ജില്ലയിലെ സ്കൂളുകളിൽ നാളെ വിദ്യാരംഭംകോഴിക്കോട്:വേനലവധിയും നിപ്പ ഭയവും അവസാനിച്ചു വിദ്യാർഥികൾ നാളെ സ്കൂളിലെത്തും. മറ്റു ജില്ലകളിൽ ജൂൺ ഒന്നിനു സ്കൂൾ തുറന്നെങ്കിലും ജില്ലയിൽ നിപ്പ വൈറസ് ഭീതിയുള്ളതിനാൽ സ്കൂൾ തുറക്കുന്നത് നീട്ടി വയ്ക്കുകയായിരുന്നു. ആദ്യപാഠമായി വരും ദിവസങ്ങളിൽ വിദ്യാർഥികൾക്ക് മഴക്കാലരോഗങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണവും ഉണ്ടായിരിക്കും. കോർപറേഷൻ പരിധിയിലെ പ്രവേശനോൽസവം നാളെ രാവിലെ 9.30ന് മാനാഞ്ചിറ ഗവ. മോഡൽ ടിടിഐ സ്കൂളിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.  വിദ്യാർഥികൾ സ്കൂളിൽ എത്തുന്നതിനു മുൻപായി കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻമാരായ എം. രാധാകൃഷ്ണൻ, കെ.വി. ബാബുരാജ് എന്നിവർ സ്കൂൾ പരിസരവും അവിടുത്തെ ശുചിത്വ അന്തരീക്ഷത്തെക്കുറിച്ചും പരിശോധന നടത്തി.ജില്ലാതല പ്രവേശനോൽസവം നടക്കുന്നത് ചെമ്പുകടവ് ഗവ.യുപി സ്കൂളിലാണ്

ഗവ. സ്കൂളുകളിൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണവും ഉണ്ടായിരിക്കും. ഏതെല്ലാം തരത്തിലുള്ള ഭക്ഷണം വേണമെന്ന പട്ടിക അതാത് സ്കൂൾ പിടിഎയ്ക്കു തീരുമാനിക്കാം. അച്ചാറ്, ഉപ്പിലിട്ടത് എന്നിവ കുട്ടികൾക്ക് നൽകാൻ പാടില്ല. കോർപറേഷൻ പരിധിയിലുള്ള സ്കൂളുകളിൽ 13 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നു കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ എം. രാധാകൃഷ്ണൻ പറഞ്ഞു.

സർക്കാർ സ്കൂളുകളിലെ കുട്ടികൾ ഇനി മുതൽ അധ്യാപകരുടെ നോട്ടത്തിനു പുറമെ പുറമെ ക്യാമറക്കണ്ണുകളുടെ നിരീക്ഷണത്തിൽ കൂടിയായിരിക്കും. അതിന്റെ തുടക്കമെന്ന നിലയിൽ കോർപറേഷൻ പരിധിയിൽ ആറ് സ്കൂളുകളിൽ സിസിടിവി സ്ഥാപിക്കും. ഗ്രൗണ്ടിന്റെ ഭാഗത്തും പ്രധാന കവാടത്തിനു സമീപത്തും മറ്റ് മേഖലകളിലുമായിരിക്കും ഇവ സ്ഥാപിക്കുക.

സ്കൂൾ പരിസരത്തെ ലഹരി വിൽപനക്കാരെ പിടിക്കാൻ എക്സൈസ് വകുപ്പും രംഗത്തിറങ്ങും. സ്കൂൾ തുറക്കുന്നതോടെ ലഹരി മിഠായി മുതൽ വൻ തോതിൽ കഞ്ചാവു വരെ വിദ്യാർഥികളെ ലക്ഷ്യമിട്ട് എത്തിച്ചതായാണു വിവരം. ഷാഡോ പൊലീസ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ നഗരത്തിലെ വിവിധ ഭാഗങ്ങളിൽനിന്നു ലഹരി പിടികൂടിയിരുന്നു. വിദ്യാർഥികൾക്കു വിൽക്കാൻ എത്തിച്ചതാണെന്നാണു പിടിയിലായവർ നൽകിയ വിവരം. ഇതിനു പുറമേ, ലഹരി മിഠായികളും ലഹരി ഗുളികകളും നിരോധിത പാൻ ഉൽപന്നങ്ങളും സ്കൂൾ പരിസരത്തു ലഭ്യമാണ്. ഇവ പിടികൂടുകയാണ് എക്സൈസ് പരിശോധനയുടെ ലക്ഷ്യം.

Post a Comment

0 Comments