താമരശ്ശേരി ചുരലൂടെയുള്ള കെ.എസ്.ആർ.ടി.സി. സർവീസ് നാളെ പുനരാരംഭിക്കും

താമരശ്ശേരി ചുരം മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, ടി.പി. രാമകൃഷ്ണൻ, എം.എൽ.എ.മാരായ സി.കെ. ശശീന്ദ്രൻ, ജോർജ് എം. തോമസ്, കാരാട്ട് റസാഖ്


കോഴിക്കോട്:താമരശ്ശേരി ചുരത്തിലെ ചിപ്പിലിത്തോടിനുസമീപം മണ്ണിടിച്ചിലിനെത്തുടർന്ന് നിർത്തിവെച്ച കെ.എസ്.ആർ.ടി.സി. ബസ് സർവീസ് ഞായറാഴ്ച രാവിലെമുതൽ പുനരാരംഭിക്കാൻ തീരുമാനം. ചരക്കുവാഹനങ്ങളുടെ നിരോധനം തുടരും.

മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, ടി.പി. രാമകൃഷ്ണൻ, എം.എൽ.എ.മാരായ സി.കെ. ശശീന്ദ്രൻ, ജോർജ് എം. തോ മസ്, കാരാട്ട് റസാഖ് എന്നിവർ മണ്ണിടിച്ചിലുണ്ടായ സ്ഥലം സന്ദർശിച്ചശേഷം ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് തീരുമാനമെടുത്തത്. മണ്ണിടിഞ്ഞ ഭാഗത്ത് വനംവകുപ്പിന്റെ അധീനതയിലുള്ള സ്ഥലംകൂടി ചേർത്ത് താത്‌കാലികമായി വീതികൂട്ടിയ റോഡ് വഴി ബസുകൾ ഒരുവരിയായി കടത്തിവിടുമെന്ന് തീരുമാനം വിശദീകരിച്ച് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. ഇതുവഴി ചെറിയവാഹനങ്ങളെ വൺവേ രീതിയിൽ ഇപ്പോൾ കടത്തിവിടുന്നുണ്ട്. താത്‌കാലികമായി നിർമിച്ച റോഡുവഴി ബസുകൾ കടത്തിവിടുന്നത് സുരക്ഷിതമാണെന്ന് പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാർ അറിയിച്ചതായും മന്ത്രി പറഞ്ഞു. പാറക്കല്ലുകളും പാറപ്പൊടിയും ചേർത്തുള്ള മിശ്രിതം ഉപയോഗിച്ചാണ് റോഡ് നിർമിച്ചിരിക്കുന്നത്. റോഡ് ടാർ ചെയ്യുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാതെ, അനാവശ്യ വിവാദമുണ്ടാക്കേണ്ടെന്ന് പറഞ്ഞ് മന്ത്രി ഒഴിഞ്ഞുമാറി. ചുരത്തിലെ ഗതാഗതം പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ പൊതുമരാമത്ത് വകുപ്പും വനംവകുപ്പും ഗതാഗതവകുപ്പുമെല്ലാം ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ടുദിവസത്തിനുശേഷം ഗതാഗതമന്ത്രി ജി. സുധാകരൻ ചുരം സന്ദർശിക്കുന്നുണ്ട്. അതിനുശേഷം തുടർപ്രവർത്തനങ്ങളെപ്പറ്റി ആലോചിക്കും. മണ്ണിടിഞ്ഞിടത്ത് മൂന്നുമാസത്തിനുള്ളിൽ സംരക്ഷണഭിത്തി നിർമിച്ച് ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. നിലവിൽ ചുരംവഴിയുള്ള കെ.എസ്.ആർ.ടി.സി. ബസുകൾ മണ്ണിടിഞ്ഞസ്ഥലത്തിന് അപ്പുറവും ഇപ്പുറവുമായി നിർത്തി യാത്രക്കാരെ ഇറക്കി തിരിച്ചുപോകുകയാണ്. യാത്രക്കാർ മണ്ണിടിഞ്ഞ ഭാഗത്തുകൂടി നടന്ന് മറുഭാഗത്തുള്ള ബസിൽ കയറിപ്പോകണം. അതിനിടെ കഴിഞ്ഞദിവസം മറുനാടൻ ട്രാൻസ്‌പോർട്ട് ബസുകൾ തടസ്സമില്ലാതെ ഇതുവഴി കടത്തിവിട്ട സംഭവവുമുണ്ടായി.

ദേശീയപാതാ എക്സിക്യുട്ടീവ് എൻജിനീയർ വിനയരാജ്, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ മുഹമ്മദ് ജമാൽ, എ.ഡി.എം. ജനിൽകുമാർ, ഡിവിഷണൽ വനം ഓഫീസർ സുനിൽകുമാർ, ഡപ്യൂട്ടി വനം റേഞ്ച് ഓഫീസർ രാജീവ് കുമാർ, തഹസിൽദാർ സി. മുഹമ്മദ്‌ റഫീഖ്, താമരശ്ശേരി ഡിവൈ.എസ്.പി. പി.സി. സജീവൻ, സി.ഐ. അഗസ്റ്റിൻ തുടങ്ങിയവർ സ്ഥലത്തെത്തി

Post a Comment

0 Comments