കെ.എസ്.ആര്‍.ടി.സിയെ മൂന്നു സോണുകളായി വിഭജിച്ചു: നോര്‍ത്ത് സോണ്‍ ആസ്ഥാനം കോഴിക്കോട്കോഴിക്കോട്: കെ.എസ്.ആര്‍.ടി.സിയെ ഇന്ന് മൂന്നു സോണുകളായി വിഭജിച്ചു. നോര്‍ത്ത് സോണ്‍ ആസ്ഥാനം കോഴിക്കോട്. തൊഴിലാളികളുടെ ക്ഷേമത്തില്‍ ശ്രദ്ധിക്കുന്നതിനൊപ്പം കെ.എസ്.ആര്‍.ടി.സിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള പരിഷ്‌കാരങ്ങളും നടപ്പാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയിലെ മൂന്നു സോണുകളുടെ പ്രഖ്യാപനവും തിരുവനന്തപുരം സോണിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ശമ്പളവും പെന്‍ഷനും കൃത്യമായി നല്‍കാനുള്ള നടപടികള്‍ പ്രതിസന്ധികള്‍ക്കിടയിലും സര്‍ക്കാര്‍ നടപ്പാക്കിയത്. അതിനൊപ്പം കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് കൂടുതല്‍ അധികാരങ്ങളുള്ള മൂന്നു സോണുകള്‍ രൂപീകരിക്കുന്നത്. നോര്‍ത്ത് സോണ്‍ കോഴിക്കോട്ടും, മധ്യമേഖലാ സോണ്‍ എറണാകുളത്തും, സൗത്ത് സോണ്‍ തിരുവനന്തപുരത്തുമാണ് രൂപീകരിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള ഉദ്യോഗസ്ഥ പുനര്‍വിന്യാസവും നടക്കുന്നുണ്ട്. പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമ്പോള്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ അവ പരിഹരിച്ച് മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രൊഫ. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കാര്യക്ഷത വര്‍ധിപ്പിച്ച് ജനസൗഹൃദ പൊതുഗതാഗത സംവിധാനമാക്കാനുള്ള പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ ആന്റ് എം.ഡി ടോമിന്‍ ജെ. തച്ചങ്കരി സ്വാഗതം പറഞ്ഞു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഓപറേഷന്‍സ് ജി. അനില്‍കുമാര്‍ നന്ദി പറഞ്ഞു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ. പത്മകുമാര്‍, കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡംഗം ഡോ. ബി.ജി. ശ്രീദേവി, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments