കനത്ത മഴയില്‍ വ്യാപകമായി മണ്ണിടിച്ചില്‍:ചുരത്തിലും മലയോര റോഡുകളിലും ഗതാഗതം പരിമിതപെടുത്തണമെന്ന് കലക്ടര്‍



കോഴിക്കോട്: കനത്ത മഴയില്‍ വ്യാപകമായി മണ്ണിടിച്ചില്‍ ഉള്ളതിനാല്‍ വയനാട് ചുരത്തിലും മലയോര റോഡുകളിലും വാഹന ഗതാഗതം പരിമിതപെടുത്തേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മലയോര മേഖലയില്‍ വെള്ളപൊക്കവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തുടരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. മലയോരങ്ങളില്‍ രാത്രികാല യാത്ര പരിമിതപ്പെടുത്തണം. ടൂറിസ്റ്റുകള്‍ അതീവ ജാഗ്രത പാലിക്കണം. ദുരന്തബാധിത മേഖലയില്‍ ടൂറിസ്റ്റുകള്‍ യാത്ര ഒഴിവാക്കണം.


വെള്ളപൊക്കമുണ്ടാകുന്നതിനാല്‍ പുഴയോരങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. മലയിടിച്ചിലില്‍ തകര്‍ന്ന കക്കയം തലയാട് റോഡില്‍ വാഹനഗതാഗതം കര്‍ശനമായി നിയന്ത്രിക്കണം. ഉരുള്‍പൊട്ടലുണ്ടായതിനാല്‍ ചുരം റോഡിലൂടെയുള്ള യാത്ര പരിമിതപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് അറിയിച്ചു. മലയോരങ്ങളില്‍ പലയിടങ്ങളിലും മലയിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ സാഹചര്യത്തില്‍ അപകട സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സ്ഥലത്തെ വില്ലേജ് ഓഫീസറെ വിവരമറിയിക്കുകയും മാറി താമസിക്കുകയും വേണം. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. പോയിട്ടുള്ളവര്‍ തിരിച്ച് വരണമെന്നും കലക്ടര്‍ പറഞ്ഞു.

കക്കയം ഡാമില്‍ നിന്ന് ആറ് അടി വരെ വെള്ളം തുറന്നുവിടാന്‍ സാധ്യതയുള്ളതിനാല്‍ കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവരും പരിസരവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ചക്കിട്ടപാറ, കൂരാച്ചുണ്ട്, ചെങ്ങരോത്ത്, കുറ്റ്യാടി പഞ്ചായത്തുകളില്‍ അതീവ ജാഗ്രത പാലിക്കണം. പുഴയുടെ തീരത്ത് നിന്ന് മാറി താമസിക്കണം. മലയോരത്ത് അപകട സാധ്യത മേഖലയിലുള്ളവര്‍ വില്ലേജ് ഓഫീസറെ വിവരമറിയിക്കണം. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാറി താമസിക്കാന്‍ അമാന്തം കാട്ടരുത്. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ ഉരുള്‍പ്പൊട്ടല്‍ വെള്ളപൊക്കം മലയിടിച്ചില്‍ ഉണ്ടായ മേഖലകളില്‍ പോകുന്നത് ഒഴിവാക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ജില്ലയില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നു.
കലക്ടറേറ് 0495-2371002,
കോഴിക്കോട് 0495-2372966,
താമരശ്ശേരി -0495-2223088,
കൊയിലാണ്ടി 0496-2620235, വടകര 0496-2522361

Post a Comment

0 Comments