ഓപ്പറേഷൻ കനോലി കനാൽ രണ്ടാംഘട്ടം; ഇന്ന് ജൈവ അണുനാശിനി പ്രയോഗം


കോഴിക്കോട്: ഓപ്പറേഷൻ കനോലി കനാൽ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ, വൃത്തിയാക്കിയ കനാലിലേക്ക് രാജൻ വേങ്ങാടിന്റെ നേതൃത്വത്തിൽ ഇന്ന് ജൈവ അണുനാശിനി പ്രയോഗിക്കും. ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ഭാഗം മുതലാണ് ഇത് ഉപയോഗിക്കുക. വൃത്തിയാക്കിയ കനാലിലെ വൈറസ്, ഫംഗൽ, ബാക്ടീരിയകളെ നശിപ്പിച്ച് തെളിനീരാക്കി മാറ്റാൻ ജൈവ അണുനാശിനി പ്രയോഗത്തിലൂടെ കഴിയും. കനാലിലേക്ക് തുറക്കുന്ന മലിനജല പൈപ്പുകളിലും ജൈവ അണുനാശിനി ഉപയോഗിക്കും. ശുചിയാക്കിയ കനാൽ തുടർന്നും മലിനപ്പെടാതിരിക്കാൻ ഇതുമൂലം കഴിയും. ആദ്യ ഘട്ടത്തിൽ ശുചീകരണത്തിന് എരഞ്ഞിപ്പാലം മുതൽ കാരപ്പറമ്പ് വരെയുള്ള ഭാഗത്ത് ജൈവ അണുനാശിനി ഉപയോഗിച്ചിരുന്നു. കനാലിലെ ദുർഗന്ധം അകറ്റാൻ കഴിയുന്നതിനോടൊപ്പം പാർശ്വഫലങ്ങൾ ഇല്ലാത്തതുമാണ് ഇത്. വിഷൻ ഗ്രീൻ എർത്ത് മൂവ്‌മെന്റ് സൊസൈറ്റി സൗജന്യമായാണ് അണുനാശിനി നൽകുന്നത്.രണ്ടാംഘട്ടത്തിൽ കനാലിനെ എട്ട് ഭാഗങ്ങളായി മാറ്റി പതിനാറ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റികൾ രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ഓരോ കൗൺസിലർക്കും 600 മീറ്റർ മുതൽ ഒരു കിലോമീറ്റർ വരെയാണ് പരിധി. കുളവാഴയും കാടുകളും നീക്കം ചെയ്യുകയാണ് രണ്ടാം ഘട്ടത്തിൽ. തുടർന്ന് കനാലിലെ ജലം സി.ഡബ്ല്യൂ.ആർ.ഡി.എം പരിശോധിച്ച് നടപടികൾ സ്വീകരിക്കും. കനോലി കനാലിലേക്ക് തുറക്കുന്ന 150 മലിനജല പൈപ്പുകളുടെയും വായ്ഭാഗം കരുത്തുറ്റ വലകൾകൊണ്ട് മൂടും. മലാപ്പറമ്പ്, ചേവായൂർ എന്നിവിടങ്ങളിൽ നിന്നായി 30 തോടുകളാണ് കനോലി കനാലിൽ അവസാനിക്കുന്നത്. പൊല്യൂഷൻ കൺട്രോൾ ബോർഡിന്റേയും സി.ഡബ്ല്യൂ.ആർ.ഡി.എമ്മിന്റേയും നേതൃത്വത്തിൽ ഇവ അതത് ദിവസം തന്നെ ശുചിയാക്കും. ഇവിടെയുള്ള 12ഓളം റസിഡൻസ് അസോസിയേഷനുകളിലും ബോധവത്കരണ നാടകം സംഘടിപ്പിക്കും. ഈ മാസാവസാനത്തോടെ രണ്ടാം ഘട്ടം പൂർത്തിയാക്കാനാണ് തീരുമാനം.

പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 2513 ചാക്ക് പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് കനോലി കനാലിൽ നിന്നു നീക്കം ചെയ്തത്. കനാലിന്റെ സമീപത്തുള്ള രണ്ട് ഇറച്ചിക്കടകൾ പൂട്ടിക്കുകയും ചെയ്തു. ഓപ്പറേഷൻ കനോലി കനാലിന്റെ മൂന്നാം ഘട്ടത്തിൽ ശുചിയാക്കിയ കനാലിന്റെ സൗന്ദര്യവത്കരണമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കേരളപ്പിറവി ദിനത്തിൽ കനോലി കനാൽ പൂരം നടത്താനും ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. പുസ്തകമേള, ഭക്ഷ്യമേള, ജലയാത്ര എന്നിവ നടത്തും.

Post a Comment

0 Comments