രണ്ടു വർഷം കഴിഞ്ഞിട്ടും യാഥാർത്യമാവതെ കോഴിക്കോട്-കൊച്ചി അതിവേഗ കപ്പൽ സർവീസ്



കോഴിക്കോട്‌:പ്രഖ്യാപിച്ച് രണ്ടുവർഷമായിട്ടും കൊച്ചി-കോഴിക്കോട് അതിവേഗ കപ്പൽ സർവീസ് പദ്ധതി നീറ്റിലിറങ്ങിയില്ല. യാത്രയ്ക്കൊപ്പം വിനോദവും ലക്ഷ്യമിടുന്ന അതിവേഗ ഹൈഡ്രോഫോയിൽ ക്രൂസ് കപ്പൽ സർവീസിന്റെ രണ്ട് യൂണിറ്റാണ് കൊച്ചി തുറമുഖത്തുള്ളത്. രണ്ടും വിദേശനിർമിതം. ഇത് അടിമുടി നവീകരിച്ച് പ്രാദേശികമായി രജിസ്റ്റർചെയ്യണമെന്ന കേന്ദ്ര ഷിപ്പിങ് രജിസ്ട്രേഷൻ വിഭാഗത്തിന്റെ നിലപാടാണ് പദ്ധതി വൈകിക്കുന്നത്. വിദേശത്തുനിന്ന് ഇതിനായി യന്ത്രഭാഗങ്ങൾ സമയത്ത് എത്തിക്കാനായില്ല.

കപ്പലുകൾക്കായി കോഴിക്കോട്ടും കൊച്ചിയിലും തുറമുഖഭാഗങ്ങളിൽ ആഴംകൂട്ടി പ്രത്യേക വാർഫ്, പാസഞ്ചർ ടെർമിനൽ എന്നിവയൊരുക്കുമെന്ന് തുറമുഖവകുപ്പ് പ്രഖ്യാപിച്ചിരുന്നു. നടപ്പായിട്ടില്ല. 2016-ൽ ഓണക്കാലത്ത് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന കപ്പലുകൾ ഈ വരുന്ന ഓണക്കാലത്തും ഓടില്ല. പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ വിഭാവനം ചെയ്ത, കൊച്ചിയിൽനിന്ന്‌ വിഴിഞ്ഞത്തേക്കുള്ള കപ്പൽ സർവീസും വാഗ്ദാനത്തിലൊതുങ്ങി. ഒരു കപ്പലിന്റെ 90 ശതമാനം നവീകരണം പൂർത്തിയായിട്ടുണ്ട്. രണ്ടാമത്തെ കപ്പൽ രണ്ടുമാസത്തിനകം പുറത്തിറക്കാനാവുമെന്നാണ് സേഫ് ബോട്ട് ട്രിപ്പ് പ്രോജക്ട് വിഭാഗത്തിന്റെ അവകാശവാദം. നവീകരണം പൂർത്തിയാവുന്ന മുറയ്ക്ക് തുറമുഖങ്ങളിൽ ആവശ്യമായ എല്ലാ സംവിധാനങ്ങളുമൊരുക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രതികരിച്ചു.

2016 മാർച്ച് നാലിനാണ് കൊച്ചി-കോഴിക്കോട് അതിവേഗ കപ്പൽ സർവീസ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രഖ്യാപിച്ചത്. തുറമുഖവകുപ്പിന്റെ മേൽനോട്ടത്തിൽ ടോളിൻസ് ഗ്രൂപ്പിന് കീഴിലുള്ള കാലടിയിലെ സേഫ് ബോട്ട് ട്രിപ്പ് പ്രൈവറ്റ് ലിമിറ്റഡ് നടത്തിപ്പ് ഏറ്റെടുത്തു. ആ വർഷം ജൂലായ് 19-ന് ഗ്രീസിലെ ആതൻസിൽ നിന്നും 15 കോടി രൂപവീതം വിലയുള്ള കപ്പലുകൾ കൊച്ചിയിലെത്തിച്ചു. 180 പേർക്കുവരെ യാത്ര ചെയ്യാവുന്ന കപ്പലിൽ ശീതികരിച്ച എക്കണോമിക്, ബിസിനസ് ക്ലാസുകളും പാൻട്രിയും സജ്ജീകരിച്ചിരുന്നു. മൂന്നുമണിക്കൂർകൊണ്ട് കൊച്ചിയിൽനിന്നും കോഴിക്കോട്ടെത്തും. മണിക്കൂറിൽ 35 നോട്ടിക്കൽ മൈൽ ആണ് ശരാശരി വേഗം. പകൽനേരങ്ങളിൽ ഒരേസമയത്ത് ഒരു കപ്പൽ കൊച്ചിയിൽനിന്നും രണ്ടാമത്തേത് കോഴിക്കോട്ട് നിന്നും ഓടിക്കാനായിരുന്നു തീരുമാനം.

Post a Comment

0 Comments