NH 212 കോഴിക്കോട്-കൊല്ലകൽ പാത: പെട്ടിക്കടകൾ ഒഴിപ്പിക്കുന്നതിനുള്ള സ്​റ്റേ നീട്ടി



കോഴിക്കോട്: ദേശീയപാത 212-ൽ കുന്ദമംഗലം മുതൽ വയനാട് ചുണ്ടേൽ വരെയുള്ള ഭാഗത്തെ പെട്ടിക്കടകൾ ഒഴിപ്പിക്കാനുള്ള സ്റ്റേ ഹൈകോടതി നീട്ടി. നേരേത്ത ഇടക്കാല ഉത്തരവിലൂടെ അനുവദിച്ച ഒരാഴ്ചക്കുപുറമെ മൂന്നാഴ്ചകൂടി സ്റ്റേ അനുവദിക്കുകയായിരുന്നു. വയനാട് ചുണ്ടേൽ സ്വദേശി വി. പ്രഭാകരൻ ഉൾപ്പെടെ അഞ്ചുപേർ നൽകിയ ഹരജിയിലാണ് ഉത്തരവ്. 18 വർഷത്തോളമായി പാതയോരത്ത് പെട്ടിക്കട നടത്തിവരുന്നവരാണ് ഹരജിക്കാർ. മൂന്നുദിവസത്തിനുള്ളിൽ ഒഴിയണമെന്നാവശ്യപ്പെട്ട് മേയ് അഞ്ചിന് ദേശീയപാത അതോറിറ്റി ഇവർക്ക് നോട്ടീസ് നൽകി. ഇതിനെതിരെ അധികൃതർക്ക് നിവേദനം നൽകാൻപോലും സമയം നൽകാതെ അധികൃതർ കടകൾ പൊളിക്കാൻ തുടങ്ങിയെന്നും കടകളിലെ വിലപിടിപ്പുള്ള സാധനങ്ങൾ മാറ്റാൻ സമയം നൽകിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടിക്കെതിരെ ഹരജിക്കാർ കോടതിയെ സമീപിച്ചത്. പാത വികസനത്തിന് എതിരല്ലെന്നും കടകൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനും ബദൽ സംവിധാനമുണ്ടാക്കാനും സമയം നൽകാതെ ധിറുതിയിൽ കടകൾ പൊളിച്ചുനീക്കുന്നതിനെയാണ് എതിർക്കുന്നതെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. തുടർന്ന് മെയ് 29ന് ഹരജി പരിഗണിച്ച കോടതി ഒരാഴ്ചത്തേക്ക് കടകൾ പൊളിക്കുന്നത് തടഞ്ഞിരുന്നു. ഇൗ ഉത്തരവാണ് മൂന്നാഴ്ചത്തേക്കുകൂടി നീട്ടിയത്.

Post a Comment

0 Comments