കോഴിക്കോട്: നവീകരണം കഴിഞ്ഞപ്പോൾ ഉഷാറായ സൗത്ത് ബീച്ചിലേക്ക് ആളുകളുടെ ഒഴുക്കാണിപ്പോൾ. സൗത്ത് ബീച്ച് നവീകരിച്ചതിനെ കുറിച്ച് അഭിമാനത്തോടെ പറയുന്നവർ കോർപറേഷന്റെ എതിർഭാഗത്തേക്കൊന്ന് നോക്കണം. കൊട്ടിഘോഷിച്ചുണ്ടാക്കിയ നിർമിതികളെല്ലാം സംരക്ഷിക്കാനാളില്ലാതെ തകർന്ന് കിടക്കുകയാണ് ഇവിടെ. മുമ്പ് ബീച്ച് ടൂറിസത്തിന്റെ ഭാഗമായി നവീകരിച്ച ഇവിടെ ആളുകൾക്ക് നടക്കാനും ഇരിക്കാനും കഴിയാത്ത അവസ്ഥയാണ്. അറ്റകുറ്റപ്പണികൾ നടത്താൻ കോർപറേഷനോ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലോ തയ്യാറാവുന്നില്ല.
ഇരിപ്പിടങ്ങൾ മണ്ണിടിഞ്ഞ് താഴ്ന്നു. മതിൽക്കെട്ടുകളിലും പടികളിലും പതിപ്പിച്ച മാർബിൾ പലയിടത്തും തകർന്നു. കൂടാതെ വൈദ്യുതി വിളക്കുകൾ ഏറെയും തകരാറിലാണ്. ബൾബുകൾ ഫ്യൂസാവുകയും ബൾബിന്റെ സ്റ്റാന്റ് തുരുമ്പിക്കുകയും ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവ സാമൂഹ്യ വിരുദ്ധർ നശിപ്പിക്കുകയും ചെയ്തു. നടപ്പാതയിൽ വിരിച്ച ഇന്റർലോക്ക് ഇടിഞ്ഞു താഴ്ന്നതിനാൽ ഇതുവഴി നടക്കാൻ പോലും ആവില്ല. അടുത്തിടെ നവീകരിച്ച കോഴിക്കോട് സൗത്ത് ബീച്ചിനോട് ചേർന്ന ഭാഗമാണ് ഇത്തരത്തിൽ നശിക്കുന്നത്.
സൗത്ത് ബീച്ചിന്റെ നവീകരണത്തോട് അനുബന്ധമായി കോർപറേഷൻ ഓഫീസിന്റെ അടുത്തു വരെയുള്ള ഈ ഭാഗവും അറ്റകുറ്റ പണികൾ നടത്തി സംരക്ഷിക്കണമെന്നാണ് ബീച്ചിലെത്തുന്നവരുടെ ആവശ്യം. സൗത്ത് ബീച്ച് നവീകരിച്ചതിൽ പിന്നെ കോഴിക്കോട് ബീച്ചിലെത്തുന്ന സന്ദർശകരിൽ വലിയൊരു ഭാഗവും അവിടേക്കാണ് പോവുന്നത്. ഇവിടുത്തെ ശോചനീയാവസ്ഥ കൂടിയായപ്പോൾ കോഴിക്കോട് ബീച്ചിനെ കൈയൊഴിയുകയാണ് ഏറെപ്പേരും.
0 Comments