കോഴിക്കോട‌്:നിപ്പാ വൈറസ‌് പടരുന്നത‌് തടയാന്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോഴും ജപ്പാനില്‍നിന്നും ഓസ‌്ട്രേലിയയില്‍ നിന്നുമുള്ള മരുന്നില്‍ പ്രതീക്ഷയര്‍പ്പിച്ച‌് കേരളം. നിപ്പാ വൈറസിന‌് മരുന്നുകള്‍ ലഭ്യമല്ലെങ്കിലും ഓസ‌്ട്രേലിയയില്‍ നിന്നുള്ള ഹ്യൂമണ്‍ മോണോക്ലോണല്‍ ആന്റിബോഡി എം 102.4 ഏറെക്കുറെ ഫലപ്രദമാണെന്ന‌് കണ്ടെത്തിയിട്ടുണ്ട‌്. ഇതാണ‌് കോഴിക്കോട്ടേക്ക‌് എത്തുന്നത‌്. ലോകാരോഗ്യ സംഘടനയുടേതടക്കം പലവിധ അനുമതികള്‍ക്കുശേഷം മരുന്നിന്റെ 50 ഡോസാണ‌് കോഴിക്കോട്ടെത്തുന്നത‌്. ഒരു രോഗിക്ക‌് മൂന്ന‌് ഡോസാണ‌് നിര്‍ദേശിക്കുന്നത‌്. മരുന്ന‌് കേരളത്തില്‍ എത്തിക്കുന്നതിന‌് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ‌് മെഡിക്കല്‍ റിസര്‍ച്ച‌് (ഐസിഎംആര്‍) അനുമതി നല്‍കി.
നിപായുടെ വീര്യം കെടുത്താന്‍ പര്യാപ‌്തമായ മരുന്നായാണ‌് മോണോക്ലോണല്‍ ആന്റിബോഡിയെയും ഫാവിപിറാവിറിനെയും ശാസ‌്ത്രലോകം കാണുന്നത‌്. വണ്ടര്‍ ഡ്രഗ‌് എന്നാണ‌് മോണോക്ലോണല്‍ അറിയപ്പെടുന്നത‌്. ഒാസ‌്ട്രേലിയയിലെ ഡോ. ക്രിസ‌്റ്റഫര്‍ സി ബോര്‍ഡറാണ‌് മരുന്ന‌് കണ്ടുപിടിച്ചത‌്. ഒാസ‌്ട്രേലിയയില്‍ 13 പേരിലും അമേരിക്കയില്‍ ഒരാള്‍ക്കും ഇൗ മരുന്ന‌് ഫലപ്രദമായി പരീക്ഷിച്ചിരുന്നു. ജപ്പാനിലെ ടൊയാമ കെമിക്കല്‍സ‌് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ഫാവിപിറാവിര്‍ എന്ന മരുന്നും പരിഗണനയിലുണ്ട‌്. ഫാവിപിറാവിര്‍ ദിവസം രണ്ടുനേരം മരുന്നുരൂപത്തിലോ ഇഞ്ചക്ഷനായോ 14 ദിവസം ശരീരത്തിലെത്തിയാല്‍ രോഗശമനമുണ്ടാകുമെന്നാണ‌് പഠനങ്ങള്‍ തെളിയിക്കുന്നത‌്. എലിവര്‍ഗത്തില്‍പെട്ട ജന്തുക്കളില്‍ നടത്തിയ പരീക്ഷണത്തില്‍ നിപ്പാ വൈറസിനെ ചെറുക്കാന്‍ ഫാവിപിറാവിര്‍ പര്യാപ‌്തമാണെന്ന‌് കണ്ടെത്തിയിട്ടുണ്ട‌്. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച‌് മരുന്ന‌് നിര്‍മാണത്തിനുള്ള ചുവടുവയ‌്പ‌് നടത്തുന്നതായി ആരോഗ്യ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ‌് സദാനന്ദന്‍ വ്യക്തമാക്കിയിരുന്നു.
0 Comments