തിരുവനന്തപുരം: തിരുവനന്തപുരം - കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍വേ പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാറായി. പാരീസ് ആസ്ഥാനമായ സിസ്ട്ര കമ്പനിക്ക് 27 കോടി രൂപയ്ക്കാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത്. ഏഴ് മാസത്തിനകം കമ്പനി വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍.
കേരളത്തിലെ അതിവേഗ യാത്രയ്ക്ക് വലിയ അളവില്‍ പരിഹാരമായേക്കാവുന്നതാണ് നിര്‍ദ്ദിഷ്ട തിരുവനന്തപുരം - കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍പാത. നിലവില്‍ 12 മുതല്‍ 15 മണിക്കൂര്‍ വരെ യാത്രാ സമയം വേണ്ടിടത്ത് നാലര മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസര്‍കോട് എത്താന്‍ കഴിയുന്ന തരത്തിലുള്ളതാണ് പുതിയ പാത.
വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് വേണ്ടി സിസ്ട്ര പാരീസ് എന്ന കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ കൊടുത്തുകഴിഞ്ഞുവെന്നും ഏഴ് മാസത്തിനകം വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അധികൃതര്‍ പ്രതികരിച്ചു. ഡിസൈന്‍ സ്പീഡ് മണിക്കൂറില്‍ 180 കിലോമീറ്ററാണ്. ശരാശരി 125 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ ഓടിക്കാനാകുമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു. 575 കിലോമീറ്റര്‍ നീളത്തിലാണ് പുതിയ രണ്ട് പാതകള്‍ നിര്‍മിക്കേണ്ടത്. അഞ്ച് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന സെമി ഹൈസ്പീഡ് റെയില്‍പാതയ്ക്ക് 56,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
0 Comments