ന്യൂനമർദ്ദം വഴിമാറി, അതിതീവ്ര മഴയുണ്ടാകില്ല; 13 ജില്ലകളിൽ ഇന്നും റെഡ് അലർട്ട്



കൊച്ചി : ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം മധ്യപ്രദേശ് മേഖലയിലേക്ക് മാറിയതിനാല്‍ സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയും. അതിതീവ്ര മഴ ഉണ്ടാകില്ലന്നാണ് വിവരം. എന്നാല്‍ 13 ജില്ലകളിലും റെഡ് അലര്‍ട്ട് തുടരും. മറ്റു പ്രതികൂല സാഹചര്യങ്ങളൊന്നും പൊടുന്നനെ ഉണ്ടാവുന്നില്ലെങ്കില്‍ ശനിയാഴ്ചയോടെ മഴ എല്ലാ ജില്ലകളിലും കുറയും.മഴ നിന്നാല്‍ നാല് അഞ്ചു മണിക്കൂര്‍നുള്ളില്‍ വെള്ളം താഴും.

30 മുതല്‍ 60 ദിവസം വരെ ഇടവിട്ട്, മഴയുടെ ശക്തി കൂടിയും കുറഞ്ഞും വരുന്ന മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (എംജെഒ) എന്ന പ്രതിഭാസമാണു കേരളത്തില്‍ പെരുമഴയ്ക്കു കാരണമായത്. ഇതോടൊപ്പം ഒഡീഷ തീരത്തു ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതും പെരുമഴ വര്‍ധിപ്പിച്ചു. സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം നേരത്തേ ആരംഭിച്ചു. മേയ് ആദ്യ ആഴ്ചകളില്‍ തന്നെ ശക്തമായ മഴ തുടങ്ങിയിരുന്നു.



സംസ്ഥാനത്തെ മഹാപ്രളയത്തില്‍ പെട്ട് ഒറ്റപ്പെട്ടവരെ രക്ഷപെടുത്താന്‍ നാവികസേനയുടെ അതിതീവ്രദൗത്യം തുടരുകയാണ്. 40 ഡൈവിങ് ടീമുകളും ഹെലികോപ്റ്ററുകളുമായി ഓപ്പറേഷന്‍ മദത് എന്ന ദൗത്യംഎല്ലാത്തരത്തിലും സഹായഹസ്തവുമായി രംഗത്തുണ്ട്. പെരിയാറില്‍ നിന്ന് കുതിച്ചെത്തിയ വെള്ളത്തില്‍ ഭൂരിഭാഗവും മുങ്ങിയ കൊച്ചിയില്‍ നാവികസേന പൂര്‍ണസമയ നിരീക്ഷണം നടത്തുന്നുണ്ട്. 40 റെക്‌സ്യൂ ഡൈവിങ് ടീമുകള്‍ ജെമിനി ബോട്ടുകളുമായി രക്ഷാദൗത്യം നടത്തുന്നു. കഴിഞ്ഞദിവസം വരെ 150 ഓളം ആളുകളെയാണ് എയര്‍ലിഫ്റ്റ് ചെയ്തത്. രക്ഷപെടുത്തിയവര്‍ക്ക് നാവികസേനാ ആസ്ഥാനത്ത് ക്യാംപ് ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമേ ഫോര്‍ട്ട് കൊച്ചിയിലും ആലുവയിലും നാവികസേനയുടെ ദുരിതാശ്വാസ ക്യാംപുകളുണ്ട്.

Post a Comment

0 Comments