കനോലി കനാലിലെ ജലത്തിൽ മാലിന്യമെത്ര പത്തുദിവസം കൊണ്ടറിയാം


കോഴിക്കോട്: ഓപ്പറേഷൻ കനോലി കനാലിന്റെ ഭാഗമായി എട്ട് സെക്ടറുകളിൽനിന്ന്‌ കനാലിലെ വെള്ളം പരിശോധനക്കായി ശേഖരിച്ചു. സി.ഡബ്ല്യു.ആർ.ഡി.എം. രജിസ്ട്രാർ കൂടിയായ ഡോ. പി.എസ്. ഹരികുമാറിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണ് വെള്ളം ശേഖരിച്ചത്. മൊബൈൽ ലാബുമായാണ് ഇവർ എത്തിയത്.



പലഭാഗത്തും വെള്ളം ഒട്ടും ഒഴുകുന്നില്ല. അതിനാൽ എവിടെയാണ് മലിനീകരണം കൂടുതലെന്ന് മനസ്സിലാക്കാൻ കഴിയും. മൂര്യാട് ഭാഗത്ത് വെള്ളത്തിന്റെ ഒഴുക്ക് പൂർണമായും നിലച്ച മട്ടാണ്. ഓവുചാലുകൾ പലതും കനാലിലേക്ക് തുറന്നുകിടക്കുന്നതിനാൽ എന്തൊക്കെ മാലിന്യമുണ്ടെന്ന് പരിശോധിക്കേണ്ടതുണ്ട്. പത്ത് ദിവസത്തിനുള്ളിൽ പരിശോധനാഫലം ലഭിക്കുമെന്ന് ഡോ. പി.എസ്. ഹരികുമാർ പറഞ്ഞു. ഒഴുക്ക് സുഗമമായാൽ വെള്ളത്തിന്റെ മാലിന്യത്തിന്റെ തോത് കുറയും. അതിനാൽ ശുചീകരണം തുടരുമ്പോൾ വീണ്ടും വെള്ളം പരിശോധിക്കും. അതിനുശേഷമാണ് തുടർപ്രവർത്തനങ്ങൾ നടത്തുക.

കനാലിലേക്ക് തുറക്കുന്ന ഓവുചാലുകളിൽ ഒരാഴ്ചക്കുള്ളിൽ വലയിടും. സി.ഡബ്ല്യു.ആർ.ഡി.എമ്മും മലിനീകരണനിയന്ത്രണ ബോർഡും ചേർന്ന് വലയ്ക്കുള്ള ഡിസൈൻ തയ്യാറാക്കി. അണക്കെട്ടുകളിലെ പെൻസ്റ്റോക്കുകളിൽ ഇടുന്ന തരം വലയിടാനാണ് ഉദ്ദേശിക്കുന്നത്. എരഞ്ഞിപ്പാലം പാസ്പോർട്ട് ഓഫീസിന് സമീപം കനാലിലേക്ക് തുറക്കുന്ന ഓവുചാലിനാണ് ആദ്യം പരീക്ഷണാർഥം വലയിടുക. പ്ലാസ്റ്റിക് കുപ്പികളും മറ്റും ഇതിൽ തങ്ങി നിൽക്കും. കനാലിലേക്ക് തുറക്കുന്ന പല അഴുക്കുചാലുകളിൽ നിന്ന് ഇപ്പോൾ മലിനജലം ഒഴുക്കിവിടുന്നത് കുറവാണെന്ന് നിറവ് കോ-ഓർഡിനേറ്റർ ബാബു പറമ്പത്ത് പറഞ്ഞു.

Post a Comment

0 Comments