ഐ-ലീഗ്:കോഴിക്കോടിന്റെ മണ്ണിൽ നാളെ പന്തുരുളും; ഗോകുലം Vs മോഹൻബഗാൻ മത്സരം വൈകീട്ട് അഞ്ചിന്



കോഴിക്കോട്:കാൽപ്പന്തിനു ചുറ്റും കറങ്ങുന്ന ഐ ലീഗ് നാളുകൾക്ക് നാളെ അരങ്ങുണരുമ്പോൾ ആദ്യ ദിനം തന്നെ കോഴിക്കോടിന്റെ മണ്ണിലും തീ പാറും. രണ്ടാം സീസൺ ഐ ലീഗിൽ പോരാട്ടത്തിനിറങ്ങുന്ന ഗോകുലം കേരള എഫ്സി കൊൽക്കൊത്ത വമ്പൻമാരായ മോഹൻബഗാനുമായാണ് ഏറ്റുമുട്ടുന്നത്. ആദ്യ മൂന്നു സ്ഥാനങ്ങളിലൊന്നിൽ കണ്ണു വച്ച് മത്സരത്തിനിറങ്ങുന്ന ഗോകുലത്തിന് ആദ്യ മത്സരം എളുപ്പമാകില്ല.



അതേസമയം കരുത്തുറ്റ താരനിരയുമായി വരുന്ന മോഹൻബഗാനെ തകർത്താൽ ലീഗിൽ മുന്നോട്ടുള്ള പ്രയാണത്തിൽ ഗോകുലത്തിനത് ഊർജമാവും. മികച്ച ആക്രമണ നിരയാണ് ഇരു ടീമുകളുടെയും മുഖമുദ്ര. മധ്യനിരയും പ്രതിരോധവും ഒരു പോലെ ശക്തം. മുൻ ബ്ലാസ്റ്റേഴ്സ് താരം ജർമെയ്ൻ‌, നോർത്ത് ഈസ്റ്റ് താരം ഗ്വില്ലെർമോ എന്നിവരും ക്യാപ്റ്റൻ മൂസയുമാണ് ഗോകുലത്തിന്റെ വിദേശ എഞ്ചിനുകൾ. അതേ സമയം കഴിഞ്ഞ സീസണിൽ ഗോകുലത്തിനു വേണ്ടി ഗോളടിച്ചു കൂട്ടിയ ഹെൻ‌്റി കിസിക്കെയാണ് ബഗാൻ മുന്നേറ്റത്തിലെ തുറുപ്പു ചീട്ട്. മുൻ ബ്ലാസ്റ്റേഴ്സ് താരംമെഹ്താബ് ഹുസൈനും പരിചയസമ്പന്നനായ താരമാണ്. സ്റ്റാർ സ്പോർട്സ് ചാനൽ മത്സരം സംപ്രേഷണം ചെയ്യുന്നുണ്ട്.

വീണ്ടും കിസിക്കെ

കഴിഞ്ഞ സീസണിൽ ഗോകുലം മുന്നേറ്റങ്ങൾക്ക് ലക്ഷ്യബോധം പകർന്നത് ഹെൻ‌്റി കിസിക്കെയുടെ കാലുകളായിരുന്നു. ടീമിനെ ഏഴാം സ്ഥാനത്ത് എത്തിക്കാനും കിസിക്കെ പോരാടി. ഇത്തവണ പക്ഷേ കിസിക്കെ കോഴിക്കോടെത്തുന്നത് ബഗാൻ ജഴ്സിയിലാണ്. ഫുട്ബോൾ ലോകത്ത് ഇതെല്ലാം സാധാരണയാണെങ്കിലും കിസിക്കെ ഗോകുലത്തിനെതിരെ കളിക്കുമ്പോൾ ആരാധകരുടെ ഉള്ളൊന്നു നീറും.

പ്രതിരോധത്തിലെ വിള്ളലുകളും പോസ്റ്റിന്റെ ഓരോ ഒഴിഞ്ഞ മൂലയും കണ്ടെത്തി പന്തു നിക്ഷേപിക്കുന്നതിൽ വിദഗ്ധനായ കിസിക്കെ ഗോകുലത്തിനു ഭീഷണിയാവും.കഴിഞ്ഞ സീസണിൽ നിർത്തിയടത്തു നിന്നു തുടങ്ങാനാണ് കിസിക്കെയുടെ തീരുമാനമെങ്കിൽ പ്രതിരോധത്തിൽ ഡാനിയൽ അടോയ്ക്കും ഫാബ്രീഷിയോ ഒർട്ടിസിനും പണി കൂടും.

മിന്നിത്തിളങ്ങി സ്റ്റേഡിയം

ഒന്നുമില്ലാത്തിടത്തു നിന്ന് നിസാര കാലം കൊണ്ട് ആരും കൊതിക്കുന്ന ഫുട്ബോൾ മൈതാനമായി കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം മാറിക്കഴിഞ്ഞു. ചായമടിച്ചു ഭംഗിയാക്കി ഐ ലീഗ് ആരവത്തിനു കാതോർക്കാൻ വേദി ഒരുങ്ങി. മൈതാനത്തെ കുറിച്ചു കളിക്കാർക്കും നൂറു നാവാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ശാസ്ത്രീയമായ മാറ്റങ്ങൾ സ്റ്റേഡിയത്തിൽ വരുത്തിയിട്ടുണ്ട്. ആസ്വാദനത്തിനു കൂടുതൽ സൗകര്യമൊരുക്കുന്ന രീതിയിലാണ് മാറ്റങ്ങൾ വിഭാവനം ചെയ്തത്. ഗാലറിയും കളിപ്രതലവും എല്ലാം ഒന്നിനൊന്നു മെച്ചം. ശേഷം ശനിയാഴ്ച കളത്തിൽ കാണാം.

ഗോകുലം റെഡി

കപ്പ് നേടുക എന്ന ലക്ഷ്യത്തോടെയാണ് ഭാഷയറിയാത്ത സ്പാനിഷ് പരിശീലകൻ ഫെർണാണ്ടോ സാന്തിയാഗോ വലേറയെ മാറ്റി പഴയ പരിശീലകൻ കൂടിയായ ബിനോ ജോർജ് തിരിച്ചെത്തിയത്. സീസൺ മുഴുവൻ ഓരോ മികവോടെ കളിക്കുക എന്ന വെല്ലുവിളി ടീമിനെ ശീലിപ്പിച്ചെടുക്കുകയാണ് അദ്ദേഹത്തിന്റെ ആദ്യ ചുമതല. സുരക്ഷിതത്വത്തെ കരുതി ടീമിൽ ഉൾപ്പെടുത്താവുന്ന പരമാവധി താരങ്ങളെ ഐ ലീഗിൽ റജിസ്റ്റർ ചെയ്തിട്ടില്ല. പരുക്ക് വില്ലനായാൽ പുതിയ താരങ്ങളെ ഉൾക്കൊള്ളിക്കാനുള്ള സൗകര്യത്തിനാണ് ഈ നടപടി. കഴിഞ്ഞ സീസണിൽ പറ്റിയ തെറ്റുകൾ പരിഹരിച്ചാണ് ടീമിന്റെ മുന്നേറ്റം.

ആദ്യ ഇലവൻ

ഓരോ സ്ഥാനത്തേക്കും കടുത്ത മത്സരം നടക്കുന്നുണ്ട്. വിദേശ താരങ്ങളുടെ സ്ഥാനം പോലും ഉറപ്പില്ലാത്ത സ്ഥിതിയാണ്. അത്ര മികച്ച കളിയാണ് ഇന്ത്യൻ താരങ്ങളുടേത്. ആക്രമണ വേഗം കഴിഞ്ഞ സീസണിലേക്കാൾ കൂടുതലായിരിക്കുമെന്ന് ഉറപ്പിക്കാം. മധ്യനിരയും പ്രതിരോധവും സ്ഥിരത പുലർത്തുന്ന കളിക്കാരാണ്.

നല്ല രീതിയിൽ മധ്യനിര കളിമെനഞ്ഞാൽ ഒരു ശൈലിയും നോക്കാതെ ഗോളടിക്കാൻ ജർമെയ്നു സാധിക്കും. മുന്നേറ്റത്തിൽ ഒറ്റയാനാണ് അയാൾ. അക്ഷരാർഥത്തിൽ ഗോൾദാഹിയായ സ്ട്രൈക്കർ. ഇനി പാർശ്വത്തിൽ നിയോഗിച്ചാൽ ഇത്ര മികച്ച വിങ്ങറെ ലഭിക്കാൻ ഏതു ടീമും കൊതിക്കും. ‌

ടിക്കറ്റ്

ടിക്കറ്റ് സ്റ്റേഡിയത്തിലും ഗോകുലത്തിന്റെ ബ്രാഞ്ചുകളിലും ടിക്കറ്റ് ലഭ്യമാണ്. ഓൺലൈനിൽ www.insider.in എന്ന വെബ്സൈറ്റിൽ നിന്നും ടിക്കറ്റ് സ്വന്തമാക്കാം.

Post a Comment

0 Comments