കാത്തിരിക്കുന്നതാരെ: വർഷങ്ങൾ പിന്നിട്ടിട്ടും പൂർണമായും പ്രവർത്തനം തുടങ്ങാതെ ജെന്‍ഡര്‍ പാര്‍ക്ക്

ജെന്‍ഡര്‍ പാര്‍ക്ക് കോഴിക്കോട്

കോഴിക്കോട്: സ്ത്രീകള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തില്‍ പഠനസൗകര്യമൊരുക്കുന്ന ദക്ഷിണേഷ്യയിലെ ആദ്യ സ്ഥാപനം, ലിംഗസമത്വവും സ്ത്രീക്ഷേമത്തിനും ഊന്നല്‍ നല്‍കുന്ന രാജ്യത്തെ ആദ്യ ജെന്‍ഡര്‍ പാര്‍ക്ക് ഇങ്ങനെയൊക്കെയായിരുന്നു പദ്ധതി തുടങ്ങും മുന്‍പ് പറഞ്ഞുവച്ചത്. എന്നാല്‍ നാലുവര്‍ഷം മുന്‍പ് ഉദ്ഘാടനം നടക്കുമ്പോള്‍ ഉണ്ടായിരുന്ന പ്രതീക്ഷകള്‍ ഇപ്പോള്‍ ഇല്ലാതായിരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജെന്‍ഡര്‍ പാര്‍ക്ക് ഉദ്ഘാടനം കഴിഞ്ഞിട്ടും ഇതുവരെ തുറന്നു പ്രവര്‍ത്തിച്ചിട്ടില്ല. 2011ല്‍ അന്നത്തെ ധനമന്ത്രി തോമസ് ഐസക് തന്റെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയായിരുന്നു ഇത്.

സാമൂഹികനീതി വകുപ്പ് കോംപ്ലക്‌സിലുള്ള അഞ്ചേക്കര്‍ സ്ഥലത്താണു പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 15 കോടിയുടെ ബൃഹത്പദ്ധതിയുടെ ആദ്യഘട്ടം 2012ല്‍ അന്നത്തെ സാമൂഹ്യനീതി വകുപ്പ് മന്ത്രിയായിരുന്ന ഡോ. എം.കെ മുനീര്‍ മുന്‍കൈയെടുത്ത് പൂര്‍ത്തിയാക്കിയിരുന്നു. ഇതിനോടൊപ്പം ‘തന്റേടം’ ജെന്‍ഡര്‍ ഫെസ്റ്റ് നടത്തുകയും പദ്ധതിയെ കൂടുതല്‍ ജനകീയമാക്കുകയും ചെയ്തിരുന്നു. വായനയില്‍ താല്‍പര്യമുള്ളവര്‍ക്ക് വിപുലമായ ലൈബ്രറി, കുടുംബശ്രീ, വനിതാകമ്മിഷന്‍, വനിതാവികസന കോര്‍പ്പറേഷന്‍ തുടങ്ങി സ്ത്രീകളുമായി ബന്ധപ്പെട്ട വകുപ്പുകളുടെ ഓഫിസുകള്‍, ഗാന്ധിയന്‍ മ്യൂസിയം, പ്രദര്‍ശന ഹാള്‍ എന്നിവയെല്ലാം അന്ന് ഉദ്ഘാടനം ചെയ്തിരുന്നു. സാമൂഹിക ക്ഷേമവകുപ്പിന്റെ ആഫ്റ്റര്‍ കെയര്‍ ഹോമില്‍നിന്ന് വിവാഹിതരാകുന്നവര്‍ക്ക് സൗജന്യ സഹായം നല്‍കാനും സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കാനും സൗകര്യപ്പെടുന്ന കണ്‍വന്‍ഷന്‍ സെന്ററിന്റെയും ആംഫി തിയറ്ററിന്റെയും പണി ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.
.


ദക്ഷിണേന്ത്യയിലെ തന്നെ സ്ത്രീകള്‍ക്കുള്ള ആദ്യ ഗവേഷണ കേന്ദ്രമായിട്ടാണ് അന്ന് ഇതിനെ ഉയര്‍ത്തിക്കാട്ടിയിരുന്നത്. ഒപ്പം സ്വതന്ത്രമായി സ്ത്രീകള്‍ക്ക് പഠിക്കാനും വായിക്കാനും സാംസ്‌കാരിക കൂട്ടായ്മകള്‍ നടത്തുന്നതിനുള്ള പദ്ധതിയും വിഭാവനം ചെയ്തിരുന്നു. മൂന്നു മാസത്തിനകം കേന്ദ്രത്തില്‍ പി.എച്ച്ഡി, ഡിപ്ലോമ, അഡ്വാന്‍സ് ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവ തുടങ്ങുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങളും സുരക്ഷാ ജീവനക്കാരും നിലവില്‍ നടക്കുന്ന പ്രവൃത്തിയുടെ സൈറ്റ് എന്‍ജിനീയര്‍മാരും തോട്ടം ജീവനക്കാരും മാത്രമാണ് ഇവിടെയുള്ളത്. മുന്‍കൂട്ടി വിഭാവനം ചെയ്ത പദ്ധതികള്‍ നടപ്പാക്കാത്തതും കെട്ടിടം അടഞ്ഞുകിടക്കുന്നതും ജെന്‍ഡര്‍ പാര്‍ക്ക് എന്ന സ്വപ്നപദ്ധതിക്ക് മങ്ങലേറ്റതിന്റെ തെളിവാണ്.


സ്ത്രീകളുടെ ക്ഷേമം മുന്‍നിര്‍ത്തി നടപ്പാക്കുന്ന ജെന്‍ഡര്‍ പാര്‍ക്കിന്റെ ശനിദശ ഉടന്‍ അവസാനിക്കുമെന്ന ശുഭപ്രതീക്ഷയിലാണിപ്പോള്‍ അധികൃതര്‍. ജെന്‍ഡര്‍ പാര്‍ക്ക് പുനഃസ്ഥാപിക്കുമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രഖ്യാപനം പ്രതീക്ഷയ്ക്ക് നിറം പകരുന്നുമുണ്ട്. പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ വിഭാവനം ചെയ്ത 500 പേര്‍ക്ക് ഒരേസമയം ഇരിക്കാന്‍ സാധിക്കുന്ന കണ്‍വന്‍ഷന്‍ സെന്ററിന്റെയും അന്താരാഷ്ട്ര സൗകര്യത്തോടു കൂടിയ ആംഫി തിയറ്ററിന്റെയും പ്രവൃത്തി പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ ഷീബാ മുംതാസ് പറയുന്നു.



കണ്‍വന്‍ഷന്‍ സെന്ററിലെ വൈദ്യുതിസംബന്ധ പ്രവൃത്തികള്‍ കഴിഞ്ഞദിവസം ആരംഭിച്ചു. സെന്ററിന്റെ അകവശം രൂപകല്‍പന ചെയ്യാന്‍ തുക അനുവദിക്കുന്നതിന് ഭരണാനുമതിക്കായി സമര്‍പ്പിച്ചുകഴിഞ്ഞു. ലൈബ്രറിയിലെ പുസ്തക ശേഖരത്തിലേക്കു പുസ്തകങ്ങള്‍ എത്തിച്ചുതുടങ്ങി. വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച പദ്ധതിയുടെ രണ്ടാംഘട്ട പൂര്‍ത്തീകരണത്തിനായുള്ള നയരൂപീകരണ യോഗം ഉടന്‍ ചേരുമെന്നാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് മുന്നണിയില്‍ നില്‍ക്കുന്ന സ്ഥലം എം.എല്‍.എ എ. പ്രദീപ്കുമാര്‍ അറിയിച്ചിരിക്കുന്നത്.

പി.എച്ച്ഡി, ഡിപ്ലോമ, അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്‌സുകള്‍ ആരംഭിക്കാനും ഗവേഷണ കേന്ദ്രത്തില്‍ അക്കാദമിക നിയമനങ്ങള്‍ നടത്താനുമുള്ള പദ്ധതിനിര്‍ദേശം സംസ്ഥാന ഉപദേഷ്ടാവ് ഡോ. ടി.കെ ആനന്ദിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്. നിയമനങ്ങള്‍ നടക്കുന്നതോടെ തൊഴില്‍ നൈപുണ്യകേന്ദ്രം, ഉല്‍പാദനകേന്ദ്രം, പഠന ഗവേഷണ കേന്ദ്രം എന്നിവ പ്രവര്‍ത്തനക്ഷമമാവുന്നതോടെ കാലങ്ങളായി വാഗ്ദാനങ്ങളില്‍ മാത്രമൊതുങ്ങിയ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കു പുതുജീവന്‍ കൈവരുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്

Post a Comment

0 Comments