മിഠായിത്തെരുവിലെ പ്രതിഷേധ പ്രകടനം: ജോയ് മാത്യുവിനെതിരെ കേസ്



കോഴിക്കോട്:പ്രകടനത്തിനു നിരോധനമുള്ള മിഠായിത്തെരുവിൽ പൊലീസ് മുന്നറിയിപ്പു മറികടന്ന് പ്രതിഷേധിച്ച സംഭവത്തിൽ നടൻ ജോയ് മാത്യുവിനെതിരെ കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തു. ജലന്തർ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിൽ സമരം നടത്തുന്ന കന്യാസ്ത്രീകളോട് അനുഭാവം പ്രകടിപ്പിച്ചാണ് ജോയ് മാത്യുവും വിവിധ സാംസ്കാരിക പ്രവർത്തകരും പ്രകടനം നടത്തിയത്. ജില്ലാ ഭരണകൂടത്തിന്റെയും കോർപറേഷന്റെയും തീരുമാനപ്രകാരമാണ് മിഠായിത്തെരുവിൽ പ്രകടനത്തിന് വിലക്കേർപ്പെടുത്തിയിരുന്നത്.



നേരത്തെയും വിലക്ക് ലംഘിച്ച് പ്രകടനം നടത്തിയവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും സ്വാഭാവിക നടപടിയെന്നുമാണ് പൊലീസ് നിലപാട്. ജോയ് മാത്യുവിന്റെയും സംഘത്തിന്റെയും പ്രകടനം മിഠായിത്തെരുവിൽ പ്രവേശിച്ചതോടെ പൊലീസ് വിലക്കിയിരുന്നു. എന്നാൽ, സംഘം പ്രകടനം പൂർത്തിയാക്കുകയായിരുന്നു. വിലക്കു ലംഘിച്ചതിനാണ് ജോയ് മാത്യുവിനെതിരെയും കണ്ടാലറിയാവുന്ന ഇരുപതാളുകൾക്കെതിരെയും കേസെടുത്തത്.

ജോയ് മാത്യു:"കന്യാസ്ത്രീ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു  പ്രതിഷേധിച്ചതിന്റെ പ്രതികാരം തീർക്കാനാണ് പൊലീസ് കേസെടുത്തത്. കേസിനെ പുല്ലുപോലെ നേരിടും. പ്രതിഷേധങ്ങൾ അടിച്ചമർത്താൻ ആർക്കും അവകാശമില്ല. സമരങ്ങൾ അടിച്ചമർത്തുന്നതിൽ മോദിയുടേതും പിണറായിയുടേതും ഒരേ നയമാണ്. വേണ്ടി വന്നാൽ ഇനിയും സമരം സംഘടിപ്പിക്കും."

Post a Comment

0 Comments