തിരുവനന്തപുരം: വീണ്ടും കേരളത്തിലേക്ക് വിഷം കലര്‍ത്തിയ മീന്‍. വാളയാറില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ ആറായിരം കിലോ ഫോര്‍മാലിന്‍ കലര്‍ന്ന ചെമ്മീനാണ് പിടികൂടിയത്. ആന്ധ്രയില്‍നിന്ന് അരൂരിലെ ഫാക്ടറിയിലേക്ക് കൊണ്ടുവന്നതാണ് ചെമ്മിന്‍. കഴിഞ്ഞ ദിവസം സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ മൂന്നാം ഘട്ടത്തില്‍ കണ്ടെത്തിയ മാരകമായ ഫോര്‍മാലിന്‍ കലര്‍ന്നതും ഉപയോഗ ശൂന്യവുമായ 12,000 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തിരുന്നു. തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 6,000 കിലോഗ്രാം മല്‍സ്യത്തില്‍ ഫോര്‍മാലിന്‍ മാരകമായ അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയത്. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ പേപ്പര്‍ സ്ട്രിപ്പ് ഉയോഗിച്ചാണ് പ്രാഥമിക പരിശോധന നടത്തിയത്.
തുടര്‍ന്ന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ ലാബില്‍ നടത്തിയ വിശദമായ പരിശോധനയില്‍ ഒരു കിലോ മത്സ്യത്തില്‍ 63 മില്ലിഗ്രാം ഫോര്‍മാലിന്‍ കണ്ടെത്തിയിരുന്നു. അമരവിളയില്‍ നിന്നും പിടിച്ചെടുത്ത മത്സ്യം കൂടുതല്‍ പരിശോധനയ്ക്ക് ശേഷം നശിപ്പിച്ച് കളയുന്നതാണ്. പാലക്കാട് വാളയാറില്‍ നിന്നും പിടിച്ചെടുത്ത 6,000 കിലോഗ്രാം മത്സ്യം ഭക്ഷ്യയോഗ്യമല്ലാത്തതിനാല്‍ തിരിച്ചയച്ചു. കൂടുതല്‍ പരിശോധനയ്ക്ക് ശേഷം ഇവര്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമ പ്രകാരമുള്ള നടപടി സ്വീകരിക്കുന്നതാണ് എന്ന് അധികൃതര്‍ അറിയിച്ചു.മത്സ്യങ്ങള്‍ കേടുകൂടാതെ കൂടുതല്‍ കാലം സൂക്ഷിക്കുന്നതിനായി വിവിധതരം രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍പ്പന നടത്തുന്ന പ്രവണത തടയുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ സര്‍ക്കാര്‍ ഓപ്പറേഷന്‍ സാഗര്‍റാണി എന്ന പേരില്‍ ഒരു പുതിയ പദ്ധതി ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി. മൂന്ന് ഘട്ടമായാണ് ഓപ്പറേഷന്‍ സാഗര്‍ റാണി നടപ്പിലാക്കുന്നത്. മത്സ്യബന്ധന തൊഴിലാളികള്‍, ഫിഷ് മര്‍ച്ചന്റ് അസോസിയേഷന്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് രാസവസ്തു പ്രയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെപ്പറ്റി ബോധവത്കരണം നടത്തുകയാണ് ആദ്യഘട്ടത്തില്‍ ചെയ്തത്. റസിഡന്റ്‌സ് അസോസിയേഷന്‍, കുടുംബശ്രീ എന്നിവരുടെ സഹായത്താല്‍ മത്സ്യ ഉപഭോതാക്കള്‍ക്കും ഇത് സംബന്ധിച്ച് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. മത്സ്യബന്ധന വിതരണ കേന്ദ്രങ്ങള്‍ പരിശോധിച്ച് മത്സ്യം, ഐസ്, വെള്ളം എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ച് അവയുടെ കെമിക്കല്‍, മൈക്രോബയോളജി പരിശോധനകളിലൂടെ വിവരശേഖരണം നടത്തുകയാണ് രണ്ടാം ഘട്ടത്തില്‍ ചെയ്തത്. ഇതില്‍ കണ്ടെത്തിയ ഗുരുതരമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ കര്‍ശനമായ നിര്‍ദേശത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. വിവിധ വിഭാഗങ്ങളുടെ സഹകരണത്തോടെ റെയ്ഡ് നടത്തി നശിപ്പിക്കുകയും നടപടിയെടുക്കുകയുമാണ് മൂന്നാം ഘട്ടത്തില്‍ ചെയ്യുന്നത്. മൂന്നാം ഘട്ടമാണ് ഇപ്പോള്‍ നടത്തിവരുന്നത്. ഇനിയും വ്യാപകമായ പരിശോധനകള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.
എന്താണ് ഫോര്‍മാലിന്‍..? ശരീരത്തിലെത്തിയാല്‍ എന്താണ് പ്രശ്നം..?
ഫോര്‍മിക് ആസിഡ് ഉപയോഗിച്ച് പ്രത്യേകം തയ്യാറാക്കുന്ന രാസവസ്തുവാണ് ഫോര്‍മാലിന്‍. മനുഷ്യ ശരീരം കേടുകൂടാതെ സൂക്ഷിക്കാനായാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. വിവിധ ശരീര ഭാഗങ്ങള്‍ പത്തോളജി പരിശോധനയ്ക്കായി അയയ്ക്കുന്നത് 10 ശതമാനം വീര്യമുള്ള ഫോര്‍മാലിന്‍ ലായനിയിലാണ്. ഇത്ര അളവാണെങ്കില്‍ പോലും ഇത് കുറേക്കാലം കേടുകൂടാകാതെയിരിക്കും. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുവാന്‍ വേണ്ടിയുള്ള മൃതദേഹം സൂക്ഷിക്കുന്നത് ഫോര്‍മാലിന്‍ ലായനിയിലാണ്. ഈ ലായനിയില്‍ ആറുമാസത്തില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കേടുകൂടാകാതെ സൂക്ഷിക്കാന്‍ കഴിയും. മൃതദേഹം എംബാം ചെയ്യാനായി ഉപയോഗിക്കുന്നതും ഫോര്‍മാലിനാണ്.
കഴിക്കുന്ന മീനിനൊപ്പം ഫോര്‍മാലിന്‍ കൂടി ശരീരത്തിനുള്ളിലെത്തിയാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. ഫോര്‍മാലിന്‍ കഴിക്കാന്‍ പാടില്ല. അത് ചെറിയ അളവിലാണെങ്കില്‍ കൂടി ശരീരത്തിനുള്ളിലെത്തിയാല്‍ വിഷമായി പ്രവര്‍ത്തിക്കും. തുടര്‍ച്ചയായി ഇത്തരത്തില്‍ ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യങ്ങള്‍ ഉള്ളില്‍ ചെന്നാല്‍ പലതരം അവയവങ്ങളേയും അത് ബാധിക്കും ക്യാന്‍സര്‍ പോലെയുള്ള മാരകമായ അസുഖങ്ങള്‍ ഉണ്ടാക്കും.
0 Comments