കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 320 കിലോ നിരോധിത പുകയില പിടികൂടി


കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 320 കിലോഗ്രാം നിരോധിത പുകയില പിടിച്ചു. മൂന്ന് ലക്ഷത്തോളം രൂപ വില വരുന്ന പുകയിലയാണ് ആര്‍.പി.എഫും എക്സൈസും നടത്തിയ സംയുക്ത പരിശോധനയില്‍ പിടികൂടിയത്. ഗുജറാത്തിലെ പോര്‍ബന്തറില്‍ നിന്ന് തീവണ്ടിയില്‍ പാര്‍സലായാണ് നിരോധിത പുകയില കോഴിക്കോട്ട് എത്തിച്ചത്.



എണ്ണൂറ് ഗ്രാം വീതം തൂക്കമുള്ള നാനൂറ് പാക്കറ്റുകള്‍ പിടികൂടി. വിപണിയില്‍ മൂന്ന് ലക്ഷത്തോളം രൂപ വില വരുമിതിന്. 19262 പോര്‍ബന്തര്‍-കൊച്ചുവേളി എക്സ്പ്രസ് തീവണ്ടിയിലാണ് പാര്‍സല്‍ എത്തിയത്. സന്തോഷ് ഭായ് എന്ന ആള്‍ക്ക് വേണ്ടിയുള്ളതാണ് പാര്‍സല്‍. എന്നാല്‍ ഈ വിലാസം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ചെറുതായി നുറുക്കിയ പുകയില മണം മനസിലാക്കാതിരിക്കാനായി പ്രത്യേക തരത്തില്‍ പാക്ക് ചെയ്താണ് എത്തിയത്. രണ്ട് വേറിട്ട കൂട്ടുകളിലുള്ള പുകയിലയാണ് കോഴിക്കോട്ട് പിടികൂടിയത്. കമ്പനിയുടെ പേരോ മറ്റു വിവരങ്ങളോ ഇല്ലാത്ത പാക്കറ്റുകളില്‍ 97, 3 എന്നിങ്ങനെ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ വിവിധ ചെറുകിട കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യാനാണ് ഇത്തരത്തില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തിക്കൊണ്ട് വരുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ വ്യാപകമായി എത്തുന്ന പശ്ചാത്തലത്തില്‍ ആര്‍.പി.എഫും എക്സൈസും പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Post a Comment

0 Comments