കോഴിക്കോട്:ചുരം റോപ് വേയുടെ നിർമാണച്ചെലവിന്റെ 25 ശതമാനം കേന്ദ്ര ടൂറിസം വകുപ്പ് വഹിക്കുമെന്ന് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു. എയർസ്ട്രിപ്പ്, അഡ്വഞ്ചർ ടൂറിസം അക്കാദമി തുടങ്ങിയ ആവശ്യങ്ങളും പരിഗണിക്കും. വയനാട് ചേംബർ ഒാഫ് കൊമേഴ്സ്, വയനാട് ടൂറിസം ഒാർഗനൈസേഷൻ, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ എന്നിവ ചേർന്ന് സംഘടിപ്പിച്ച ടൂറിസം ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോക ടൂറിസം കമ്പോളത്തിൽ ഇന്ത്യയെ മാർക്കറ്റ് ചെയ്യാൻ നൂതനമായ പ്രചാരണ പരിപാടികളാണ് ആവിഷ്കരിച്ച് നടപ്പാക്കിവരുന്നത്. കഴിഞ്ഞവർഷം വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 15.67 ശതമാനം വർധനയാണുണ്ടായത്. വരുമാനത്തിൽ 20.8 ശതമാനം വർധനയുണ്ടായി. അടുത്തവർഷം വിദേശസഞ്ചാരികളുടെ എണ്ണവും വരുമാനവും ഇരട്ടിയായി വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 25 ശതമാനം വളർച്ചയാണ് ലക്ഷ്യം. ടൂറിസം വളരണമെങ്കിൽ മലയാളികളുടെ മനോഭാവം ആദ്യം മാറണം. ഗമ വെടിഞ്ഞ് ഒന്നു ചിരിക്കാൻ തയ്യാറാവണം. അങ്ങനെയൊക്കെ മാറിയാൽ ഭാവിയിൽ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സി.കെ. ശശീന്ദ്രൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. എം.ഐ. ഷാനവാസ് എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, വൈത്തിരി വില്ലേജ് സി.എം.ഡി. എൻ.കെ മുഹമ്മദ്, കെ.ആർ. വാഞ്ചീശ്വരൻ, ജോണി പാറ്റാനി തുടങ്ങിയവർ സംസാരിച്ചു.
0 Comments