കോഴിക്കോട് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു



കോഴിക്കോട്: കോഴിക്കോട്ട് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. കോഴിക്കോട്​ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള കോഴിക്കോട്​ പാവങ്ങാട്​ സ്വദേശിനിക്കാണ്​ രോഗം സ്​ഥിരീകരിച്ചത്. പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവര്‍ ചികിത്സയിലാണ്. സമാന രോഗലക്ഷണവുമായി മറ്റൊരാളും നിരീക്ഷണത്തിലാണ്. പക്ഷികളില്‍ നിന്ന് കൊതുകുവഴി മനുഷ്യരിലേക്ക് പകരുന്ന വൈറസ് രോഗമാണിത്.

എന്താണ്​ വെസ്​റ്റ്​ നൈൽ പനി ?

വൈറസ്​ രോഗമാണ്​ വെസ്​റ്റ്​ നൈൽ പനി. കൊതുകുകളാണ്​ രോഗം പരത്തുന്നത്​. രോഗാണു വാഹകരായ പക്ഷികളെ കടിച്ച കൊതുകുകൾ വഴിയാണ്​ മനുഷ്യരിലേക്ക്​ രോഗം പകരുന്നത്​.
രക്​ത-അവയവ ദാനത്തിലൂടെയും അമ്മയിൽ നിന്ന്​ മുലപ്പാലിലൂടെ കുഞ്ഞിനും ഗർഭിണിയിൽ നിന്ന്​ ഗർഭസ്​ഥ ശിശുവിനും അപൂർവമായി രോഗം ബാധിക്കാം. എന്നാൽനേരിട്ട്​ മനുഷ്യരിൽ നിന്ന്​ മനുഷ്യരിലേക്ക്​ പകരില്ല.  രോഗം ബാധിച്ച 75 ശതമാനം പേർക്കും ലക്ഷണങ്ങളൊന്നും പ്രകടമാകാറില്ല. 20 ശതമാനം പേർക്ക്​ ചെറിയ പനി, തലവേദന, ഛർദി, തടിപ്പ്​ എന്നിവ അനുഭവപ്പെടും. ഒരു ശതമാനത്തിൽ കുറവ്​ പേർക്ക്​ മസ്​തിഷ്​ക ജ്വരത്തിനോ, മെനിൻജൈറ്റിസിനോ സാധ്യതയുണ്ട്​. രക്​ത പരിശോധനയിലൂടെ രോഗം തിരിച്ചറിയാം. അസുഖം ഭേദമാകാൻ ആഴ്​ചകളോ ചിലപ്പോൾ മാസങ്ങളോ എടുക്കും. രോഗം നാഡീകളെ ബാധിച്ചാൽ 10 ശതമാനം വരെ മരണ സാധ്യതയുമുണ്ട്​. ആഗസ്​റ്റ്​​, സെപ്​തംബർ മാസങ്ങളിലാണ്​ രോഗം കൂടുതലായി കാണുന്നത്​. 1937 ൽ ഉഗാണ്ടയിലാണ്​ രോഗം ആദ്യമായി കണ്ടെത്തിയത്​. 1999ൽ വടക്കേ അമേരിക്കയിലാണ്​ രോഗം തിരിച്ചറിഞ്ഞത്​.

Post a Comment

0 Comments