വനങ്ങള്‍ക്ക് ഇനി സ്വന്തം ഡാറ്റാബാങ്ക്; റെക്കോര്‍ഡ് സെന്റര്‍ കോഴിക്കോട് പ്രവർത്തനം ആരംഭിച്ചു



കോഴിക്കോട്: സംസ്ഥാനത്തെ സംരക്ഷണ വനങ്ങൾക്ക് ഇനി സ്വന്തം ഡാറ്റാബാങ്ക്. ഇത് സംബന്ധിച്ചുള്ള ജില്ല തിരിച്ചുള്ള റെക്കോർഡ് സെന്റർ വനം മന്ത്രി അഡ്വ.കെ.രാജു നാടിന് സമർപ്പിച്ചു. അത്യാധുനിക സംവിധാനങ്ങളോടെ കോഴിക്കോട് മാത്തോട്ടം വനശ്രീ കോംപ്ലക്സിലാണ് റെക്കോർഡ് സെന്റർ സജ്ജമാക്കിയിരിക്കുന്നത്. 1971-ൽ സർവേ ചെയ്ത സർക്കാർ വനഭൂമി റീ സർവേ ചെയ്ത് ജണ്ട കെട്ടുന്നത് പുരോഗമിക്കുന്ന സാഹചര്യത്തിലാണ് മുഴുവൻ രേഖകളും ഒരൊറ്റ കേന്ദ്രത്തിൽ ക്രോഡീകരിച്ച് സംരക്ഷിക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്തരമൊരു കേന്ദ്രം നിലവിൽവരുന്നത്.

വനശ്രീ കോംപ്ലക്സിൽ, വനംവകുപ്പിലെ ഉന്നതോദ്യോഗസ്ഥർക്ക് താമസിക്കാനായി ഉണ്ടാക്കിയ ക്വാർട്ടേഴ്‌സുകളിലൊന്നാണ് സർവേ റെക്കോഡ്‌ സെന്ററായി നവീകരിച്ചിരിക്കുന്നത്. ഫോറസ്റ്റ് മിനി സർവേ ഓഫീസിന് കീഴിലായിരിക്കും കേന്ദ്രം പ്രവർത്തിക്കുക. വന സർവേ രേഖകളുടെയും മാപ്പുകളുടെയും പൂർണ സുരക്ഷ ഉറപ്പാക്കുന്ന തരത്തിലുള്ള ലോക്കറുകളാണ് റെക്കോഡ്‌ റൂമിന്റെ സവിശേഷത. തീ, ചിതൽ തുടങ്ങിയവയിൽ നിന്നെല്ലാം സുരക്ഷ ഉറപ്പാക്കുന്നതും ചെറു ട്രാക്കുകളിൽ നീക്കാൻ സാധിക്കുന്നവയുമാണിവ.



സുരക്ഷ ഉറപ്പാക്കുന്നതിന് സുരക്ഷാക്യാമറകളും ബയോമെട്രിക് വാതിലും സ്ഥാപിച്ചിട്ടുണ്ട്. ഔദ്യോഗികമായി അനുവദിക്കപ്പെട്ടവർക്ക് മാത്രമേ കേന്ദ്രത്തിൽ പ്രവേശിക്കാനാകൂ. 42 ലക്ഷം രൂപയാണ് ചെലവ്. സംസ്ഥാനത്തെ 11,500 ചതുരശ്ര കിലോമീറ്റർ സംരക്ഷിത വനഭൂമിയുടെ രേഖകളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്‌സ് ഇ. പ്രദീപ് കുമാർ വിശദീകരിച്ചു. ഈ രേഖകൾ നഷ്ടപ്പെടുന്ന പക്ഷം ആധികാരിക രേഖയില്ലാതെ വനഭൂമി ഇല്ലാതാകുന്ന അവസ്ഥ സംജാതമാകും. െെകയേറ്റങ്ങൾക്കെതിരേ നടപടിയെടുക്കുന്നതിനും സർവേ റെക്കോഡുകൾ അനിവാര്യമാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി. ഉദ്ഘാടനച്ചടങ്ങിൽ എം.കെ. രാഘവൻ എം.പി., മേയർ തോട്ടത്തിൽ രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു

Post a Comment

0 Comments