ഇവിടെങ്ങനെ വരും വികസനം.... നഗരത്തിലെ അന്താരാഷ്ട്ര നിലവാരമുള്ള റോഡുകള്‍ നശിപ്പിക്കുന്നു-യു.എൽ.സി.സി.എസ് പ്രസിഡന്‍റ് രമേശന്‍ പാലേരി,

നവീകരിച്ച എരഞ്ഞിപ്പാലം- കാരപ്പറമ്പ് റോഡിന്റെ ആകാശദൃശം (എരഞ്ഞിപ്പാലത്ത് നിന്നും)

കോഴിക്കോട്: വിദേശരാജ്യങ്ങളിലെ റോഡുകള്‍ കണ്ട് അത്ഭുതപ്പെട്ട് സ്വന്തം നാട്ടില്‍ ഇത്തരം റോഡുകളില്ലെന്ന് പരിതപിക്കുന്നവരാണ് മലയാളികള്‍. എന്നാല്‍ നല്ല റോഡുകള്‍ വന്നാലോ അത് എങ്ങനെ കുളമാക്കാമെന്ന് നന്നായി അറിയുകയും ചെയ്യാം എന്നതിന്റെ പ്രത്യക്ഷ ഉദ്ദാഹരണമാണ് കോഴിക്കോട് നഗരത്തിലെ പുതിയ റോഡുകളുടെ അവസ്ഥ. ഒരു വര്‍ഷം മുമ്പ് വരെ മഴക്കാലമായാല്‍ കോഴിക്കോട് നഗരത്തില്‍ നിന്നും വരുന്ന വാര്‍ത്തകളെല്ലാം പൊട്ടിപൊളിഞ്ഞ റോഡുകളെ പറ്റിയായിരുന്നു. എന്നാല്‍ നഗരത്തിന് ശാപമോക്ഷം നല്‍കി അന്താരാഷ്ട്ര നിലവാരമുള്ള ആറു റോഡുകള്‍ മുഖ്യമന്ത്രി കഴിഞ്ഞ വര്‍ഷം കോഴിക്കോടിന് സമര്‍പ്പിച്ചു. ഇതോടെ നഗരത്തിന്റെ മുഖഛായ തന്നെ മാറുകയും ഗതാഗതം സുഗമമാവുകയും ചെയ്തു. എന്നാല്‍ വേലി തന്നെ വിളവ് തിന്നാന്‍ തുടങ്ങിയതോടെ നഗരത്തിന് അഭിമാനമായ റോഡുകളുടെ ഭാവി ആശങ്കയിലാണ്. രാത്രിയില്‍ സാമൂഹ്യവിരുദ്ധര്‍ ദിനം പ്രതി ഈ റോഡുകള്‍ തല്ലിതകര്‍ക്കുകയാണ്. പുതിയ റോഡുകളിലെ ഡിവൈഡറുകളില്‍ സ്ഥാപിച്ച സിഗ്‌നല്‍ സംവിധാനങ്ങളും വേസ്റ്റ് ബിന്നുകളുമൊക്കെയാണ് കൂടുതലും നശിപ്പിക്കപ്പെടുന്നത്.

'കോടികള്‍മുടക്കി നടത്തുന്ന നഗരറോഡ് വികസനത്തോട് ഈ രീതിയിലാണ് പ്രതികരണമെങ്കില്‍ കോഴിക്കോട്ടിനി വികസനപ്രവൃത്തികള്‍ ഏറ്റടുക്കണമോ എന്ന് രണ്ടുവട്ടം ആലോചിക്കേണ്ടിയിരിക്കുന്നു.
പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയുമായ റോഡുകള്‍, ജനത്തിന്‍റെ നടുവൊടിയുന്നു, തോണിയാത്ര, അപകടങ്ങള്‍ പെരുകുന്നു. രണ്ടുവര്‍ഷം മുമ്ബത്തെ നഗരവാര്‍ത്തകള്‍ ഇങ്ങനെ ആയിരുന്നു. കാലം മാറി. ഊരാളുങ്കല്‍ ലാബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റി നഗരത്തിലെ ആറുറോഡുകള്‍ എറ്റെടുത്ത് നവീകരിച്ചു. 15വര്‍ഷത്തെ പരിപാലനവും ഉറപ്പുനല്‍കി. പക്ഷെ പലറോഡുകളിലും ഇന്നിറങ്ങിയാല്‍ ഉണ്ടാക്കിയവര്‍ക്ക് കരയാതെ നിവൃത്തിയില്ല. റോഡിലെ ചെറിയ വേസ്റ്റുകളിടാന്‍ ഉണ്ടാക്കിയ മനോഹരമായ വേസ്റ്റ് ബിന്നുകളില്‍ നിന്നും മാംസാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും പുറത്തേക്കിറങ്ങി നില്‍ക്കുന്നു. ലക്ഷക്കണക്കിന് രൂപ വില വരുന്ന ആന്റിഗ്ലൈറുകള്‍ നശിപ്പിക്കപ്പെടുന്നു. വിദേശ രീതിയില്‍ നിര്‍മിച്ച ഡിവൈഡറുകളെല്ലാം അടിച്ച്‌ തകര്‍ത്ത് മോഷ്ടിച്ചുകൊണ്ടുപോകുന്നു. റോഡരികില്‍ നിര്‍മിച്ച വിലകൂടിയ ടൈലുകള്‍ പാകിയ ഫൂട്പാത്തുകള്‍ നിറയെ മാലിന്യം വലിച്ചെറിയുന്നു. ആരോടാണ് പരാതി പറയേണ്ടത്? കളക്ടര്‍ക്കും ജനപ്രതിനിധികള്‍ക്കുമെല്ലാം പരാതി നല്‍കിയിട്ടും ഒന്നും നടന്നില്ല' - പാലേരി രമേശന്‍, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റി പ്രസിഡന്‍റ്

വര്‍ഷങ്ങളായി നഗരത്തിന് ശാപമായിരുന്ന ആറ് റോഡുകളാണ് ഊരാളുങ്കല്‍ ലാബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റി ഉഷാറാക്കിയെടുത്തത്. മഴയൊന്നു ചാറിയാല്‍ പൊട്ടിപ്പൊളിഞ്ഞ് താറുമാറായി കുണ്ടും കുളങ്ങളുമാകുന്ന, അപകടങ്ങള്‍ പതിവായ റോഡുകളായിരുന്നു ഇത്.
1) സ്റ്റേഡിയം- പുതിയറ ജംക്ഷന്‍ റോഡ്
2) പനാത്തുതാഴം- സി.ഡബ്ല്യു.ആര്‍.ഡി.എം റോഡ്
3) വെളളിമാടുകുന്ന്- കോവൂര്‍ റോഡ്
4) ഗാന്ധി റോഡ്- മിനി ബൈപാസ്
5) കുനിയില്‍കാവ്- മാവൂര്‍റോഡ് ജംഗ്ഷന് സമീപമുളള ഭാഗം
6) പുഷ്പ ജംഗ്ഷന്‍- മാങ്കാവ് റോഡ്

കൊതിപ്പിക്കുന്ന കോഴിക്കോടന്‍ മാതൃക

സംസ്ഥാനത്തെ മറ്റു നഗരങ്ങളിലെല്ലാം റോഡ് വികസനം ഏറ്റവും വലിയ ശാപമാകുമ്ബോള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കോഴിക്കോട്ടെ റോഡുകള്‍ മാറ്റിയത് യു.എല്‍.സി.സിയാണ്. വെറുതെ റോഡ് നന്നാക്കുകയല്ല, മറിച്ച്‌ അത്യാധുനികരീതിയിലുള്ള അഴുക്കുചാലുകള്‍, ഡിവൈഡറുകള്‍, വിളക്കുകള്‍, മനോഹരമായി ടൈല്‍പതിച്ച ഫുട്പാത്തുകള്‍, ഫുട്പാത്തുകളില്‍ ഭൂരിഭാഗവും പൂന്തോട്ടം നിര്‍മിച്ച്‌ അലങ്കരിച്ചവ കേരളത്തില്‍ ഇന്നേവരെ ഉണ്ടായിട്ടുള്ള റോഡുകളില്‍ ഏറ്റവും മികച്ചതും മനോഹരവുമായിട്ടാണ് സൊസൈറ്റി റോഡുകള്‍ നിര്‍മിച്ചത്. ഇതിനുപുറമേ നേരത്തെ സൊസൈറ്റി ഏറ്റെടുത്ത റോഡുകളായ എരഞ്ഞിപ്പാലം- കാരപ്പറമ്ബ് റോഡിലും നടപ്പാതയും സിഗ്‌നല്‍ലൈറ്റുകളും ഡിവൈഡറുകളുമെല്ലാം സൊസൈറ്റി സ്ഥാപിക്കുകയുണ്ടായി. എന്നാല്‍ ഈ റോഡുകളിലെല്ലാമുള്ള ഡിവൈഡറുകളിലെ വിദേശ നിര്‍മിത സിഗ്‌നല്‍ സംവിധാനങ്ങളെല്ലാം ദിനം പ്രതി അടിച്ചുതകര്‍ക്കുകയാണ്. രാത്രിയില്‍ നഗരം കൈയ്യടക്കുന്ന സാമൂഹ്യദ്രോഹികള്‍ തല്ലിക്കതര്‍ക്കുയാണ് ഇവയെന്നാണ് പൊലീസ് കണ്ടെത്തിയത്. പ്രധാന റോഡുകളിലെല്ലാം സ്ഥാപിച്ച സി.സി.ടി.വി കാമറകള്‍ ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമല്ലാത്തതിനാല്‍ പൊലീസിന് ആളെപ്പിടികൂടാനും കഴിയുന്നില്ല. നഗരമദ്ധ്യത്തില്‍ പോലും സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നത് തടയാന്‍ സാധിക്കാത്തത് പൊലീസ് പെട്രോളിംഗ് കാര്യക്ഷമമല്ലാത്തതിനാലാണെന്ന ആക്ഷേപവുമുണ്ട്.

Post a Comment

0 Comments