കോഴിക്കോട്: ഡിജിപിയുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഉത്തരമേഖല സൈബര്‍ പോലീസ് സ്റ്റേഷന്‍ കോഴിക്കോട് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. നിലവില്‍ തിരുവനന്തപുരത്ത് മാത്രമാണ് സൈബര്‍ സ്റ്റേഷനുള്ളത്. സൈബര്‍ ആക്രമണങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. സി. ശിവപ്രസാദിനായിരിക്കും സ്റ്റേഷന്‍ ചുമതല. നിലവില്‍ സി.ഐ ഓഫീസ് മാത്രമാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ജീവനക്കാരെ അടക്കം ഉടന്‍ നിയമിക്കുമെന്നാണറിയുന്നത്.
സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെ സൈബര്‍ സെല്ലിനോട് ചേര്‍ന്നാണ് നിലവില്‍ സി.ഐ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഫര്‍ണിച്ചര്‍ അടക്കമുള്ളവ സജ്ജീകരിച്ച് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസില്‍ ഉടന്‍ പ്രത്യേക പോലീസ് സ്‌റ്റേഷനായി പ്രവര്‍ത്തക്കും. ഇതിനായി ഫര്‍ണിച്ചര്‍ അടക്കമുള്ളവ സജ്ജീകരിക്കേണ്ടതുണ്ട്. ഫര്‍ണിച്ചര്‍ അടക്കമുള്ളവയ്ക്കായി 30 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. സൈബര്‍ സ്റ്റേഷനായി ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ഒരു എഎസ്‌ഐ, നാല് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍, 11 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, ഒരു ഡ്രൈവര്‍ എന്നിങ്ങനെ 18 തസ്തികകളാണ് സൃഷ്ടിച്ചത്.
മോര്‍ഫിങ്, സൈബര്‍ തീവ്രവാദം, സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങി വിവിധ കേസുകളാണ് സ്റ്റേഷന്റെ പരിധിയല്‍ അന്വേഷിക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ കേസുകളാണ് ഇവിടെ അന്വേഷിക്കുക. ജൂലായ് 26-ന് ഡിജിപി അത് സംബന്ധിച്ച് ഉത്തരവിറക്കിയിരുന്നു.
എന്‍ജിനിയറിംഗ് സേനാംഗങ്ങളായ വിവിധ ബറ്റാലിയനുകളിലെ 135 പേരുടെ പട്ടികയില്‍ നിന്നാണ് സൈബര്‍ സ്റ്റേഷനുകളിലേക്കുള്ള ജീവനക്കാരെ തിരഞ്ഞെടുത്തത്. പലരും ബിടെക്, എംടെക് യോഗ്യതയുള്ളവരാണ്. ഐടി വിഭാഗം നിലവില്‍ വരുന്നതോടെ സ്വകാര്യ മേഖലയെ പൂര്‍ണമായി ഒഴിവാക്കുകയാണ് ലക്ഷ്യം. പരാതികളില്‍ സ്വതന്ത്രമായി കേസന്വേഷണം നടത്താനും സാധിക്കും. ഇത് കേസന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കും. മൂന്ന് മേഖലകളിലായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് സൈബര്‍ സ്‌റ്റേഷനുകള്‍ ആരംഭിക്കുന്നത്. ഇതില്‍ തിരുവനന്തപുരത്ത് മാത്രമാണ് ഇപ്പോള്‍ സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്.
0 Comments