കോഴിക്കോട്:കട്ടിപ്പാറ കരിഞ്ചോല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. അപകടത്തില്‍ മരിച്ച കരിഞ്ചോല അബ്ദുറഹിമാന്റെ ഭാര്യ നഫീസ, ഹസന്റെ ഭാര്യ ആസ്യ എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. ദേശീയ ദുരന്ത നിവാരണസേനയുടെയും അഗ്‌നിരക്ഷാസേനയുടെയും പൊലീസ് അടക്കമുള്ള വിവിധ സേനകളുടെയും നാട്ടുകാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രൊക്‌ളൈനറും എസ്‌കവേറ്ററും മറ്റ് സംവിധാനങ്ങളും ഉപയോഗിച്ച് ശക്തമായ തിരച്ചിലാണ് നടത്തുന്നത്. മലയുടെ മുകളില്‍നിന്ന് ഇടിഞ്ഞുവീണ വന്‍ പാറകള്‍ വെടിമരുന്നുപയോഗിച്ച് പൊട്ടിച്ചുനീക്കിയാണ് മണ്ണിനടിയില്‍ തിരച്ചില്‍.
ഡോഗ് സ്‌ക്വാഡും ശനിയാഴ്‌ച കരിഞ്ചോല മലയിലെത്തിയിരുന്നു. പൊലീസ് നായ മണം പിടിച്ച ഭാഗത്ത് നടത്തിയ പരിശോധനയിലാണ് നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മലയില്‍നിന്നും വെള്ളം എത്തിച്ചേരുന്ന പൂനൂര്‍ പുഴയുടെ മുകള്‍ ഭാഗത്തും തിരയുന്നുണ്ട്. നിലവില്‍ ഉണ്ടായിരുന്നവര്‍ക്ക് പുറമേ ദുരന്തനിവാരണ സേനയുടെ 40 അംഗ സംഘവും 200 അഗ്നിരക്ഷാ സേന പ്രവര്‍ത്തകരും ശനിയാഴ്ച അധികമായി എത്തിയിരുന്നു. മഴക്കെടുതിക്കിരയായവര്‍ക്ക് അടിയന്തിര സഹായം ഉടന്‍ നല്‍കാന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി കലക്‌ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി
0 Comments