സൗന്ദര്യവൽക്കരണം നടക്കുന്നതിനിടയിലും ബീച്ചിൽ മാലിന്യങ്ങൾ തള്ളുന്നുകോഴിക്കോട്:സൗന്ദര്യവൽക്കരണം നടക്കുന്നതിനിടയിലും ബീച്ചിൽ മാലിന്യങ്ങൾ തള്ളുന്നു. കോർപറേഷൻ അധികൃതരും  എംഎൽഎയും പ്രദേശവാസികളുമെല്ലാം ചേർന്ന്  ശുചിത്വത്തിനായി നടത്തുന്ന പരിശ്രമങ്ങളെ  തകിടം മറിക്കുകയുമാണീ സാമൂഹിക വിരുദ്ധർ. ഇന്നലെ രാത്രി മൂന്നുമണിയോടെ സൗത്ത് ബീച്ചിൽ കോഴിമാലിന്യം തള്ളിയ മിനിലോറി നാട്ടുകാരുടെ പിടിയിലായി. ലോറിയിലുണ്ടായിരുന്നവർ കടന്നുകളയുകയും ചെയ്തു. നാട്ടുകാർ ചേർന്നു വൃത്തിയാക്കിയ കടപ്പുറത്തെ മണലിലും കല്ലുകളിലും കോഴിയുടെ തൂവലും മറ്റും നിറയുകയും ചെയ്തു. സൗത്ത് ബീച്ചിൽ  പാർക്ക് ചെയ്തിരിക്കുന്ന ലോറികളുടെ മറവിലൂടെയാണ് മാലിന്യം തള്ളാനെത്തിയത്. വൃത്തികേടായ സ്ഥലം കോർപറേഷൻ ജീവനക്കാരുടെ നേതൃത്വത്തിൽ ശുചീകരിക്കുകയും അണുവിമുക്തമാക്കാനായി ബ്ലിച്ചിങ് പൗഡർ വിതറുകയും ചെയ്തു. മിനി ലോറി ടൗൺ പൊലീസ് പിടിച്ചെടുത്തു കോർപറേഷനു കൈമാറിയിട്ടുണ്ട്. കൊണ്ടോട്ടിയിൽനിന്നുള്ളവരാണ് മാലിന്യം തള്ളിയതെന്നാണ് നാട്ടുകാർ പറയുന്നത്. ഇവരുടെ ദൃശ്യങ്ങൾ പ്രദേശത്തെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്നും പറയുന്നു.

ബീച്ചിൽ സ്ഥിരമായി കോഴിമാലിന്യം തള്ളുന്നത് ഇവർതന്നെയാണെന്നും നാട്ടുകാർ പരാതിപ്പെട്ടു. ശക്തമായ നടപടിയുണ്ടാകുമെന്ന് കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. ആർ.എസ്. ഗോപകുമാർ ഇവർക്ക് ഉറപ്പു നൽകിയിട്ടുണ്ട്. കണ്ടുകെട്ടുന്നതു സംബന്ധിച്ച നടപടികളുമായി ബന്ധപ്പെട്ട് വാഹനം ആർഡിഒയ്ക്കു കൈമാറുമെന്ന് കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. ബാബുരാജ് അറിയിച്ചു.

കോഴിക്കടകളിലെ മാലിന്യം നിർമാർജനം ചെയ്യാനായി വൻതുക വാങ്ങിയാണ് ഏജൻസികൾ ഏറ്റെടുക്കുന്നത്. ശാസ്ത്രീയ മാർഗങ്ങളൊന്നും ഉപയോഗിക്കാതെ പൊതുസ്ഥലങ്ങളിലോ ജലാശയങ്ങളിലോ തള്ളുന്നതാണ് ഇവരുടെ നിലവിലുള്ള രീതി. ഓരോ കോഴിക്കടയും തങ്ങളുടെ മാലിന്യം എങ്ങനെയാണ് നിർമാർജനം ചെയ്യുന്നത് എന്നത് കൃത്യമായി അധികൃതരെ അറിയിക്കണമെന്നാണ് നിബന്ധനയുള്ളത്. കോഴിക്കോട് കോർപറേഷനു വേണ്ടി മാലിന്യം നിർമാർജനം ചെയ്യാൻ നിർദിഷ്ട ഏജൻസിയുണ്ടെങ്കിലും പണലാഭം മുൻനിർത്തിയാണ് അനധികൃത ഏജൻസികളെ പല കോഴിക്കടകളും മാലിന്യം ഏൽപിക്കുന്നത്. അറവുമാലിന്യം സംസ്കരിക്കാനുള്ള പ്ലാന്റ് കോർപറേഷന്റെ നേതൃത്വത്തിൽ സ്ഥാപിക്കാനാണ് തീരുമാനം.


സൗന്ദര്യവൽക്കരണം പൂർത്തിയായ സൗത്ത് ബീച്ചിൽ മാലിന്യം തള്ളലടക്കമുള്ള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ പ്രദേശത്ത് ശക്തമായ നിരീക്ഷണമേർപ്പെടുത്തണമെന്ന്  തെക്കേപ്പുറം ശബ്ദം വാട്സാപ് കൂട്ടായ്മ ആവശ്യപ്പെട്ടു. ഇവിടെ സിസിടിവി സ്ഥാപിക്കണമെന്നും അനധികൃത ലോറി പാർക്കിങ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

സൗത്ത് ബീച്ചിൽ കോഴിമാലിന്യം തള്ളിയവർക്കെതിരെ ശക്തമായ നടപടി ഉറപ്പാക്കണമെന്ന് എം.കെ. മുനീർ എംഎൽഎ. സൗത്ത് മണ്ഡലത്തിൽ രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഒത്തൊരുമിച്ച് സമ്പൂർണ ശുചിത്വത്തിനായി പ്രയത്നിക്കുകയാണ്. അതിനിടെയാണ് കടപ്പുറത്ത് മാലിന്യം തള്ളിയത്. സാമൂഹിക വിരുദ്ധർക്കെതിരെ ജാഗ്രതയോടെ പ്രവർത്തിച്ച തദ്ദേശവാസികൾ അഭിനന്ദനമർഹിക്കുന്നു. ഇക്കാര്യത്തിൽ നാട്ടുകാരുടെ ഇടപെടൽ തുടർന്നുമുണ്ടാകണമെന്നും എംഎൽഎ പറഞ്ഞു.

Post a Comment

0 Comments