മഹിളാ മാളിന്റെ ഓഫിസ് പ്രവർത്തനം തുടങ്ങി



കോഴിക്കോട്:കോർപറേഷൻ കുടുംബശ്രീ സിഡിഎസ് മഹിളാ മാളിന്റെ ഭരണ നിർവഹണ ഓഫിസ് പ്രവർത്തനമാരംഭിച്ചു. യൂണിറ്റി ഗ്രൂപ്പിന്റെ സഹകരണത്തോടെ വയനാട് റോഡിൽ ഫാത്തിമ ഹോസ്പിറ്റലിനു എതിർവശത്താണ് ഓഫിസ്. 36000 ചതുരശ്ര അടിയിൽ വിസ്തൃതിയിലുള്ള മാളിന്റെ ബേസ്മെന്റ് നിലയിൽ ചെറുകിട സംരംഭകരുടെ സ്ഥിരം വിപണിയായി 26 കൗണ്ടറുകളോടുകൂടിയ മൈക്രോ ബസാർ പ്രവർത്തിക്കും.


4 നിലകളിലായി 80 കടമുറികളാണുള്ളത്. ഇതിൽ 70 മുറികളും ബുക്കിങ് കഴിഞ്ഞു. നാലാം നിലയിൽ കുടുംബശ്രീയുടെ ടെക്നോ വേൾഡ് ട്രെയിനിങ് സെന്റർ, ഫാമിലി കൗൺസലിങ് സെന്റർ, വനിതാ സഹകരണ ബാങ്ക് കൗണ്ടർ, വനിതാ ഡവലപ്മെന്റ് കോർപറേഷൻ ഹെൽപ്പ് ഡസ്ക്, ഷീ ടാക്സി ഹെൽപ്പ് ടക്സ്, വനിതകളുടെ വിവിധ സർവീസുകളുടെ കിയോസ്ക് തുടങ്ങിയവ പ്രവർത്തിക്കും.

അഞ്ചാം നിലയിൽ ഇലക്ട്രോണിക് പ്ലേ സോൺ സജ്ജമാക്കും. റൂഫ് ഗാർഡനിലാണ് ഫുഡ് കോർട്ട്. രണ്ടു ബാങ്കുകളുടെ എടിഎം കൗണ്ടറുകൾ മാളിലുണ്ടാകും. പ്രാർഥനാ മുറിയും സജ്ജീകരിക്കും. ഒക്ടോബറിൽ മാൾ ഉദ്ഘാടനം ചെയ്യും. ഓഫിസ് ഉദ്ഘാടനം ഡപ്യൂട്ടി മേയർ മീരാ ദർശക് നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ അനിതാ രാജൻ ആധ്യക്ഷ്യം വഹിച്ചു. കൗൺസിലർ ഇ.പ്രശാന്ത്കുമാർ, സിഡിഎസ് ചെയർപേഴ്സൺമാരായ എൻ.ജയഷീല, ടി.കെ.ഗീത, ഒ.രജിത, കുടുംബശ്രീ പ്രോജക്ട് ഓഫിസർ എം.വി.റംസി ഇസ്മയിൽ, യൂണിറ്റി ഗ്രൂപ്പ് സെക്രട്ടറി കെ.വിജയ, തയ്യിൽ മൊയ്തീൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments