ശരീരം ചവിട്ടുപടിയായി നൽകിയ ജയ്സലിന്റെ കാരുണ്യത്തിന് സമ്മാനമായി കാർ



കോഴിക്കോട്:വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനത്തിനിടെ ബോട്ടിൽ കയറാൻ സാധിക്കാതിരുന്ന സ്ത്രീകൾക്ക്, വെള്ളത്തിൽ മുട്ടുകുത്തി തന്റെ പുറം ചവിട്ടുപടിയാക്കി നൽകിയത് ജൈസലായിരുന്നു. കേരളത്തിലിറങ്ങിയ ആദ്യ മഹീന്ദ്ര മറാസോ കാറാണ് ഇറാം മോട്ടോഴ്സ് കെ.പി. ജൈസലിനു സമ്മാനമായി നൽകിയത്. സമൂഹത്തിനു നന്മ ചെയ്ത ഒരാൾക്ക് നൽകിക്കൊണ്ടാവണം മരാസോയുടെ വിൽപനയ്ക്കു തുടക്കം കുറിക്കുന്നതെന്ന തീരുമാനമാണ് ജൈസലിൽ എത്തിയതെന്ന് ഇറാം മോട്ടോഴ്‌സ് ഉടമ ഡോ. സിദ്ദിഖ് അഹമ്മദ് പറഞ്ഞു.



ദേശീയ ദുരന്തനിവാരണ സേന ആവശ്യപ്പെട്ടതനുസരിച്ചാണ് ജൈസലും സുഹൃത്തുക്കളും മുതലമാട് പ്രദേശത്ത് ബോട്ടുമായി രക്ഷാപ്രവർത്തനത്തിനെത്തിയത്. ബോട്ടിന്റെ ഉയരക്കൂടുതൽ കാരണം സ്ത്രീകൾ കയറാൻ വിഷമിക്കുകയായിരുന്നു. അവർക്കാണ്  ജൈസൽ സ്വന്തം ശരീരം ചവിട്ടുപടിയാക്കിയത്. ചടങ്ങിൽ ജൈസലിന്റെ സുഹൃത്തുക്കളായ അഫ്സൽ, മുനീസ് എന്നിവരെയും ആദരിച്ചു. എ.പ്രദീപ് കുമാർ എംഎൽഎ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, കലക്ടർ യു.വി.ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.



‘‘വിശ്വസിക്കാൻ കഴിയുന്നില്ല..., ഇതെനിക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത സമ്മാനമാണ്. ജീവിതത്തിൽ എന്നെങ്കിലും എനിക്കൊരു കാറ് സ്വന്തമായുണ്ടാവുമെന്ന് സ്വപ്നംപോലും കണ്ടിട്ടില്ല. ഈ കാറ് ഞാൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും ’’ മൽസ്യബന്ധന തൊഴിലാളി കെ.പി. ജൈസൽ പറഞ്ഞു

Post a Comment

0 Comments