പാതയോരങ്ങളില്‍ മരങ്ങള്‍ നടാന്‍ ബൃഹത് പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്കോഴിക്കോട്: പാതയോരങ്ങളില്‍ മരങ്ങള്‍ നടാന്‍ ബൃഹത് പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. വെങ്ങളം മുതല്‍ രാമനാട്ടുകര വരെയുളള കോഴിക്കോട് ബൈപാസ് എന്‍.എച്ച്. 66 ദേശീയ പാത 6 വരിയാക്കുന്നതിന്‍റെ ഭാഗമായി മുറിച്ചു മാറ്റുന്ന 1529 മരങ്ങള്‍ക്കു പകരം ജില്ലയില്‍ 15290 മരങ്ങള്‍ വെച്ചു പിടിപ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വൃക്ഷകമ്മറ്റി  യോഗം തീരുമാനിച്ചു. വേരോടെ പിഴുതു മാറ്റിവെച്ച് സംരക്ഷിക്കാന്‍ കഴിയുന്ന 85 മരങ്ങള്‍ പുതിയ സ്ഥലത്ത് മാറ്റിവെക്കാനും മുറിച്ചു മാറ്റുന്ന 1444 മരങ്ങള്‍ക്കു പകരം 14440 മരങ്ങള്‍ നട്ടു പിടിപ്പിക്കുന്നതിന് നാഷണല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യ പ്രതിനിധികളുമായി കരാര്‍ ഒപ്പിടുന്നതിനും തീരുമാനിച്ചു.മാവ്, പ്ലാവ്, പേരക്ക തുടങ്ങിയ ഫലവൃക്ഷ തൈകളാണ് വെച്ചുപിടിപ്പിക്കുക. യോഗത്തില്‍ രാമനാട്ടുകര മുനിസിപ്പല്‍ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്‍, സാമുഹ്യ വനവത്കരണ വിഭാഗം അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി .സന്തോഷ്കുമാര്‍, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.കെ പവിത്രന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം.സി വിജയകുമാര്‍, വൃക്ഷ കമ്മിറ്റി അംഗവും പരിസ്ഥിതി പ്രവര്‍ത്തകനുമായ എം.എ ജോണ്‍സന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ജില്ലയിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍, റസിഡന്‍സ് അസോസിയേഷന്‍, ഹയര്‍ സെക്കണ്ടറി, കോളേജ് നാഷണല്‍ സര്‍വ്വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍മാര്‍, സിറ്റിസണ്‍ കണ്‍സര്‍വേറ്റര്‍മാര്‍, യുവജന സംഘടനകള്‍ തുടങ്ങിയവരുടെ യോഗം ഈ മാസം 16 ഉച്ചയ്ക്ക് 2.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരും.

Post a Comment

0 Comments