കാലവര്‍ഷക്കെടുതി:ജില്ലയിൽ രേഖകള്‍ നഷ്ടപ്പെട്ടവർക്ക് അവ ലഭ്യമാക്കുന്നതിന് പ്രത്യേക അദാലത്ത്



കോഴിക്കോട്: ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ വിവിധ രേഖകള്‍ നഷ്ടപ്പെട്ട വ്യക്തികള്‍ക്ക് പകരം രേഖകള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അദാലത്ത് നടത്തും. അദാലത്തിന് മുന്നോടിയായി താലൂക്ക് കേന്ദ്രങ്ങളില്‍ അപേക്ഷ സ്വീകരിക്കുന്നതിന് ഈ മാസം 29 ന് - വടകര ടൗണ്‍ഹാള്‍, 30 ന് കൊയിലാണ്ടി ടൗണ്‍ഹാള്‍, 31 ന് താമരശ്ശേരി ടൗണ്‍ഹാള്‍, സെപ്തംബര്‍ ഒന്നിന് കോഴിക്കോട് ടൗണ്‍ഹാള്‍ എന്നീ തീയതികളില്‍ രാവിലെ 10 മണിക്ക് നടത്തും. അപേക്ഷ ഫോം താലൂക്ക് കേന്ദ്രങ്ങളില്‍ സൗജന്യമായി വിതരണം ചെയ്യും. പകരം രേഖകള്‍ നല്‍കാന്‍ സഹായകരമായ ലഭ്യമായ പകര്‍പ്പുകളും മറ്റ്  അപേക്ഷകര്‍ ഹാജരാക്കുന്നത് സഹായകരമായിരിക്കും. ജില്ലാ നിയമ ഓഫീസര്‍ :9447642140.



ദുരിതബാധിതര്‍ക്ക് രേഖകളില്ലെങ്കിലും സൗജന്യ ചികില്‍സ ഉറപ്പ് വരുത്തും

സമാനതകളില്ലാത്ത പ്രളയദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കുന്നതിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ അധ്യക്ഷതയില്‍  ചേര്‍ന്ന യോഗത്തില്‍ കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നല്‍കുന്ന ചികിത്സ, മറ്റ് സഹായ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് അവലോകനം ചെയ്തു. ദുരന്ത സ്ഥലങ്ങളില്‍ നിന്നം ക്യാമ്പുകളില്‍ നിന്നും മറ്റും എത്തുന്ന രോഗികള്‍ക്ക് മികച്ച ചികിത്സ സജ്ജമാക്കും. ദുരിത ബാധിതര്‍ക്ക് രേഖകളില്ലെങ്കിലും പൂര്‍ണ്ണമായും സൗജന്യ ചികില്‍സ ഉറപ്പ് വരുത്തും. ജീവനക്കാരും റസിഡണ്ടുമാരും ദിവസവേതനാടിസ്ഥാനത്തിലും കരാര്‍ അടിസ്ഥാനത്തിലും ജോലി ചെയ്യുന്നവരും കുറഞ്ഞത് രണ്ട് ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനും യോഗത്തില്‍ ധാരണയായി.

Post a Comment

0 Comments