കരിപ്പൂര്‍: സഊദി എയര്‍ലൈന്‍സ് ഷെഡ്യൂള്‍ അടുത്തയാഴ്ച്ചകോഴിക്കോട്: സഊദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ കരിപ്പൂര്‍-ജിദ്ദ, റിയാദ് വിമാന സര്‍വിസുകളുടെ ഷെഡ്യൂള്‍ അടുത്തയാഴ്ച്ചച്ച പുറത്തിറങ്ങും. പുതിയ സ്റ്റേഷന്‍ അനുവദിച്ചുള്ള ഉത്തരവ് രണ്ടു ദിവസത്തിനകമുണ്ടാകുമെന്നു സഊദി എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി. ഇതിനു ശേഷമാണ് ഷെഡ്യൂള്‍ ക്രമീകരിക്കുക. അടുത്ത മാസം ആദ്യത്തിലായിരിക്കും സര്‍വിസ് ആരംഭിക്കുക. തിരുവനന്തപുരം സര്‍വിസ് നിലനിര്‍ത്തിയാണ് കരിപ്പൂര്‍ സര്‍വിസ് പുനരാരംഭിക്കുന്നത്. സഊദി എയര്‍ലൈന്‍സിന്റെ എയര്‍ബസ് 330 വിമാനമാണ് ആദ്യഘട്ടത്തില്‍ സര്‍വിസിനെത്തിക്കുന്നത്. ഈ വിമാനത്തില്‍ 298 പേര്‍ക്കു സഞ്ചരിക്കാനാകും. യാത്രക്കാര്‍ക്കനുസരിച്ചു കാര്‍ഗോയും കൊണ്ടുപോകും. ആദ്യഘട്ടത്തില്‍ പകല്‍ സമയത്താണ് സര്‍വിസ് ക്രമീകരിക്കുന്നത്. കൊച്ചിയില്‍നിന്നുള്ള സര്‍വിസാണ് ഇതിനായി പിന്‍വലിക്കുക. കൊച്ചിയില്‍നിന്നു നിലവില്‍ 14 സര്‍വിസുകളാണ് നടത്തുന്നത്. കരിപ്പൂരില്‍ ആരംഭിക്കുന്നതോടെ കൊച്ചിയിലെ സര്‍വിസുകള്‍ ഏഴായി ചുരുങ്ങും.യാത്രക്കാര്‍ കൂടുതലുണ്ടാകുന്നപക്ഷം അധിക സര്‍വിസ് നടത്താനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ ഏഴു സര്‍വിസുകളാണ് കരിപ്പൂരില്‍നിന്നു നടത്തുക. ഇതില്‍ അഞ്ചെണ്ണം ജിദ്ദയിലേക്കും രണ്ടെണ്ണം റിയാദിലേക്കുമായിരിക്കും. സര്‍വിസ് നടത്താന്‍ രണ്ടു മാസം മുന്‍പ് അനുമതി ലഭിച്ചിരുന്നെങ്കിലും തിരുവനന്തപുരം സര്‍വിസിനെ ചൊല്ലിയാണ് കരിപ്പൂര്‍-ജിദ്ദ, റിയാദ് സര്‍വിസ് വൈകിയിരുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് 2017 ഒക്ടോബര്‍ മുതല്‍ 2020 വരെ ജിദ്ദയിലേക്കു സര്‍വിസ് നടത്താന്‍ സഊദി എയര്‍ലൈന്‍സിനു താല്‍ക്കാലിക അനുമതിയുണ്ട്. മലബാറിലെ എം.പിമാരുടെ ഇടപെടലിനെ തുടര്‍ന്നു തിരുവനന്തപുരം നിലനിര്‍ത്തിത്തന്നെ കരിപ്പൂരിനും അനുമതി നല്‍കുകയായിരുന്നു. വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി വെള്ളിയാഴ്ചയ്ക്കകം ലഭിക്കുമെന്നാണ് സൂചന. 2015 മെയ് മുതലാണ് കരിപ്പൂരില്‍നിന്നു സഊദി എയര്‍ലൈന്‍സ് സര്‍വിസ് പിന്‍വലിച്ചിരുന്നത്.

Post a Comment

0 Comments