സ്ത്രീവേഷം ധരിച്ച് മോഷണം: യുവാവ് അറസ്റ്റില്‍

രാജേഷ്

കോഴിക്കോട്: സ്ത്രീവേഷം ധരിച്ച് മോഷണം നടത്തുന്ന യുവാവ് പിടിയില്‍. നിരവധി മോഷണക്കേസുകളിലെ പ്രതിയായ കക്കോടി കോട്ടുപ്പാടം സ്വദേശി രാജേഷ് (31) ആണ് പിടിയിലായത്. ഭവനഭേദനത്തിനുള്ള ആയുധങ്ങളുമായി കാരപ്പറമ്പില്‍ വച്ച് വാഹനപരിശോധനയ്ക്കിടെയാണു നടക്കാവ് എസ്.ഐ എസ്. സജീവും സംഘവും ചേര്‍ന്നു പിടികൂടിയത്.

സിറ്റി പൊലിസ് കമ്മിഷണര്‍ കാളിരാജ് മഹേഷ്‌കുമാര്‍ ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം നോര്‍ത്ത് അസി. കമ്മിഷണര്‍ പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണു പ്രതി പൊലിസിന്റെ പിടിയിലാവുന്നത്. കുന്ദമംഗലം ചേരിഞ്ചാല്‍ റോഡിലെ പടിയത്ത് സുനീര്‍ എന്നയാളുടെ വീട്ടില്‍ കയറി ഉറങ്ങിക്കിടന്ന കുട്ടിയുടെയും അമ്മയുടെയും ആഭരണങ്ങള്‍ ഊരിയെടുത്തതും കുരുവട്ടൂര്‍ മച്ചക്കുളത്തെ തയ്യത്ത് മീത്തല്‍ അഹമ്മദ് കോയ എന്നയാളുടെ വീട്ടില്‍ കയറി ഒരുലക്ഷം രൂപയുടെ വിദേശ കറന്‍സികള്‍ മോഷ്ടിച്ചതും ഇയാളാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.



കഴിഞ്ഞവര്‍ഷം ചേവായൂരില്‍ നൈറ്റി ധരിച്ച് മോഷണത്തിനായി എത്തിയ ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. കാക്കൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് അടക്ക മോഷണം നടത്തിയതിനും ഇയാളുടെ പേരില്‍ കേസുകള്‍ നിലവിലുണ്ട്. രാത്രിയില്‍ വീടുകളിലെത്തി ഒളിഞ്ഞുനോട്ടം പതിവാക്കിയ ഇയാളെ അരീക്കോട്, എരഞ്ഞിക്കല്‍, കാക്കൂര്‍ തുടങ്ങി പല സ്ഥലങ്ങളിലും മോഷണശ്രമത്തിനിടെ നാട്ടുകാര്‍ പിടികൂടിയിട്ടുണ്ട്. പിടിക്കപ്പെടുന്ന എല്ലാ സ്ഥലത്തുനിന്നും ഒളിഞ്ഞുനോട്ടത്തിന് വന്നതായിരുന്നു എന്നുപറഞ്ഞ് രക്ഷപ്പെടുകയാണു പതിവ്.

കക്കോടി, കാക്കൂര്‍ മേഖലകളിലെ വീടുകളില്‍ പര്‍ദ്ദ ധരിച്ച് മോഷണത്തിനായി എത്തി ജനങ്ങളുടെ ഉറക്കം കെടുത്തിയത് ഇയാളാണെന്ന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. കാക്കൂര്‍, താമരശ്ശേരി എന്നിവിടങ്ങളില്‍ ഈ രീതിയില്‍ നടന്ന മോഷണങ്ങളുടെ വിവരങ്ങളില്‍ പൊലിസിനു സൂചന ലഭിച്ചിട്ടുണ്ട്. സമാനരീതിയിലുള്ള മോഷണങ്ങളെക്കുറിച്ച് അന്വേഷിച്ചുവരികയാണ്. നടക്കാവ് എസ്.ഐ എസ്. സജീവ്, എ.എസ്.ഐ സുനില്‍കുമാര്‍, സതീഷ് കുമാര്‍, നിമേഷ്, സബീഷ്, ബിജു, മുഹമ്മദ് ഷാഫി, സജി, അഖിലേഷ്, ഷാലു, പ്രപിന്‍, ജിനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ആള് വലിയ ‘തിരക്കഥാകൃത്താണ് ‘

മനസില്‍ കുറിച്ചുവച്ച തിരക്കഥയില്‍ രാത്രിയിലാണ് പലപ്പോഴും ചിത്രീകരണം നടക്കാറുള്ളത്. അതായത് വീടുകള്‍ നേരത്തെ കണ്ടെത്തി, കൃത്യമായ പ്ലാനിങ് നടത്തി രാത്രിയില്‍ മോഷണം നടത്തുകയാണ് ചെയ്യുന്നത്. മോഷണമുതലുകള്‍ വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് ആഡംബര കാറുകളിലും ഹാര്‍ലി ഡേവിഡ്‌സണ്‍ പോലുള്ള ബൈക്കുകളിലും സഞ്ചരിക്കുന്ന ഇയാള്‍ തിരക്കഥാകൃത്ത് ആണെന്നും തിരക്കഥ വിറ്റുകിട്ടുന്ന പണമാണു ചെലവഴിക്കുന്നത് എന്നുമാണ് ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്. മുന്‍പ് പിടിയിലായപ്പോള്‍ ബന്ധുക്കളോട് മദ്യപിച്ച് വീട് മാറിപ്പോയതാണെന്നും പൊലിസ് കള്ളക്കേസ് എടുത്തതാണെന്നും പറഞ്ഞ് പൊലിസിനെതിരേ വ്യാജപരാതികള്‍ നല്‍കിയിരുന്നു

ഇതാണ് മോഷണ രീതി

സ്ത്രീ വേഷം ധരിച്ച് സ്ത്രീകള്‍ക്കിടയില്‍ മോഷണം നടത്തുക, ആള്‍ത്താമസമുള്ള വീടുകളില്‍ അതിവിദഗ്ധമായി കളവു നടത്തുക, ഉറങ്ങിക്കിടക്കുന്നവരുടെ ശരീരത്തില്‍ നിന്ന് ആഭരണങ്ങള്‍ അഴിച്ചുമാറ്റുക തുടങ്ങിയ പല രീതികളുമാണ് ഇയാള്‍ സ്വീകരിക്കുന്നത്. തുറന്നിട്ട ജനലിലൂടെ കൈയിട്ട് ഡോര്‍ കം വിന്‍ഡോയുടെ ജനല്‍ ഗ്ലാസ് പൊട്ടിച്ച് അതുവഴി കൈയോ മറ്റു വസ്തുക്കളോ ഉപയോഗിച്ച് വാതില്‍തുറന്ന് ആളുകളുള്ള വീടുകളില്‍ വരെ മോഷണം നടത്തിയിട്ടുണ്ട് ഇയാള്‍. അലമാരയില്‍ സൂക്ഷിച്ച ആഭരണങ്ങള്‍ക്കു പുറമെ ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ശരീരത്തില്‍നിന്ന് ആഭരണങ്ങള്‍ അഴിച്ചെടുക്കുന്നതിലും വിദഗ്ധനാണ്.

Post a Comment

0 Comments