കോഴിക്കോട്: സൗത്ത്ബീച്ചിലെ റോഡുകള്‍ കൈയടക്കി ലോറികള്‍. ബീച്ചിലെ രക്തസാക്ഷി മണ്ഡപം മുതല്‍ ലോറികളുടെ നീണ്ടനിരയാണ്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പലപ്പോഴും തടസപ്പെടുന്നു. പോലീസ് നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടും പരസ്യമായ നിയമലംഘനമാണ് നടക്കുന്നത്. എന്നാല്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കാനും പോലീസ് ഇപ്പോള്‍ തയാറാവുന്നില്ല. ഇതോടെ ലോറികള്‍ റോഡരികില്‍ നിറയുകയാണ്. സൗത്ത് ബീച്ച് നവീകരിച്ചതോടെ നിരവധി വാഹനങ്ങളാണ് ഇവിടേക്ക് വരുന്നത്. എന്നാല്‍ ഇവിടെ ബൈക്കുകള്‍ക്ക് പോലും നിര്‍ത്താനാവാത്ത നിലയില്‍ ലോറികള്‍ പാര്‍ക്ക് ചെയ്യുകയാണെന്നാണ് ഉയരുന്ന ആരോപണം.
ലോറികള്‍ റോഡരിക് പോലും കൈയടക്കുന്നതോടെ ഏറെ അകലെ വാഹനം നിര്‍ത്തിയാണ് സൗത്ത് ബീച്ചിലേക്ക് ആളുകള്‍ വരുന്നത്. അതേസമയം ലോറി സ്റ്റാന്‍ഡ് മാറ്റാന്‍ കോര്പറേഷന് തീരുമാനിച്ചിരുന്നെങ്കിലും ഇത് നടപ്പാക്കിയിട്ടില്ല. പുതിയങ്ങാടിക്കടുത്ത് കോയാറോഡിലേക്കും മീഞ്ചന്തയിലേക്കുമാണ് സ്റ്റാന്‍ഡ് മാറ്റാന്‍ തീരുമാനിച്ചത്. മേയ് ഒന്നുമുതല്‍ കോയാറോഡില്‍ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് ലോറിസ്റ്റാന്‍ഡ് പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് കളക്ടര്‍ യു.വി.ജോസ് ഉള്‍പ്പെടെയുള്ളവര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ലോറികള്‍ ഇപ്പോഴും സൗത്ത് ബീച്ചില്‍ തന്നെയാണ് പാര്‍ക്ക് ചെയ്യുന്നത്. സൗത്ത് ബീച്ചിലെ ലോറി പാര്‍ക്കിംഗ് ഗതാഗത പ്രശ്നത്തിനിടയാക്കുന്നുണ്ടെന്നത് വര്‍ഷങ്ങളായി ഉയരുന്ന പരാതിയാണ്.
സൗത്ത് ബീച്ച് സൗന്ദര്യവത്കരണം പൂര്‍ത്തിയാവുന്നതോടെ ലോറി സ്റ്റാന്‍ഡ് ഇവിടെ പ്രവര്‍ത്തിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഗതാഗത ഉപദേശകസമിതി ലോറിസ്റ്റാന്‍ഡ് മാറ്റാന്‍ അഞ്ചു മാസം മുമ്പ് തീരുമാനിച്ചത്. ഈ തീരുമാനം നടപ്പാക്കാന്‍ പിന്നീട് അധികൃതര്‍ തയാറായില്ല.
ഒരു ദിവസം വലിയങ്ങാടിയില്‍ മാത്രം നൂറിലേറെ ലോറികള്‍ ചരക്കെടുക്കാനെത്തുന്നുണ്ട്. പക്ഷേ, സൗത്ത് ബീച്ചിലും ചെറൂട്ടി റോഡിലെ ലോറിസ്റ്റാന്ഡിലുമായി 75 ലോറികള്‍ നിര്‍ത്തിയിടാനുള്ള സൗകര്യമേയുള്ളൂ. അതുകൊണ്ട് സ്റ്റാന്‍ഡും നിറഞ്ഞാണ് റോഡുകളിലേക്ക് പാര്‍ക്കിംഗ് നീളുന്നത്. പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങളും ഇവിടെയില്ല. അതേസമയം കോയാറോഡില്‍ 100-ലധികം ലോറികള്‍ക്ക് നിര്‍ത്തിയിടാനുള്ള സൗകര്യമുണ്ട്. ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.
ചരക്കെടുക്കാന്‍ ഏജന്റുമാര്‍ അറിയിക്കുന്നതിനനുസരിച്ച് ലോറികള്‍ക്ക് വലിയങ്ങാടിയിലെത്തും വിധത്തിലായിരുന്നു ലോറി സ്റ്റാന്‍ഡ് പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചത്. മീഞ്ചന്തയില്‍ ബസ് സ്റ്റേഷനായി ഏറ്റെടുത്ത മൂന്നേക്കര്‍ സ്ഥലത്തും ലോറി സ്റ്റാന്‍ഡ് ആരംഭിക്കാനും തീരുമാനമായിരുന്നു.
0 Comments