കേന്ദ്ര സർക്കാർ നയം മാറ്റില്ല; യു.എ.ഇയുടെ 700 കോടി സഹായം കേരളത്തിന് നഷ്ടമായേക്കും



ദില്ലി: വിദേശരാജ്യങ്ങളില്‍ നിന്നുള്ള സംഭാവന സ്വീകരിക്കേണ്ട എന്ന നയം തിരുത്താന്‍ തയ്യാറല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇതോടെ യുഎഇ പ്രഖ്യാപിച്ച 700 കോടി രൂപയുടെ സഹായം കേരളത്തിന് നഷ്ടമായേക്കും. പതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് വിദേശരാജ്യങ്ങളുടെ ധനസഹായം സ്വീകരിക്കേണ്ടെന്ന നയം ഇന്ത്യ സ്വീകരിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്താതിരുന്നാല്‍ വിദേശരാജ്യങ്ങള്‍ പ്രഖ്യാപിച്ച ധനസഹായങ്ങള്‍ കേരളത്തിന് നഷ്ടമാകും. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. യുഎഇയിക്ക് പുറമെ ഖത്തറും മാലിദ്വീപും കേരളത്തിന് ധനസഹായങ്ങള്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്. എന്നാല്‍ ദുരന്തഘട്ടത്തില്‍ വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കേണ്ട എന്ന നയം മാറ്റേണ്ടതില്ല എന്നുതന്നെയാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്.



കേരളത്തിന് ഐക്യരാഷ്ട്രസഭയുടെ സഹായം ആവശ്യമില്ലെന്നും കേന്ദ്രം ഇന്നലെ വ്യക്തമാക്കിയിരുന്നു. സഹായ സന്നദ്ധത ഐക്യരാഷ്ട്രസഭ അറിയിച്ചപ്പോഴാണ് കേരളത്തിന് അതിന്റെ ആവശ്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. കൂടാതെ കേരളത്തിന്റെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കും എന്നും അറിയിച്ചിരുന്നു.

Post a Comment

0 Comments