ഐ-ലീഗ്:സെൽഫ് ഗോളിൽ സമനില പിടിച്ച് ഗോകുലം


കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ച് നടന്ന പുതിയ സീസണിലെ ആദ്യ  മത്സരത്തിൽ ആതിഥേയരായ ഗോകുലം കേരള എഫ് സിയും കരുത്തരായ കൊൽക്കത്ത മോഹൻ ബഗാനുമായുളള മത്സരം സമനിലയിൽ കലാശിച്ചു. ഒന്നാം പകുതിയിൽ ഒരു ഗോളിന്റെ ലീഡ് വഴങ്ങിയ ഗോകുലം രണ്ടാം പകുതിയിൽ സമനില ഗോൾ നേടി. നാൽപതാം മിനിറ്റിൽഉഗാണ്ടൻ താരം ഹെൻ​റി കിസ്സെക്കയാണ് ബഗാന്റെ ഗോൾ നേടിയത്. ഫ്രീകിക്കിൽ നിന്നായിരുന്നു ഹെൻ​റിയുടെ ഗോൾ.



രണ്ടാം പകുതിയിൽ ഒരു സമ്മർദത്തിനൊടുവിൽഉഗാണ്ടൻ താരം കിം കിമയുടെ കാലിൽ നിന്നു വീണ സെൽഫ് ഗോളാണ് ഗോകുലത്തിന് സമനില സമ്മാനിച്ചത്. പകരക്കാരൻ എസ്.രാജേഷ് നടത്തിയ ഒരു നീക്കമാണ് സെൽഫ് ഗോളിന് വഴിവച്ചത്. 51-ാം മിനിറ്റിൽ ഗനി നിഗമിനു പകരമാണ് രാജേഷ് ഇറങ്ങിയത്. ഹോം ഗ്രൗണ്ടിലായിരുന്നു മത്സരമെങ്കിലും പതിഞ്ഞ താളത്തിലായിരുന്നു ഗോകുലത്തിന്റെ തുടക്കം. ഈ അവസരം മുതലാക്കിയാണ് ബഗാൻ ആക്രമിച്ച് കളിച്ച് ലീഡ് നേടിയത്. എന്നാൽ, രണ്ടാം പകുതിയിൽ ഏതാനും സബ്സ്റ്റിറ്റ്യൂഷനുകളിലൂടെ ഗോകുലത്തിന്റെ കളി മാറി. എസ്. രാജേഷിന്റെ വരവ് ഗോകുലത്തിന് പുത്തൻ ഉണർവാണ് നൽകിയത്. രാജേഷ് എത്തിയതോടെ അര ഡസനോളം ആക്രമണങ്ങളാണ് ഗോകുലം നടത്തിയത്. ഇതിൽ ഒന്ന് ഗോളാവുകയും രണ്ടെണ്ണമെങ്കിലും ഗോളിനടുത്തെത്തുകയും ചെയ്തു. ഫിനിഷിങ്ങിലെ പോരായ്മയും ബഗാൻ ഗോളിയുടെ ഇ​ടപെടലുമാണ് ഗോൾ അകലാൻ കാരണം.

Post a Comment

0 Comments