരനെ പ്രവൃത്തി ഏൽപ്പിക്കുകയാണ് പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗത്തിന്റെ ലക്ഷ്യം. കിഫ്ബിയിൽനിന്ന് 25 കോടി രൂപ അനുവദിച്ച പദ്ധതിക്ക് കഴിഞ്ഞയാഴ്ച സാങ്കേതിക അനുമതിയും ലഭിച്ചതോടെയാണ് ടെൻഡർ നടപടികളിലേക്കു കടന്നത്.


പൊതുമരാമത്ത് ഡിസൈൻ വിങ്ങിന്റെ രൂപകൽപനയിൽ  ദേശീയപാതാ വിഭാഗംതന്നെയാണ് വിശദമായ പദ്ധതി രേഖ തയാറാക്കിയിരിക്കുന്നത്.നിലവിലുള്ള പാലത്തിന്റെ അതേമാതൃകയിലാണ് പുതിയ പാലവും നിർമിക്കുക. കിഫ്ബിയിൽനിന്ന് തുക അനുവദിക്കുന്ന പദ്ധതിയായതിനാൽ റോഡ് ഫണ്ട് ബോർഡിനെ പദ്ധതിയുടെ  പ്രത്യേക ദൗത്യ സംവിധാനമായും (എസ്പിവി) നിശ്ചയിച്ചിട്ടുണ്ട്.  22 വരെ ക്വൊട്ടേഷൻ സമർപ്പിക്കാം. 26ന് ടെൻഡർ തുറക്കും.

പാലത്തിലെ ആർച്ചുകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള ബീം പൊട്ടിയനിലയിൽ

1940ൽ ബ്രിട്ടിഷുകാർ നിർമിച്ച പാലം പൊളിച്ചുപണിയണമെന്നത് ദീർഘകാലമായുള്ള ആവശ്യമാണ്. അറ്റകുറ്റപ്പണിക്കായി ഇതിനകം ലക്ഷക്കണക്കിനുരൂപ ചെലവഴിച്ചിട്ടുമുണ്ട്.ഇപ്പോഴും പാലത്തിന്റെ പലഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. ഇരുവശത്തെയും ആർച്ചുകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടു പാലത്തിനുകുറുകെയുള്ള ബീമുകൾക്ക് സാരമായ വിള്ളലുണ്ട്. പാലത്തിന്റെ ഉപരിതലത്തിലെ കോൺക്രീറ്റും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. അഞ്ചരമീറ്റർ മാത്രം വീതിയുള്ള നിലവിലെ പാലത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു.

എന്നാൽ  കോരപ്പുഴയ്ക്കു കുറുകെ പുതിയപാലമടക്കം ദേശീയപാതാ ബൈപാസ് വന്നതോടെ പഴയപാലത്തിലെ കുരുക്കിന് ആശ്വാസമായിട്ടുണ്ട്. എങ്കിലും 40 വർഷം കാലാവധി പറയുന്ന പാലം 78 വർഷം പിന്നിട്ടതോടെയാണ് പൊളിച്ചു പുതിയതു പണിയുന്നത്. പാലം പൊളിക്കുന്ന തടക്കമാണ് ടെൻഡർ നൽകുന്നത്. പുതിയ പാലം നിർമിക്കുന്ന സമയം ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിക്കും. കോഴിക്കോട്ടുനിന്ന് കൊയിലാണ്ടിക്കുള്ള വാഹനങ്ങൾ  പാവങ്ങാട്ടുനിന്ന് പൂളാടിക്കുന്ന് ജംക്‌ഷൻ വഴി ബൈപാസിൽ കയറി  വെങ്ങളത്തെത്തേണ്ടിവരും.

പുതിയപാലത്തിൽ റോഡ് ഏഴുമീറ്ററിൽ. ഇരുവശത്തും ഓരോ മീറ്റർ വീതമുള്ള നടപ്പാത 32 മീറ്റർ വരുന്ന ഏഴുസ്പാനുകൾ, മൊത്തം എട്ടുതൂണുകൾ. പ്രതീക്ഷിക്കുന്ന നിർമാണ കാലാവധി 18 മാസം പാലത്തിന്റെ നിലവിലുള്ള മാതൃകയിൽത്തന്നെ രൂപകൽപന. രൂപകൽപന പിഡബ്ല്യുഡി ഡിസൈൻ വിങ്ങിന്റേത്.ഡിപിആർ തയാറാക്കിയത് പിഡബ്ല്യുഡി എൻഎച്ച് വിഭാഗം

പഴയപാലം ചെറിയ ഭാഗങ്ങളാക്കി അറുത്തുനീക്കാനാണ് തീരുമാനം. പുതിയ പാലം നിർമിക്കുന്ന കരാറുകാരൻ തന്നെയാണ് നിലവിലുള്ള പാലം പൊളിക്കുന്നതും. പുഴയ്ക്കോ പരിസ്ഥിതിക്കോ ഒരുതരത്തിലുള്ള കോട്ടവും ഉണ്ടാകാത്ത രീതിയിലായിരിക്കും ഇതു നടപ്പാക്കുന്നത്. പൊടിപോലും പുഴയിൽ വീഴാത്തവിധമായിരിക്കും പാലം പൊളിക്കുന്നതെന്നും അധികൃതർ അറിയിച്ചു.

Post a Comment

0 Comments