കോഴിക്കോട് മെഡിക്കൽ കോളേജ‌് പിഎംആർ സെന്റർ നവീകരണം തുടങ്ങി


കോഴിക്കോട‌്:കോഴിക്കോട് മെഡിക്കൽ കോളേജ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (പിഎംആർ) സെന്ററിന്റെ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി.  കിടത്തി ചികിത്സക്കുള്ള പുതിയ വാർഡിന്റെ നിർമാണവും ലിംഫ് സെന്റർ നവീകരണവുമാണ് ആരംഭിച്ചത്. അപകടങ്ങൾ, പക്ഷാഘാതം പോലുള്ള അസുഖങ്ങൾ കാരണം ശരീരവും കൈകാലിന്റെ ചലനവും നിലച്ചവരെ ചിട്ടയായ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്ന  പ്രവർത്തനമാണിവിടെ നടക്കുന്നത്.  പിഎംആർ സെന്ററിനും ആൺകുട്ടികളുടെ ഹോസ‌്റ്റലിനുമായി മൂന്നുകോടി രൂപ ചെലവിലാണ‌് കെട്ടിടം പണിയുന്നത‌്. മലപ്പുറം മുതൽ കാസർകോട്  വരെ ജില്ലകളിൽ നിന്നുള്ളവർ ഇത്തരം ചികിത്സക്കായി കോഴിക്കോട‌് മെഡിക്കൽ കോളേജിനെയാണ‌്  ആശ്രയിക്കുന്നത്.



40 കട്ടിലുകൾ മാത്രമാണുള്ളത്. ഇത‌് രോഗികൾക്ക‌്   പ്രയാസമുണ്ടാക്കുന്നു എന്നത് മാത്രമല്ല മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ പരിശോധനക്ക‌് എത്തുന്ന സമയത്ത് പിജി കോഴ്സുകളുടെ അംഗീകാരത്തിന് ഭീഷണിയാവുന്നതായി വകുപ്പ്മേധാവി ഡോ.  ശ്രീദേവി മേനോൻ പറഞ്ഞു.  പിജി കോഴ്സ് നിലനിൽക്കണമെങ്കിൽ 60 കട്ടിലുകൾ വേണമെന്നാണ് വ്യവസ്ഥ.  പുതുതായി നിർമിച്ച വാർഡിൽ 20 കട്ടിലുകളും ബാത്ത് റൂം ഉൾപ്പടെ അനുബന്ധ സംവിധാനങ്ങൾക്കും സൗകര്യമുണ്ട്. വർഷത്തിൽ രണ്ടായിരത്തിലേറെ പേർ കൃത്രിമ കാലുകൾക്കും കൈകൾക്കും രജിസ്റ്റർചെയ്യുന്ന ലിംഫ് സെന്റർ 1977 ൽ നിർമിച്ചതിനുശേഷം ഇതുവരെ നവീകരിച്ചിട്ടില്ല. അതിനാൽ ഇത‌് പൊട്ടിപ്പൊളിഞ്ഞ സ്ഥിതിയിലാണ‌്.

കൃത്രിമ കൈകാലുകളും മറ്റ് ഉപകരണങ്ങളും ഇവിടെയാണ് നിർമിക്കുന്നത്. 25 ടെക്നീഷ്യന്മാരും അനുബന്ധ ജീവനക്കാരും ഇവിടെയുണ്ട്. ഉപകരണങ്ങൾ വച്ചുപിടിപ്പിക്കലും നടക്കാൻ പരിശീലിപ്പിക്കലും ഇവിടെവച്ചാണ് നൽകുന്നത്.  63 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണം നടത്തുന്നത്.

Post a Comment

0 Comments