കൊയിലാണ്ടി താലൂക്ക് ആശുപത്രി കെട്ടിടം ഉദ്ഘാടനം നീളുന്നു



കോഴിക്കോട്:കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കായി നിർമിച്ച ബഹുനില കെട്ടിടം രോഗികൾക്കായി തുറന്നു കൊടുക്കുന്നത് അനന്തമായി നീളുകയാണ്. ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ മാർച്ചിൽ കെട്ടിടം തുറന്നു കൊടുക്കുമെന്ന് ബന്ധപ്പെട്ടവർ പ്രഖ്യാപിച്ചിരുന്നവെങ്കിലും നടന്നില്ല. പിന്നീട് ആശുപത്രി സന്ദർശിച്ച ആരോഗ്യ മന്ത്രി ഏപ്രലിൽ ഉദ്ഘാടനം നടത്തുമെന്ന് പ്രഖ്യാപിച്ചതും പാഴ്‌വാക്കായി. ഒടുവിൽ മേയ് 27ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അറിയിച്ചത്. പലകാരണങ്ങളാൽ മൂന്നാം തവണയും കെട്ടിടം തുറന്നു കൊടുക്കാൻ സാധിച്ചില്ല. കഴിഞ്ഞ ‌‌യുഡിഎഫ് സർക്കാറിന്റെ കാലത്താണ് ആറു നിലക്കെട്ടിടം പണിതത്. കെട്ടിടത്തിൽ ലിഫ്റ്റ് സ്ഥാപിക്കലും വയറിങ് പ്രവൃത്തിയുമാണ് ശേഷിച്ചിരുന്നത്. രണ്ട് വർഷം എടുത്തിട്ടും ഈ പ്രവൃത്തികൾ പൂർത്തിയായിട്ടില്ല. പൊതുമരാമത്ത് വകുപ്പിന്റെ ഏകോപനമില്ലാത്തതാണ് പ്രവൃത്തികൾ നീളാൻ കാരണം. ഇലക്ട്രിക്കൽ വിഭാഗം നടത്തുന്ന പണികൾ ഇഴഞ്ഞുനീങ്ങുകയാണ്.

അഗ്നി സുരക്ഷാ സംവിധാനം പൂർത്തിയാകാത്തത് വൈദ്യുതി കണക്‌ഷൻ ലഭിക്കാൻ തടസ്സമായി. ആശുപത്രിയിൽ ട്രാൻസ്ഫോമർ സ്ഥാപിക്കുന്ന പ്രവൃത്തിയും നടന്നിട്ടില്ല. നിലവിലുള്ള കെട്ടിടങ്ങളിലെ സ്ഥലപരിമിതി കാരണം രോഗികളും ഡോക്ടർമാരും ജീവനക്കാരും വലയുന്ന സ്ഥിതിയാണ്. പ്രതിദിനം 2500 മുതൽ 3000 രോഗികൾ താലൂക്ക് ആശുപത്രി ഒപിയിൽ എത്തുന്നുണ്ട്. പുതിയ കെട്ടിടത്തിൽ വിപുലമായ സൗകര്യങ്ങളാണുള്ളത്. താഴത്തെ നിലയിൽ ഓർത്തോ, നേത്ര വിഭാഗം, എക്സ്റേ മുറി, സ്റ്റോർ, അത്യാഹിത വിഭാഗം, ഇലക്ട്രിക് റൂം, ഒന്നാം നിലയിൽ അനസ്തീസിയ, ഓപറേഷൻ തിയറ്ററുകൾ, നിരീക്ഷണ വാർഡുകൾ, മെഡിക്കൽ സ്റ്റോർ, രണ്ടാം നിലയിൽ റെക്കോർഡ്റൂം, നഴ്സുമാരുടെ മുറി, ഐസിയു, ഡ്യൂട്ടി ഡോക്ടറുടെ മുറി, മൂന്നും നാലും നിലകളിൽ നഴ്സുമാരുടെ മുറി, പുരുഷൻമാരുടെ വാർഡ്, ഡ്യൂട്ടി ഡോക്ടറുടെ മുറി, അഞ്ചാം നിലയിൽ സ്ത്രീകളുടെ വാർഡ്, നഴ്സുമാരുടെ മുറികൾ, ആറാം നിലയിൽ ലിഫ്റ്റ് നിയന്ത്രണ മുറി, ജലസംഭരണി എന്നിവയാണ് സജ്ജീകരിക്കുക. എല്ലാ നിലകളിലും ശുചിമുറികളും ഉണ്ടാകും.

Post a Comment

0 Comments