കോഴിക്കോട്:ബാലുശേരി ടൂറിസം കോറിഡോർ പദ്ധതിയിലുൾപ്പെട്ട നമ്പികുളം ഇക്കോ ടൂറിസം പദ്ധതി യാഥാർഥ്യമാവുന്നു. ടൂറിസം വികസനരംഗത്ത‌് വൻ മുന്നേറ്റമുണ്ടാവുന്ന രണ്ട‌് പദ്ധതികൾക്ക‌് (വയലട, നമ്പികുളം) 19ന‌് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രവർത്തനോദ‌്ഘാടനം നിർവഹിക്കും.
കൂരാച്ചുണ്ട‌് കാറ്റുള്ളമല നിർമല യുപി സ‌്കൂളിലാണ‌് 19ന‌് പകൽ മൂന്നിന‌് നമ്പികുളം ഇക്കോടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ‌്ഘാടനം. കൂരാച്ചുണ്ട‌്, കോട്ടൂർ, പനങ്ങാട‌് പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്നതാണ‌് നമ്പികുളം. 1.5 കോടി രൂപ ചെലവഴിച്ചാണ‌് നമ്പികുളം ടൂറിസം പദ്ധതി യാഥാർഥ്യമാക്കുക. പ്രകൃതിയെ സംരക്ഷിച്ചുള്ള ഇക്കോ ടൂറിസവും സാഹസിക ടൂറിസവും സംയോജിപ്പിച്ചുള്ള വികസനമാണ‌് നമ്പികുളം പദ്ധതിയുടെ പ്രധാന ലക്ഷ്യം. സമുദ്രനിരപ്പിൽനിന്നും 2100 അടി ഉയരത്തിലുള്ള നമ്പികുളം ഹിൽടോപ്പിൽ നിന്നുള്ള കാഴ‌്ച മനോഹരമാണ‌്. നമ്പികുളം ഹിൽടോപ്പിൽനിന്ന‌് കാപ്പാട‌് ബീച്ച‌്, വെള്ളിയാങ്കല്ല‌്, ധർമടം തുരുത്ത‌്, വയനാടൻ മലനിരകൾ, പെരുവണ്ണാമൂഴി ഡാം എന്നിവയുടെ പ്രകൃതിഭംഗി ആസ്വദിക്കാനാവും.
ടൂറിസം വികസനത്തിനായി പ്രദേശത്തെ 12 ഭൂവുടമകൾ ചേർന്ന‌് 2.52 ഏക്കർ ഭൂമി ടൂറിസം വകുപ്പിന‌് കൈമാറി. 2017 ജൂണിൽ ഫണ്ട‌് അനുവദിച്ച പ്രവൃത്തിയുടെ നിർമാണ ചുമതല കെല്ലിനാണ‌്. വ്യൂപോയിന്റ‌്, മരത്തിനുചുറ്റുമുള്ള ഇരിപ്പിടങ്ങൾ, റെയിൻഷെൽട്ടർ, പാർക്കിങ‌് ഏരിയ, വാച്ച‌്ടവർ, സോളാർ ലൈറ്റിങ‌്, ബയോ ശുചിമുറി, ഹാൻഡ‌്റെയിൽ ഫെൻസിങ‌് എന്നീ പ്രവൃത്തികളാണ‌് ആദ്യഘട്ടത്തിൽ നടക്കുക. ഒന്നരവർഷംകൊണ്ട‌് പണി പുർത്തീകരിക്കാനാണ‌് തീരുമാനം. പുരുഷൻ കടലുണ്ടി എംഎൽഎയുടെ സ്വപ‌്നപദ്ധതിയാണ‌് കണയങ്കോട‌്﹣ കക്കയം﹣ വയലട ടൂറിസം മേഖലകൾ ചേർന്നുള്ള ബാലുശേരി ടൂറിസം കോറിഡോർ പദ്ധതി.
0 Comments