കരിപ്പൂര്‍ - ദുബായ് വിമാനം 12 മണിക്കൂര്‍ വൈകി; വിമാനത്തിനുള്ളില്‍ പ്രതിഷേധവുമായി യാത്രക്കാര്‍‌



കരിപ്പൂര്‍: കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുള്ള ഏയര്‍ ഇന്ത്യ വിമാനം മണിക്കൂറുകള്‍ വൈകി. ഇതേ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചു. രാവിലെ 10.55 ന് പുറപ്പെടേണ്ടിയിരുന്ന 937 എയര്‍ ഇന്ത്യാ വിമാനം രാത്രി 10.30 ഓടെയാണ് യാത്ര തിരിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം 190 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. എഞ്ചിന്‍റെ സാങ്കേതിക തകരാറാണെന്നാണ് യാത്രക്കാരെ ആദ്യം അധികൃതര്‍ അറിയിച്ചത്. തകരാര്‍ പരിഹരിച്ച് പെട്ടെന്ന് തന്നെ യാത്രതിരിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഉച്ചയ്ക്ക് ഒരു മണികഴിഞ്ഞിട്ടും തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് വിമാനം റദ്ദാക്കി. യാത്രക്കാരെ ഹോട്ടലുകളിലേക്കും മാറ്റി.



അതിന് ശേഷം മുംബൈയില്‍ നിന്ന് മറ്റൊരു വിമാനം കൊണ്ടുവന്ന് യാത്രക്കാരെ 8 മണിയേടെ കൊണ്ടു പോകുമെന്ന് അറിയിച്ചു. എന്നാല്‍ 8 മണിമുതല്‍ രണ്ടര മണിക്കൂറോളം യാത്രക്കാരെ വിമാനത്താവളത്തിലിരുത്തുകയായിരുന്നു അധികൃതര്‍ ചെയ്തത്. വിമാനം വീണ്ടും വൈകുന്നതിന് കൃത്യമായ യാതൊരു കാരണവും പറയാന്‍ വിമാനാധികൃതര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് 10.30 ഓടെ വിമാനം യാത്രതിരിക്കുകയായിരുന്നു.


Post a Comment

0 Comments