നിപ: കുടുംബത്തെ അപകീർത്തിപ്പെടുത്തിയെന്ന്​​; ജന്മഭൂമി പത്രത്തിനെതിരെ കേസെടുത്തു

മെയ് 25-ന് ജന്മഭൂമിയിൽ പ്രസിദ്ധീകരിച്ച വാർത്ത


കോഴിക്കോട്: നിപ വൈറസ് ബാധയെ തുടർന്ന് നാലുപേർ മരിച്ച കുടുംബത്തെ അപകീർത്തിപ്പെടുത്തുന്ന വാർത്ത പ്രസിദ്ധീകരിച്ച സംഭവത്തിൽ ജന്മഭൂമി പത്രത്തിനെതിരെ കേസെടുത്തു. കോടതി നിർദേശപ്രകാരം പെരുവണ്ണാമൂഴി പോലീസാണ് കേസെടുത്തത്. വാർത്ത എഴുതിയ റിപ്പോർട്ടർ, ചീഫ് എഡിറ്റർ എന്നിവരെ പ്രതികളാക്കിയാണ് കേസ്. സൂപ്പിക്കട വളച്ചുകെട്ടി മറിയം റൂറൽ എസ്.പിക്ക് നൽകിയ പരാതിയാണ് കേസിന്നാധാരം. ഇവരുടെ ഭർത്താവ് മൂസ മുസ്ലിയാരും മക്കളായ സാബിത്തും സ്വാലിഹും ഭർതൃ സഹോദര പത്നിയും നിപ വൈറസ് ബാധയേറ്റ് മരിച്ചിരുന്നു. ആദ്യമായി മരിച്ചത് സാബിത്താണ്. തുടർ മരണങ്ങൾ സംഭവിക്കുകയും നിപയുടെ ഉറവിടത്തെ കുറിച്ചുള്ള അന്വേഷണം നടക്കുകയും ചെയ്യുന്നതിനിടെയാണ് മേയ് 25 നും 26നും പത്രത്തിൽ സാബിത്ത് മലേഷ്യയിൽ പോയതായി സംശയിക്കുന്നതായും നിപ അവിടെനിന്ന് പകർന്നതായിരിക്കാം എന്നതരത്തിലുള്ള വാർത്ത പ്രസിദ്ധീകരിച്ചത്. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുകയും സാബിത്തി​െൻറ യാത്രാരേഖകൾ പരിശോധിച്ച് മലേഷ്യ യാത്ര നടത്തിയിട്ടില്ലെന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു. അടിസ്ഥാനമില്ലാത്ത വാർത്ത നൽകി തന്നെയും കുടുംബത്തേയും സമൂഹത്തിൽ അപകീർത്തിപ്പെടുത്തിയെന്ന് കാണിച്ചാണ് മറിയം റൂറൽ എസ്.പിക്ക് പരാതി നൽകിയത്. എസ്.പി ഈ പരാതി പെരുവണ്ണാമൂഴി പൊലീസിന് കൈമാറുകയും തുടർന്ന് പെരുവണ്ണാമൂഴി പൊലീസ് പരാതി പേരാമ്പ്ര കോടതി മുമ്പാകെ സമർപ്പിക്കുകയും കോടതിയുടെ അനുമതിയോടെ കേസെടുക്കുകയുമായിരുന്നു.

മെയ് 26-ന് ജന്മഭൂമിയിൽ പ്രസിദ്ധീകരിച്ച വാർത്ത

Post a Comment

0 Comments