ഇടിമുഴിക്കൽ-വെങ്ങളം ആറുവരിപ്പാത; വികസനപുരോഗതി വിലയിരുത്തി


കോഴിക്കോട്: ഇടിമുഴിക്കൽ-വെങ്ങളം റോഡ് ആറുവരിയാക്കുന്നതിന്റെ പ്രവർത്തനപുരോഗതി വിലയിരുത്താനായി എം.കെ. രാഘവൻ എം.പി.യുടെ സാന്നിധ്യത്തിൽ യോഗം ചേർന്നു. ഹൈദരാബാദ് ആസ്ഥാനമായ കെ.എം.സി. കൺസ്ട്രക്ഷൻ കമ്പനിക്കാണ് ആറ് വരിപ്പാതയുടെ നിർമാണചുമതല. നിർമാണം രണ്ട് വർഷം കൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കേരള വാട്ടർ അതോറിറ്റി, ബി.എസ്.എൻ.എൽ., പി.ഡബ്ല്യു.ഡി., വനം, റവന്യു വകുപ്പുകളിലെ ഉദ്യോഗസ്ഥരോട് റോഡ് നിർമാണത്തിലെ പുരോഗതിയെക്കുറിച്ച് ചർച്ച നടത്തി. സമയബന്ധിതമായി അനുബന്ധ പ്രവർത്തനങ്ങൾ വേഗതയിലാക്കാൻ എം.പി. ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഈ മാസം 28-ന് വിവിധ വകുപ്പുകളുടെ പ്രവർത്തന പുരോഗതി വിലയിരുത്താനായി വീണ്ടും യോഗം ചേരും.

ജില്ലാകളക്ടർ യു.വി. ജോസ് അധ്യക്ഷനായി. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രൊജക്ട് ഡയറക്ടർ എൻ.എം.സാഡെ, കെ.എം.സി. പ്രതിനിധി പ്രകാശ് ശങ്കർ, ജില്ലാ ഫോറസ്റ്റ് ഓഫീസർ കെ.കെ. സുനിൽകുമാർ, കോഴിക്കോട് അഡീഷണൽ തഹസിൽദാർ ഇ. അനിതകുമാരി, വാട്ടർ അതോറിറ്റി അസ്സി. എക്‌സിക്യൂട്ടീവ് എൻജിനീയർ പി. മുജീബ് റഹ്മാൻ, അസ്സി. കമ്മീഷണർ പി.കെ. രാജു, വിവിധ പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments