ചുരം റോപ്‌വേ: നീക്കം ഊര്‍ജിതമാക്കി ചേംബര്‍ ഓഫ് കൊമേഴ്‌സ്



വയനാട്:ചുരം (ലക്കിടി - അടിവാരം) റോപ്‌വേ യാഥാര്‍ഥ്യമാക്കുന്നതിനുള്ള നീക്കം പുരോഗതിയിലാണെന്നു വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനി, വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് കെ ആര്‍ വാഞ്ചീശ്വരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ലക്കിടിയില്‍ നിന്നു അടിവാരത്തിലേക്ക് 3670 മീറ്റര്‍ റോപ്‌വേയാണ് 70 കോടി രൂപ അടങ്കലില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും നീളമുള്ള റേപ്‌വേയായിരിക്കും ഇത്. പദ്ധതിയുടെ ഭാഗമായി ലക്കിടിയില്‍ അഞ്ചും അടിവാരത്ത് പത്തും എക്കര്‍ ഭൂമി വാങ്ങുന്നതിനു അഡ്വാന്‍സ് കൊടുത്തു. തോട്ടത്തിന്റെ ഭാഗമായ ഈ സ്ഥലങ്ങള്‍ തരംമാറ്റുന്നതിനുള്ള അപേക്ഷ സര്‍ക്കാരിന്റെ പരിഗണനയിലാണ്. പദ്ധതിക്ക് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. താമരശേരി ചുരത്തില്‍ ഏകദേശം രണ്ട് ഹെക്ടര്‍ വനഭൂമിക്കു മുകളിലൂടെയാണ് റോപ്‌വേ കടന്നുപോകേണ്ടത്. ഇതിന്റെ ഇരട്ടിസ്ഥലം വനഭൂമിയോടു ചേര്‍ന്നു വാങ്ങി കൈമാറുകയും ഹെക്ടറിനു 9.5 ലക്ഷം രൂപ തോതില്‍ ഡവലപ്‌മെന്റ് ചാര്‍ജ് അടയ്ക്കുകയും ചെയ്യുന്ന മുറയ്ക്ക് പദ്ധതിക്ക് വനം മന്ത്രാലയത്തിന്റെ അനുമതി ലഭിക്കും.

പദ്ധതി പ്രകൃതിയില്‍ ആഘാതം എല്‍പ്പിക്കുന്നതിനു കാരണമാകില്ലെന്ന പരിസ്ഥിതി മന്ത്രാലയത്തിന്റെ സര്‍ട്ടിഫിക്കറ്റും നേടേണ്ടതുണ്ട്. ഇക്കാര്യങ്ങളില്‍ വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പുവരുത്തി ചേംബര്‍ ഓഫ് കൊമേഴ്‌സ് മുന്നോട്ടുപോകുകയാണ്. മണിക്കൂറില്‍ 400 പേര്‍ക്ക് യാത്രചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് റോപ്‌വേ വിഭാവനം ചെയ്തിരിക്കുന്നത്. സെക്കന്‍ഡില്‍ 3.5 മീറ്റര്‍ വേഗതയിലായിരിക്കും യാത്ര. പദ്ധതി അടങ്കലിന്റെ 25 ശതമാനം ഗ്രാന്റായി അനുവദിക്കുന്നതിനുള്ള സന്നദ്ധത കേന്ദ്ര ടൂറിസം മന്ത്രാലയം അറിയിച്ചിട്ടുണ്ട്. വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ്, വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവ സംയുക്തമായി ജൂലൈ മൂന്നിനു ഉച്ചകഴിഞ്ഞ് രണ്ടിനു വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ ടൂറിസം ശില്‍പശാലയും സെമിനാറും സംഘടിപ്പിക്കുന്നുണ്ട്. കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമാണ് ഉദ്ഘാടകന്‍. ജില്ലയുടെ ടൂറിസം വികസനത്തിനു ഉതകുന്ന പദ്ധതികളെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ മന്ത്രിക്ക് സമര്‍പ്പിക്കും.

Post a Comment

0 Comments