സൗത്ത് ബീച്ച് ശുചീകരിക്കാൻ ‘ശുദ്ധി’ പദ്ധതി


കോഴിക്കോട്: സൗത്ത് ബീച്ചിന്റെ സൗന്ദര്യം മാഞ്ഞുപോകാതെ കാക്കാൻ ‘ശുദ്ധി’. ഡോ. എം.കെ. മുനീർ എം.എൽ.എ.യുടെ കീഴിൽ സൗത്ത് മണ്ഡലത്തിൽ നടപ്പാക്കുന്ന ശുദ്ധി പദ്ധതിയുടെ ഭാഗമായാണ് ശുചീകരണം. തീരമേഖലയിലെ സ്കൂളുകളിലെ എൻ.എസ്.എസ്.-റെഡ്‌ക്രോസ് വിദ്യാർഥികളാണ് ബീച്ചിലെ മാലിന്യം നീക്കി ശുചീകരിക്കുക. ശേഖരിക്കുന്ന പാഴ്‌വസ്തുക്കൾ വൃത്തിയാക്കി സംസ്‌കരണത്തിനയക്കും.

സെയ്ന്റ് ജോസഫ്‌സ് ബോയ്‌സ് സ്കൂൾ, ഹിമായത്തുൽ സ്കൂൾ, പരപ്പിൽ എം.എം. സ്കൂൾ, കുറ്റിച്ചിറ സ്കൂൾ, കാലിക്കറ്റ് ഗേൾസ് സ്കൂൾ, പ്രോവിഡൻസ് ഗേൾസ് സ്‌കൂൾ, എം.ഇ.എസ്. വനിതാകോളേജ് എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് ശുചീകരണത്തിനിറങ്ങുന്നത്. തെക്കേപ്പുറം റെസിഡന്റ്‌സ് കോ-ഓർഡിനേഷൻ കമ്മിറ്റി, തെക്കേപ്പുറം വോയ്‌സ് എന്നിവയുടെ സഹകരണവും ഉണ്ടാകും.

കേരള പ്ലാസ്റ്റിക് മാനുഫാകച്വേഴ്‌സ് അസോസിയേഷൻ ബീച്ചിൽ ചവറ്റുകുട്ട വെക്കാനും ലയൺസ് ക്ലബ്ബ് ബീച്ചിന്റെ ഒരു നിർദിഷ്ടഭാഗം വൃത്തിയായി സൂക്ഷിക്കാനും സന്നദ്ധത അറിയിച്ചിട്ടുണ്ട്. മാലിന്യ മുക്തപ്രഖ്യാപനം ഡോ. എം.കെ. മുനീർ എം.എൽ.എ. നിർവഹിച്ചു. കെ. മൊയ്തീൻകോയ അധ്യക്ഷനായി. സി.ടി. സക്കീർ ഹുസൈൻ, കെ.എൻ. റഫീക്ക്, എം.കെ. ഫൈസൽ, ടി.കെ. നൗഫൽ, എം.പി. ഉണ്ണികൃഷ്ണൻ നായർ, പി. അരുൺ കുമാർ, ഡോ. സുമാ നാരായാണൻ, കൃഷ്ണൻ നമ്പൂതിരി, സി. മമ്മദ് കോയ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments