ഗെയില്‍: ജില്ലയിലെ പ്രവൃത്തികള്‍ ഡിസംബറില്‍ പൂര്‍ത്തിയാകും


മുക്കം: ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവച്ച നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതി കോഴിക്കോട് ജില്ലയില്‍ ഡിസംബര്‍ മാസത്തോടെ പൂര്‍ത്തിയാകുമെന്ന് സൂചന. ജില്ലയില്‍ 70 ശതമാനം പ്രവൃത്തി പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി 2500 ഓളം പേര്‍ക്ക് 65 കോടി രൂപ നഷ്ടപരിഹാരം നല്‍കിയതായും ഗെയില്‍ അവകാശപ്പെട്ടു. 2018 ജൂണില്‍ കമ്മിഷന്‍ ചെയ്യുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സമരങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നതോടെ പലയിടത്തും പ്രവൃത്തി തടസപ്പെടുകയായിരുന്നു. അപ്രതീക്ഷിതമായി എത്തിയ കാലവര്‍ഷവും പ്രവൃത്തി വൈകാന്‍ കാരണമായി.


ജില്ലയില്‍ 20 മീറ്റര്‍ വീതിയില്‍ 79 കിലോമീറ്റര്‍ ദൂരത്തിലാണു വാതക പൈപ്പുകള്‍ സ്ഥാപിക്കുന്നത്. ഇതില്‍ 17 കിലോമീറ്റര്‍ ദൂരമാണ് ഇനി ബാക്കിയുള്ളത്. ഇതു കഴിഞ്ഞയുടന്‍ പൈപ്പുകളെ ബന്ധിപ്പിച്ച് വാല്‍വുകള്‍ സ്ഥാപിക്കും. പിന്നീട് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും അദാനി ഗ്രൂപ്പും ചേര്‍ന്നാണ് വാതക വിതരണം നടത്തുക. പ്രവൃത്തികള്‍ തടസങ്ങളില്ലാതെ മുന്നോട്ടു പോയാല്‍ ഡിസംബറിനു മുന്‍പ് പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ഗെയില്‍ ഡി.ജി.എം എം. വിജു പറഞ്ഞു. ഇങ്ങനെയാണെങ്കില്‍ മാര്‍ച്ച് മാസത്തോടെ പദ്ധതി കമ്മിഷന്‍ ചെയ്യാം.

കാരശ്ശേരി, പുത്തൂര്‍, കൊടുവള്ളി, കോട്ടൂര്‍ പഞ്ചായത്തുകളിലും മുക്കം നഗരസഭയിലുമാണ് ഇപ്പോള്‍ പ്രവൃത്തി നടക്കുന്നത്. ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനായി പുത്തൂര്‍, ഉണ്ണികുളം, കോട്ടൂര്‍, ആയഞ്ചേരി എന്നിവിടങ്ങളില്‍ വാല്‍വ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഇതോടൊപ്പം കൊച്ചി -മംഗലാപുരം വരെയുള്ള പ്രധാന കേന്ദ്രങ്ങളെയും വാല്‍വ് സ്റ്റേഷനുകളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും തുടങ്ങിയിട്ടുണ്ട്. ഇതുകൂടി പൂര്‍ത്തിയായാല്‍ മാര്‍ച്ച് മാസത്തോടെ തന്നെ കമ്മിഷന്‍ ചെയ്യും. 90 ശതമാനം സ്ഥലങ്ങളിലും പദ്ധതിക്കെതിരേ എതിര്‍പ്പ് കുറഞ്ഞതും ഗെയില്‍ സമരസമിതി പൂര്‍ണമായും സമരത്തില്‍നിന്ന് പിന്‍മാറിയതും ഗെയിലിന് ആശ്വാസമായിട്ടുണ്ട്. കൊച്ചി മുതല്‍ കര്‍ണാടകയിലെ മംഗലാപുരം വരെ 437 കിലോ മീറ്റര്‍ ദൂരത്തിലാണ് പദ്ധതിക്കുവേണ്ടി പൈപ്പുകള്‍ സ്ഥാപിക്കുന്നത്. ആകെ 4250 കോടി രൂപയുടെ പദ്ധതിയാണിത്.

Post a Comment

0 Comments