കേന്ദ്രസംഘം ജില്ലയിലെ വിവിധ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചുകോഴിക്കോട്: പ്രളയക്കെടുതിയും കാലാവസ്ഥ ദുരന്തവും വിലയിരുത്തുന്ന കേന്ദ്ര സംഘം ജില്ലയിലെ വിവിധ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.  മിനിസ്ട്രി ഓഫ് അഗ്രികള്‍ച്ചര്‍, കോ-ഓപറേഷന്‍ ആന്റ് ഫാര്‍മേഴ്‌സ് ജോ. സെക്രട്ടറി ഡോ. ബി രാജേന്ദര്‍, മിനിസ്ട്രി ഓഫ് അഗ്രികള്‍ച്ചര്‍, കോ-ഓപറേഷന്‍ ആന്റ് ഫാര്‍മേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ പൊന്നുസാമി, മിനിസ്ട്രി ഓഫ് പവര്‍ ചീഫ് എന്‍ജിനീയര്‍ വന്ദന സിംഗാള്‍, കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ജോയിന്റ് സെക്രട്ടറി ധരംവീര്‍ ഝാ എന്നിവരടങ്ങിയ സംഘമാണ് ജില്ലയില്‍ സന്ദര്‍ശനം നടത്തിയത്. ഹസാഡ് അനലിസ്റ്റ് ജി എസ് പ്രദീപാണ് സംഘത്തെ അനുഗമിച്ചത്.കലക്ടര്‍ യു.വി.ജോസിന്റെ സാന്നിധ്യത്തില്‍ കോഴിക്കോട്ട് ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ പ്രളയക്കെടുതികളും കാലാവസ്ഥ ദുരന്തങ്ങളും വിലയിരുത്തി. ജൂണിലുണ്ടായ കരിഞ്ചോലമലയിലെ ഉരുള്‍പൊട്ടലും കണ്ണപ്പന്‍കുണ്ടിലെയും ചുരത്തിലെയും കോര്‍പറേഷനിലെയും മലയോരമേഖലയിലെയും പ്രളയക്കെടുതികളും ചിത്രങ്ങളും വീഡിയോയും സഹിതം സംഘത്തിന് മുമ്പില്‍ വിശദീകരിച്ചു.  സബ് കലക്ടര്‍ വി.വിഘ്‌നേശ്വരി, ഡെപ്യൂട്ടി കലക്ടര്‍ (ദുരന്തനിവാരണം) കെ റംല, കോഴിക്കോട് തഹസില്‍ദാര്‍ കെ ടി സുബ്രഹ്മണ്യന്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു. ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരിച്ച കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലമലയാണ് കേന്ദ്രസംഘം ആദ്യം സന്ദര്‍ശിച്ചത്. ദുരന്തത്തെ തുടര്‍ന്ന് ഈ ഭാഗത്ത് നിന്ന് മാറി താമസിച്ച കരിഞ്ചോല സുരേഷിനെ കണ്ട് സംഘം വിവരങ്ങള്‍ ശേഖരിച്ചു. വാടക വീട്ടിലേക്ക് മാറ്റി താമസിപ്പിച്ച കരിഞ്ചോല അബ്ദുറഹിമാന്റെ വീടും സംഘം സന്ദര്‍ശിച്ചു.

തുടര്‍ന്ന് ഉുള്‍പൊട്ടലുണ്ടായ പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പന്‍കുണ്ട് സന്ദര്‍ശിച്ചു. ഉരുള്‍പൊട്ടലില്‍ കൂറ്റന്‍കല്ലുകളും പാറകളും വന്നടിഞ്ഞ് പുഴ ഗതി മാറിയൊഴുകി വീടുകള്‍ തകര്‍ന്ന കണ്ണപ്പന്‍കുണ്ട് പാലവും വീടുകളാണ് സന്ദര്‍ശിച്ചത്. പുഴ ഗതിമാറിയൊഴുകി കൃഷി നശിച്ച വെസ്റ്റ് കൈതപ്പൊയില്‍ സ്വദേശി ജോണിന്റെ കൃഷിയിടവും സംഘം സന്ദര്‍ശിച്ചു. 18ലധികം ജാതി മരങ്ങളും മൂന്ന് വര്‍ഷം പ്രായമായ തെങ്ങിന്‍തൈകളുമാണ് നശിച്ചത്. കാലവര്‍ഷത്തില്‍ തകര്‍ന്ന താമരശേരി ചുരത്തിലെ ഭാഗവും പൊളിച്ചു നീക്കുന്ന കെട്ടിടമടങ്ങിയ പ്രദേശവും സംഘം സന്ദര്‍ശിച്ചു. ദുരന്തപ്രദേശങ്ങളിലെ വിവരങ്ങള്‍ സമാഹരിച്ച് കേന്ദ്രസംഘം 24ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വിലയിരുത്തും. ജില്ലാ കലക്ടര്‍ യു വി ജോസ്, സബ് കലക്ടര്‍ വി.വിഘ്‌നേശ്വരി, ഡെപ്യൂട്ടി കലക്ടര്‍ (ദുരന്തനിവാരണം) കെ റംല, താമരശേരി തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖ്, എന്നിവരും സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു

Post a Comment

0 Comments