വീണ്ടും വലിയ വിമാനങ്ങളുടെ സർവ്വീസ് സ്വപ്നം കണ്ട് കരിപ്പൂർകോഴിക്കോട്: പ്രതീക്ഷയുടെ ആകാശം തുറന്നിട്ട് വീണ്ടും കരിപ്പൂര്‍ വിമാനത്താവളം. വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് അനുമതി ലഭിക്കാനുള്ള സാധ്യതേറിയതോടെ വിമാനക്കമ്പനികളും രംഗത്തെത്തിത്തുടങ്ങി. ഈമാസം 31ന് മുമ്പായി വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി സിവില്‍ ഏവിയേഷന്‍ വകുപ്പ് നല്‍കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഇക്കാര്യം ഇന്നലെ കരിപ്പൂര്‍ വിമാനത്താവള ഡയറക്ടര്‍ കെ ശ്രീനിവാസ റാവുവും പി കെ കുഞ്ഞാലിക്കുട്ടി എം പിയും പങ്കുവെച്ചു. അനുകൂല തീരുമാനമുണ്ടായാല്‍ വിദേശ വിമാനക്കമ്പനികള്‍ ഉള്‍പ്പെടെ കരിപ്പൂരില്‍ നിന്ന് സര്‍വീസ് പുനരാരംഭിക്കും. നിലവില്‍ എയര്‍ ഇന്ത്യയും സഊദി എയര്‍ലൈന്‍സും സര്‍വീസ് നടത്തുന്നതിന് താത്പര്യമറിയിച്ചിട്ടുണ്ട്.

വലിയ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതോടെ കരിപ്പൂര്‍ വീണ്ടും കേരളത്തിന്റെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി മാറും. മൂന്ന് മാസം മുമ്പ് വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടര്‍ കത്തയച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ അനുകൂല നടപടികളുണ്ടായിരിക്കുന്നത്. സഊദി എയര്‍ലൈന്‍സിന്റെ സുരക്ഷാ റിപ്പോര്‍ട്ട് ലഭിക്കുക മാത്രമാണ് ഇനി തടസ്സമുള്ളത്. 2015 മുതല്‍ നവീകരണത്തിനായി വിമാനത്താവളം അടച്ചതോടെയാണ് വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറങ്ങാതായത്. വിമാനത്താവളത്തെ തകര്‍ക്കാനുള്ള ഉദ്യോഗസ്ഥ ഗൂഢാലോചനയാണെന്ന വിമര്‍ശം ഉയരുകയും നിരവധി സമരങ്ങള്‍ക്ക് വിമാനത്താവളം സാക്ഷിയാവുകയും ചെയ്തിരുന്നു. ഇതിനിടെയാണ് വീണ്ടും കരിപ്പൂര്‍ വലിയ വിമാനങ്ങളുടെ ചിറകടിക്കായി കാതോര്‍ക്കുന്നത്. പി കെ കുഞ്ഞാലിക്കുട്ടി എം പിയുടെ നേതൃത്വത്തില്‍ വിമാനത്താവള ഡയറക്ടര്‍ ശ്രീനിവാസ റാവുവും എയര്‍ഇന്ത്യ എയര്‍പോര്‍ട്ട് മാനേജര്‍ റാസ അലി ഖാനുമായും ചര്‍ച്ച നടത്തി ഇക്കാര്യം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. വലിയ വിമാനങ്ങള്‍ക്ക് ഈമാസം 31നകം ഇറങ്ങാനുള്ള അനുമതി ലഭ്യമാകുന്നത് സംബന്ധിച്ച് വ്യോമയാന വകുപ്പ് ഉദ്യോഗസ്ഥരുമായും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും (ഡി ജി സി എ) വ്യക്തത വരുത്തിയതായി കുഞ്ഞാലിക്കുട്ടി യോഗശേഷം പറഞ്ഞു. വ്യോമയാന മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങളുമായി ബന്ധപ്പെട്ട ഡയറക്ടര്‍ക്കും ഈ ഉറപ്പ് ലഭിച്ചിട്ടുണ്ട്. കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യയുടെ സഊദി സര്‍വീസിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വിമാനത്താവള വികസനത്തിന് എത്രമാത്രം ഭൂമിയാണ് വേണ്ടതെന്ന് ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ച് കരിപ്പൂര്‍ വിമാനത്താവള അധികൃതര്‍ സംസ്ഥാന സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും. ജിദ്ദ സര്‍വീസ് ആരംഭിച്ചാല്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ സ്വാഭാവികമായും കരിപ്പൂരിലേക്ക് വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

Post a Comment

0 Comments