കോഴിക്കോടിന്റെ നല്ല മനസിനു മുൻപിൽ കണ്ണുനിറഞ്ഞ് കലക്ടർ യു.വി ജോസ്



കോഴിക്കോട്: കോഴിക്കോട്ടുകാരുടെ നന്മക്ക് മുൻപിൽ കണ്ണുനിറഞ്ഞ് കലക്ടർ യു.വി ജോസ്. വെള്ളപ്പൊക്കം മൂലം  ദുരിതമനുഭവിക്കുന്ന ആലപ്പുഴ, കോട്ടയം ജില്ലകളിലെ സഹോദരങ്ങളെ സഹായിക്കാനാൻ ജില്ല ഭരണകൂടത്തിനോടൊപ്പം നിങ്ങൾക്കും സഹായിക്കാമെന്ന് പറഞ്ഞ് കലക്ടർ യു.വി ജോസ് ഫേയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിൻ ആരും ശ്രദ്ധ കൊടുക്കാനിടയില്ല എന്നാണ് കരുതിയത് എന്നാൽ  24 മണിക്കൂർ തികയുന്നതിനു മുമ്പ്  തന്നെ 4 ലോറിയിലേക്കുള്ള സാധനങ്ങൾ റെഡി.

അഭിനന്ദിച്ച് കലക്ടർ പോസ്റ്റ് ചെയ്ത പോസ്റ്റിന്റെ പൂർണ രൂപം

കോഴിക്കോടിന്റെ നന്മയും സ്നേഹവും തൊട്ടറിഞ്ഞ മറ്റൊരു ദിവസം. അതിലുപരി ജില്ലയുടെ കലക്ടർ എന്ന നിലയിൽ വളരെയേറെ അഭിമാനം തോന്നിയ ദിവസം...

ആലപ്പുഴ, കോട്ടയം ജില്ലകളില്‍ വെള്ളപ്പൊക്കം മൂലം  ദുരിതമനുഭവിക്കുന്ന സഹോദരങ്ങളെ സഹായിക്കാനായി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. സാധാരണ ഗതിയിൽ ഒരു ജില്ലയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മറ്റൊരു ജില്ല ഇടപെടാറില്ല. എന്നാലും ഇത്തരം അസാധാരണ സാഹചര്യങ്ങളിൽ പതിവ് തെറ്റിച്ച് എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ ദുരിതബാധിതർക്ക് ആത്യാവശ്യമുള്ള   സാധനങ്ങൾ ഏതൊക്കെയെന്ന് മനസ്സിലാക്കി അവയുടെ ഒരു ലിസ്റ്റ്  പത്രത്തിലൂടെയും ഫെയ്സ് ബുക്കിലൂടെയും നാട്ടുകാരെ അറിയിച്ചത്. 24 മണിക്കൂർ തികഞ്ഞില്ല അതിനു മുമ്പ് തന്നെ 4 ലോറിയിലേക്കുള്ള സാധനങ്ങൾ റെഡി.   ജില്ലയിലെ നാനാതുറകളിലേയും ആളുകൾ കൈയ്യയച്ച് സഹായിച്ചു. സമ്പന്നനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ ഒരോരുത്തരും തങ്ങൾക്കാവും വിധം  സഹായം എത്തിച്ചു. ആളുകൾ ഇപ്പോഴും ഫോണിൽ ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നുമുണ്ട്. സഹായിച്ച ആരുടേയും പേരുകൾ ഇപ്പോൾ പറയുന്നില്ല. എന്നാൽ ഇതിൽ ഒരാളുടെ കാര്യം ഇവിടെ പറയാതെ വയ്യ. നമ്മുടെ കണ്ണു നനയിക്കുകയും കണ്ണു തുറപ്പിക്കുകയും ചെയ്ത നമ്മുടെ സ്വന്തം പാത്തുമ്മ. തികച്ചും സാധാരണ കുടുംബത്തിൽ നന്നേ അരിഷ്ടിച്ച് കഴിയുന്ന ഉമ്മ വൈകുന്നേരം   എത്തിയത് കുറച്ച് പൊതികളുമായാണ്. അന്വേഷിച്ചപ്പോഴാണ്  മനസ്സിലായത്, രാവിലെ പത്രത്തിലൂടെ സഹായം നൽകുന്ന വാർത്തയറിഞ്ഞ ഉമ്മ  തന്റെ  വീട്ടിലാകെ ഉണ്ടായിരുന്ന കുറച്ച്  അരിയും ഗോതമ്പും മില്ലിൽ കൊണ്ടു പോയി പൊടിച്ച് പാക്കറ്റിലാക്കിയാണ് വന്നതെന്ന്. എന്റെ പക്കൽ നൽകാൻ ഇതു മാത്രമേ ബാക്കിയുള്ളൂ എന്ന് പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഉമ്മ വീണ്ടും വന്നു., ഇത്തവണ മറ്റൊരു പൊതിയുമായി. ഉമ്മ സാധനങ്ങൾ നൽകിയ കാര്യം വീട്ടിൽ ചെന്ന് മകനോട്  പറഞ്ഞപ്പോൾ  അവനും  നിർബന്ധം; കുറച്ച് കാലമായി താൻ സ്വരുക്കൂട്ടിവെച്ച നാണയങ്ങൾ കൂടി എടുത്ത് അതിന് കൂടി സാധനങ്ങൾ വാങ്ങിച്ച് നൽകണമെന്ന്. അവൻ കരുതിവെച്ച നാണയങ്ങൾ ഇട്ട കുടുക്ക പൊട്ടിച്ച്  എണ്ണി നോക്കിയപ്പോൾ കിട്ടിയത് 218 രൂപ. അതിന്റെ കൂടെ തന്റെ കയ്യിലുള്ള 250 രൂപയും ചേർത്താണ് ബിസ്കറ്റ് വാങ്ങി വന്നത്.

പണവും സൗഭാഗ്യങ്ങളും ഏറെ ഉണ്ടായിട്ടും അത് മറ്റുള്ളവരുമായി പങ്കിടാൻ മടിക്കുന്നവരുടെ ഇടയിൽ ഇത്തരത്തിലുള്ള വലിയ മനസ്സുകളും ഉണ്ട്. അടുത്ത നേരം കഴിക്കാൻ തനിക്ക് എന്ത് ബാക്കിയുണ്ടെന്ന് നോക്കാതെ ഉള്ളതെല്ലാം പെറുക്കിയെടുത്ത് അത്യാവശ്യക്കാർക്ക് നൽകാനുള്ള മനസ്സ്. അതാണ് കോഴിക്കോടിന്റെ മനസ്സ് - നമുക്കെല്ലാം അഭിമാനിക്കാം, അഹങ്കരിക്കാം; ഇത്തരം നല്ല മനസ്സുകളെയോർത്ത്...


Post a Comment

0 Comments